National
ആര്‍ ജെ ഡി ബിഹാറില്‍ അധികാരത്തിലെത്തിയാല്‍ വഖഫ് നിയമ ഭേദഗതി ചവറ്റുകുട്ടയിലെറിയും: തേജസ്വി യാദവ്
തന്റെ പിതാവ് ലാലു പ്രസാദ് യാദവ് ഒരിക്കലും വര്‍ഗീയശക്തികളുമായി സന്ധി ചെയ്തിട്ടില്ല
പട്‌ന | തന്റെ പിതാവ് ലാലു പ്രസാദ് യാദവ് ഒരിക്കലും വര്‍ഗീയശക്തികളുമായി സന്ധി ചെയ്തിട്ടില്ലെന്നും ആര്‍ജെ ഡി ബിഹാറില്‍ അധികാരത്തിലെത്തിയാല്‍ വഖഫ് നിയമ ഭേദഗതി ചവറ്റുകുട്ടയിലെറിയുമെന്നും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും ആര്‍ ജെ ഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു.
കതിഹാര്‍, കിഷന്‍ഗഞ്ച്, അരാരിയ ജില്ലകളിലെ തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുകയായിരുന്നു തേജസ്വി. ബിഹാറില്‍ 20 വര്‍ഷമായി നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി ഇരിക്കുന്നു. നിതീഷ് കുമാര്‍ എപ്പോഴും ആര്‍ എസ് എസുമായി സഖ്യം ഉണ്ടാക്കിയിരുന്നു.11 വര്‍ഷമായി മോദി കേന്ദ്രം ഭരിക്കുന്നു. എന്നിട്ടും ബിഹാറിലെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ അവര്‍ക്കായിട്ടില്ലെന്നും തേജസ്വി തുറന്നടിച്ചു.
സംസ്ഥാനത്ത് ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്ക് ആനുകൂല്യങ്ങള്‍ ഇരട്ടിയാക്കും. പഞ്ചായത്തുകളിലെയും ഗ്രാമ കോടതികളിലേയും പ്രതിനിധികള്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. പൊതുവിതരണ ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരുടെ ആനുകൂല്യവും വര്‍ധിപ്പിക്കുമെന്നും തേജസ്വി യാദവ് പ്രഖ്യാപിച്ചു. മണ്‍പാത്ര നിര്‍മാണം, കൊല്ലപ്പണി, മരപ്പണി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ ഉപജീവനമാര്‍ഗങ്ങള്‍ വിപുലീകരിക്കാനായി അഞ്ച് ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കും.
നവംബര്‍ ആറ്, 11 തിയതികളിലായി രണ്ട് ഘടങ്ങളായാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. 14നാണ് വോട്ടെണ്ണല്‍. ആര്‍ ജെ ഡിക്കൊപ്പം കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, സഹാനിയുടെ വി ഐ പി എന്നിവയാണ് മഹാസഖ്യത്തില്‍ അണിനിരക്കുന്നത്.




