Articles
എന്തുകൊണ്ട് ഉത്തരാഖണ്ഡ്?
ഉത്തരാഖണ്ഡിൽ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ കാരണം തേടിയുള്ള അന്വേഷണം ഹിമാലയ മേഖലകളുടെ ഭൂമിശാസ്ത്രപരമായ ദൗർബല്യങ്ങളിലും മനുഷ്യനിർമിത പാരിസ്ഥിതിക മാറ്റങ്ങളിലുമാണ് ചെന്നെത്തുക. ആഗോള താപനവും അത് മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും മഴയുടെ ഘടനയിൽ വന്ന മാറ്റങ്ങളും ദുരന്തങ്ങളുടെ പ്രധാന കാരണങ്ങളാണ്.

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. ഖീർഗംഗാ നദിയിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ ധരാലി എന്ന ഗ്രാമം ഒന്നാകെ ഒലിച്ചുപോകുകയാണുണ്ടായത്. എത്ര പേർ ദുരന്തത്തിൽപ്പെട്ടെന്നോ, അവശിഷ്ടങ്ങൾക്കിടയിൽ കാണാതായെന്നോ ഇപ്പോഴും സ്ഥിരീകരീകരിക്കാനായിട്ടില്ല. പത്തിലേറെ സൈനികരടക്കം നൂറിലേറെ പേരെ കാണാതായിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപോർട്ടുകൾ. ഇതിനകം അഞ്ച് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. മരണനിരക്ക് ഇനിയുമുയരാനുള്ള സാധ്യതയേറെയാണ്. കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളുമുണ്ടെന്ന വാർത്ത നമ്മെ കൂടുതൽ ആശങ്കപ്പെടുത്തുന്നു.
ഹിമാലയൻ മലനിരകളിലെ ഭാഗീരഥി പരിസ്ഥിതിലോല മേഖലയിലെ പ്രദേശമാണ് ധരാലി. സമുദ്രനിരപ്പിൽ നിന്ന് 8,600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. ഒരു മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്ററിൽ കൂടുതൽ തീവ്രമായ മഴ പെയ്യുന്ന പ്രതിഭാസത്തെയാണ് മേഘവിസ്‌ഫോടനം എന്ന് വിളിക്കുന്നത്.ഇത്തരം സ്ഥലങ്ങളിൽ നിമിഷങ്ങൾ കൊണ്ട് വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലുമുണ്ടാകും. മിന്നൽ പ്രളയത്തിന് വരെ സാധ്യതയേറെയാണ്. അത്തരമൊരു ദുരന്തത്തിനാണ് ധരാലി സാക്ഷ്യം വഹിച്ചത്.
ഭൂമിശാസ്ത്രപരമായി ലോകത്തെ തന്നെ ഏറ്റവും ദുർബലമായ മേഖലകളിലൊന്നാണ് ഹിമാലയം. ഉത്തരാഖണ്ഡ് ഒരു ഹിമാലയ സംസ്ഥാനമാണ്. അവിടെ പതിറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്ന പ്രതിഭാസത്തിന്റെ ഒരു തുടർച്ച മാത്രമാണ് ധാരാലിയിൽ സംഭവിച്ചത്. 2015ന് ശേഷം മാത്രം സംസ്ഥാനത്ത് നൂറിലേറെ മിന്നൽ പ്രളയങ്ങളും ഉരുൾപ്പൊട്ടലുകളുമുണ്ടായിട്ടുണ്ട്. 2013 ജൂണിൽ കേദാർനാഥിലുണ്ടായ മേഘ വിസ്‌ഫോടനം രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണ്. വിനാശകരമായ പ്രളയത്തിൽ കേദാർനാഥ് തീർഥാടകരടക്കം ആയിരക്കണക്കിന് ആളുകൾ മരിച്ചു. മരിച്ചവരുടെ എണ്ണം ആറായിരത്തിലേറെ വരും. താഴ്്വരയിൽ കുടുങ്ങിക്കിടന്ന ലക്ഷക്കണക്കിനാളുകളെയാണ് അതിശക്തമായ രക്ഷാപ്രവർത്തനത്തിലൂടെ അന്ന് രക്ഷപ്പെടുത്തിയത്. 2016ലെയും 2020ലെയും കാട്ടുതീയിൽ ആയിരക്കണക്കിന് ഹെക്ടർ വനമേഖല ഉത്തരാഖണ്ഡിൽ മാത്രം കത്തിനശിച്ചു.
2021 ഫെബ്രുവരിയിലുണ്ടായ ചമോലി വെള്ളപ്പൊക്കം ഇരുനൂറിലധികം ജീവനുകളാണെടുത്തത്. സമീപത്തെ റോണ്ടി കൊടുമുടിയിൽ നിന്നുള്ള മഞ്ഞുമലയിടിച്ചിലിനെത്തുടർന്ന് മഞ്ഞുപാളികൾ ഉരുകി വെള്ളപ്പൊക്കമായി രൂപപ്പെടുകയാണുണ്ടായത്. ഉത്തരാഖണ്ഡിലെത്തന്നെ ജ്യോഷിമഠിൽ ഭുമിയുടെ ഉപരിതലം ക്രമേണ താഴ്ന്ന് കൊണ്ടിരിക്കുകയാണ്.
2023 ജനുവരി മാസത്തിൽ പന്ത്രണ്ട് ദിവസത്തിനിടെ മാത്രം ഭൂമി താഴ്ന്നത് 5.4 സെന്റിമീറ്ററായിരുന്നു. 2022 ഡിസംബറിനും 2024 ഡിസംബറിനും ഇടയിൽ ജോഷിമഠിന്റെ ചില ഭാഗങ്ങൾ 30 സെന്റീമീറ്ററിലധികം താഴ്ന്നിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 2024 ജൂൺ 23നും ജൂലൈ പത്തിനുമിടയിൽ മാത്രം സംസ്ഥാനത്ത് 1,521 മണ്ണിടിച്ചിലുകൾ റിപോർട്ട് ചെയ്തിട്ടുണ്ട്.
ഉത്തരാഖണ്ഡിൽ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ കാരണം തേടിയുള്ള അന്വേഷണം ഹിമാലയ മേഖലകളുടെ ഭൂമിശാസ്ത്രപരമായ ദൗർബല്യങ്ങളിലും മനുഷ്യനിർമിത പാരിസ്ഥിതിക മാറ്റങ്ങളിലുമാണ് ചെന്നെത്തുക.ആഗോള താപനവും അത് മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും മഴയുടെ ഘടനയിൽ വന്ന മാറ്റങ്ങളും ഈ ദുരന്തങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്.
ഹിമാലയത്തിലെ കുത്തനെയുള്ള ചരിവുകൾ ചൂടുള്ളതും ഈർപ്പം നിറഞ്ഞതുമായ വായുവിനെ വേഗത്തിൽ മുകളിലേക്കുയർത്തുകയും തീവ്രമായ മേഘ രൂപവത്കരണത്തിനും ശക്തമായ മഴക്കും സാഹചര്യമൊരുക്കുകയും ചെയ്യുന്നു. അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും എത്തുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റ് ഹിമാലയൻ മേഖലകളിലേക്ക് കൊണ്ടുവരുന്ന കനത്ത ഈർപ്പത്തിന് ഹിമാലയൻ താഴ്്വാരങ്ങളിൽ ചിതറിക്കിടക്കാൻ ഇടം ലഭിക്കാതിരിക്കുന്നതോടെ അത് കവിഞ്ഞൊഴുകാനും വെള്ളപ്പൊക്കമായി രൂപാന്തരപ്പെടാനും തുടങ്ങും. പ്രവചനാതീതമായ മൺസൂൺ, കാറ്റിന്റെ ഘടനയിൽ വന്ന മാറ്റങ്ങൾ തുടങ്ങിയവ ദുരന്തത്തിന്റെ ആക്കം കൂട്ടുന്നു.
നിർമാണ പദ്ധതികളുടെ അശാസ്ത്രീയത ഉത്തരാഖണ്ഡ് നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്.റോഡുകൾ, ഡാമുകൾ, കെട്ടിടങ്ങൾ എന്നിവയുടെ അനിയന്ത്രിതമായ നിർമാണങ്ങൾ പ്രദേശത്തിന്റെ സ്വാഭാവിക ഡ്രെയിനേജ് സംവിധാനങ്ങളെ തടസ്സപ്പെടുത്തുകയും നീരൊഴുക്കിനും വെള്ളപ്പൊക്കത്തിനും വഴിയൊരുക്കുകയും ചെയ്യുന്നു. വനനശീകരണവും ഭൂവിനിയോഗത്തിലെ മാറ്റവും മണ്ണിന്റെ സ്ഥിരതയില്ലാതാക്കുകയും മഴവെള്ളത്തെ ആഗിരണം ചെയ്യാനുള്ള പ്രകൃതിയുടെ സ്വാഭാവിക ശേഷിയെ കുറക്കുകയും ചെയ്തു. ടൂറിസം വർധിച്ചതോടെ സന്ദർശകരുടെ എണ്ണം വർധിക്കുകയും അവർക്ക് താമസമൊരുക്കുന്നതിനായി പരിസ്ഥിതി ലോല പ്രദേശങ്ങളിൽ റിസോർട്ടുകളും ലോഡ്ജുകളും മുളച്ചുപൊന്തുകയും ചെയ്തു. 2023ൽ മാത്രം അമ്പത്തിയാറ് ലക്ഷത്തിലേറെപ്പേരാണ് ചാർധാം സന്ദർശിച്ചതെന്നാണ് കണക്കുകൾ.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ദേശിയ ദുരന്തനിവാരണ സേന, ഐ ഐ ടി റൂർക്കി, ഗർവാൾ യൂനിവേഴ്‌സിറ്റി, ഡെറാഡൂണിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ശാസ്ത്രീയ നിർദേശങ്ങളെയെല്ലാം പലഘട്ടങ്ങളിലായി സംസ്ഥാനം ലംഘിക്കുകയാണുണ്ടായത്. കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീർഥാടന കേന്ദ്രങ്ങളിൽ എളുപ്പം എത്തിച്ചേരാവുന്ന “ചാർധാം ഹൈവേ’ നിർമാണപദ്ധതി അതിനൊരുദാഹരണമാണ്. ഈ സ്ഥലങ്ങളിലേക്കുള്ള ഏഴോളം റോഡുകളുടെ വീതി പത്ത് മീറ്ററോളം കൂട്ടുകയും അവയെല്ലാം രണ്ട് വരിപ്പാതയാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. പദ്ധതിയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെ സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്തെ മുന്നേറ്റം മാത്രം ലക്ഷ്യവെച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്.
പരിസ്ഥിതി പഠന റിപോർട്ട് തയ്യാറാക്കിയ വിദഗ്ധരിൽ ചിലർ ഈ പദ്ധതിയെ എതിർത്തെങ്കിലും മറ്റു ചിലർ സർക്കാറിനെ അനുകൂലിച്ചു. അതിനിടെ, പദ്ധതിക്ക് ഹരിത ട്രൈബ്യൂണലിന്റെ അനുമതിയും ലഭിച്ചു. പക്ഷേ പാരിസ്ഥിതിക പ്രശ്‌നങ്ങളുന്നയിച്ച് പദ്ധതി വീണ്ടും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. തുടർന്ന് നടന്ന ചർച്ചകളിൽ രാജ്യസുരക്ഷ സംബന്ധിച്ച വാദങ്ങളായിരുന്നു സർക്കാർ സുപ്രീം കോടതിയിൽ ഉന്നയിച്ചത്. ചൈനയുമായുള്ള അതിർത്തിപ്രദേശത്തേക്ക് ദ്രുതഗതിയിൽ എത്താൻ പറ്റുന്ന പാത സായുധസേനക്ക് അനിവാര്യമാണെന്ന സർക്കാറിന്റെ വാദം സുപ്രീം കോടതി ശരിവെച്ചതോടെ “ചാർധാം’ ഹൈവേ നിർമാണം ദ്രുതഗതിയിലായി.
പാരിസ്ഥിതികാഘാതങ്ങൾ പഠിക്കാതെ പരിസ്ഥിതി നിയമങ്ങൾ പാലിക്കാതെ ഖനനവും നിർമാണവും തുടർന്നതിന്റെ ഫലമാണ് വലിയൊരളവോളം ഉത്തരാഖണ്ഡ് ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. ഭൗമ ശാസ്ത്ര പഠനങ്ങളെ മുൻനിർത്തി പ്രദേശത്തിന്റെ പാരിസ്ഥിതിക ദൗർബല്യം തിരിച്ചറിഞ്ഞുള്ള പദ്ധതികൾ മാത്രമേ ഇനി ആവിഷ്‌കരിക്കാവൂ. ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന നടപടികളിൽ നിന്ന് വിട്ട് നിൽക്കണം. പാരിസ്ഥിതിക സന്തുലിതാവസ്ഥയെ അസ്ഥിരപ്പെടുത്തുന്ന നിർമാണ വികസന പ്രവർത്തനങ്ങൾ നിർത്തിവെച്ച് പ്രകൃതിദുരന്തങ്ങളുടെ പ്രത്യാഘാതങ്ങളെ ലഘൂകരിക്കുക മാത്രമാണ്
പോംവഴി.