local body election 2025
മലയോരമേഖലകളിലെ വന്യമൃഗശല്യം; ആയുധമാക്കി മുന്നണികള്‍
273 പഞ്ചായത്തുകളിലും വന്യമൃഗശല്യം രൂക്ഷം
പാലക്കാട് | തദ്ദേശ തിരഞ്ഞെടുപ്പില്‍ മലയോരമേഖലകളില്‍ വന്യമൃഗ സംഘര്‍ഷം പ്രധാന രാഷ്ട്രീയ വിഷയമായി മാറുന്നു. മുന്‍കാലങ്ങളില്‍ ഒറ്റപ്പെട്ട സംഭവങ്ങളാണ് റിപോര്‍ട്ട് ചെയ്‌തതെങ്കില്‍ നിലവില്‍ 273 പഞ്ചായത്തുകളിലും വന്യമൃഗശല്യം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടുകയാണ്. ഇതില്‍ 30ഓളം പഞ്ചായത്തുകള്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് വനംവകുപ്പ് തന്നെ സമ്മതിക്കുന്നുണ്ട്. ഓരോ സ്ഥലത്തും വ്യത്യസ്ത വന്യമൃഗശല്യം നേരിടുന്നതിനാല്‍ തനതായ പരിഹാരം കണ്ടെത്തേണ്ടതും അധികൃതരെ കുഴക്കുകയാണ്.
വോട്ട് തേടി ഇത്തരം തദ്ദേശസ്ഥാപനങ്ങളില്‍ പോകുന്നവര്‍ക്ക് വന്യമൃഗശല്യം വെല്ലുവിളി ഉയര്‍ത്തുകയാണെന്നാണ് റിപോര്‍ട്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ കര്‍ഷകര്‍ നേരിടുന്നത് മലബാര്‍ ഭീമന്‍ അണ്ണാന്‍, കാട്ടുപന്നികള്‍ എന്നിവയാണ്. ഇവ ഏലം, റബ്ബര്‍, പഴത്തോട്ടങ്ങള്‍ എന്നിവ വ്യാപകമായി നശിപ്പിക്കുന്നതായാണ് കര്‍ഷകര്‍ പരാതിപ്പെടുന്നത്. പാലക്കാട് സ്ഥിതി അതീവ ഗുരുതരമാണ്.
കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ കൃഷിയിടങ്ങള്‍ക്ക് മാത്രമല്ല മനുഷ്യജീവനും കൂടി ഭീഷണിയായാണ് മലയോരമേഖലകളിലടക്കം വിഹരിക്കുന്നത്. പാലക്കാട്, തൃശൂര്‍, കാസർകോട് എന്നിവിടങ്ങളില്‍ മയിലുകളും വ്യാപകമായി കൃഷിനാശം വരുത്തുന്നുണ്ട്്. വന്യമൃഗശല്യം മൂലം പല കര്‍ഷകരും കൃഷി ഉപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. മലയോരമേഖലകളില്‍ സംസ്ഥാന രാഷ്ട്രീയവും വിവാദങ്ങളും ഉപേക്ഷിച്ച് വന്യമൃഗശല്യം പരിഹരിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളിലെ വീഴ്ച പ്രതിപക്ഷം ആയുധമാക്കുമ്പോള്‍ നടപ്പാക്കിയ പദ്ധതികള്‍ എണ്ണമിട്ട് നിരത്തിയാണ് ഭരണപക്ഷം പ്രതിരോധിക്കുന്നത്. വന്യമൃഗശല്യത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികൾ സ്വീകരിച്ച് വരുന്നതായി കെ ബാബു എം എല്‍ എ അറിയിച്ചു.
വന്യമൃഗശല്യം രൂക്ഷമായ നെല്ലിയാമ്പതിയിലും പറമ്പിക്കുളത്തും ജനങ്ങള്‍ ആവശ്യപ്പെട്ട ഉടനെ അടിയന്തര സാഹചര്യം നേരിടുന്നതിന് ദ്രുതകര്‍മസേനയെ വിന്യസിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ പ്രവര്‍ത്തനത്തിനായി രണ്ട് കോടി അനുവദിച്ചതായും എം എല്‍ എ അറിയിച്ചു. വന്യമൃഗശല്യം തടയാന്‍ വനാതിര്‍ത്തികളില്‍ വൈദ്യുതി വേലിയും സ്ഥാപിച്ചിട്ടുണ്ട്. കാട്ടാനകള്‍ ഇറങ്ങുന്നുണ്ടെങ്കിലും സമീപകാലത്ത് യാതൊരു നാശവും വരുത്തിയിട്ടില്ല.
കേന്ദ്രസര്‍ക്കാറിന്റെ വന്യമൃഗസംരക്ഷണ നിയമത്തിലെ വികലമായ നയമാണ് സംസ്ഥാനം നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു. അതേസമയം, ബി ജെ പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാറും സംസ്ഥാനത്തെ ഇടത് സര്‍ക്കാറും വന്യമൃഗശല്യത്തിന് ഒരുപോലെ ഉത്തരവാദികളാണെന്നാണ് കോണ്‍ഗ്രസ്സ് ആരോപിക്കുന്നത്. ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കാതെ കര്‍ഷകരെയും മലയോര മേഖലയിലെ ജനങ്ങളെയും ദുരന്തമുഖത്തേക്ക് വലിച്ചെറിഞ്ഞ് കൊടുത്തിരിക്കുകയാണെന്നും കോണ്‍ഗ്രസ്സ് ആരോപിച്ചു. സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന മരണവും കൃഷിനാശവും സര്‍ക്കാറിന്റെ പരാജയത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നാണ് ബി ജെ പിയുടെ ആരോപണം. ഇടത് ഭരണത്തിന്റെ രണ്ട് കാലയളവിലും നിരവധി പേരാണ് വന്യമൃഗ ആക്രമണത്തില്‍ മരിച്ചത്. പക്ഷേ, ശാശ്വത പരിഹാരങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും ബി ജെ പി ചൂണ്ടിക്കാട്ടി.



