Kerala
മുഖ്യമന്ത്രിയുടെ മകന് ഇ ഡി അയച്ച നോട്ടീസ് ആകാശത്ത് പറന്ന് നടക്കുന്നു: സണ്ണി ജോസഫ്
ശബരിമല സ്വര്‍ണക്കൊള്ള മുന്‍നിര്‍ത്തി സി പി എമ്മിനെ ജനങ്ങളുടെ മുന്നില്‍ വിചാരണ ചെയ്യും.
പത്തനംതിട്ട | മുഖ്യമന്ത്രിയുടെ മകന് ഇ ഡി അയച്ച നോട്ടീസ് ആകാശത്ത് പറന്ന് നടക്കുകയാണെന്ന് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് എം എല്‍ എയുടെ പരിഹാസം. പത്തനംതിട്ടയില്‍ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ശബരിമല സ്വര്‍ണക്കൊള്ള മുന്‍നിര്‍ത്തി സി പി എമ്മിനെ ജനങ്ങളുടെ മുന്നില്‍ വിചാരണ ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
എസ് ഐ ടി പ്രതികളെ സംരക്ഷിക്കുകയും പ്രതികള്‍ക്ക് സല്യൂട്ട് ചെയ്യുകയുമാണ്. ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം മനപ്പൂര്‍വം നീട്ടിക്കൊണ്ടുപോകുന്നു. നഷ്ടപ്പെട്ട സ്വര്‍ണം എത്രയാണെന്ന് അറിയില്ല. കവര്‍ന്ന സ്വര്‍ണം ആര്‍ക്ക് വിറ്റു എന്നും പറയുന്നില്ല. ഇന്നലെ ഹൈക്കോടതി പറഞ്ഞതില്‍ നിന്ന് കേസില്‍ കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം പ്രസിഡന്റുമാരായ എ പത്മകുമാറും വാസുവുമെല്ലാം അകത്താണ്. ഇത്തരം ഗൗരവമുള്ള സംഭവങ്ങളില്‍ പാര്‍ട്ടി നടപടിയെ കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ല. മാത്രമല്ല, പ്രതികള്‍ക്ക് പാര്‍ട്ടിയുടെ രക്ഷാ കവചം ഒരുക്കുകയും ചെയ്യുന്നു. പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ കൈയാങ്കളി നടത്തുകയും പാര്‍ട്ടിയെ വെല്ലുവിളിച്ച് സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തയാളാണ് പത്മകുമാര്‍. ഇതെല്ലാമായിട്ടും പത്മകുമാറിനെതിരെ നടപടിയില്ല.
തിരഞ്ഞെടുപ്പിനു മുമ്പു തന്നെ മുഖ്യമന്ത്രി പരാജയം സമ്മതിച്ചു കഴിഞ്ഞു. ഇന്നത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് അത് വ്യക്തമാണെന്നും കെ പി സി സി അധ്യക്ഷന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ചരിത്ര വിജയം നേടുമെന്നും കെ പി സി സി അധ്യക്ഷന്‍ അവകാശപ്പെട്ടു. പത്തനംതിട്ട പ്രസ്സ് ക്ലബ് പ്രസിഡന്റ് ബിജു കുര്യന്‍ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, പ്രസ്സ് ക്ലബ് സെക്രട്ടറി എ വിശാഖന്‍ സന്നിഹിതരായിരുന്നു.




