Connect with us

International

പാകിസ്ഥാനുമായുള്ള ബന്ധം ഇന്ത്യയുമായുള്ള സൗഹൃദത്തിന് കോട്ടം വരുത്തില്ല: യു എസ് വിദേശകാര്യ സെക്രട്ടറി

ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ വെല്ലുവിളികളെക്കുറിച്ചും തങ്ങൾ പൂർണ്ണമായി ബോധവാന്മാരാണ്. എന്നാൽ സാധ്യമായ രാജ്യങ്ങളുമായി പങ്കാളിത്തത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുക എന്നതാണ് തങ്ങളുടെ ജോലിയെന്നും റൂബിയോ

Published

|

Last Updated

ദോഹ | പാകിസ്ഥാനുമായുള്ള തന്ത്രപരമായ ബന്ധം വിപുലീകരിക്കാൻ യു എസ്‌ ശ്രമിക്കുന്നുണ്ടെങ്കിലും അത് വാഷിംഗ്ടണിന് ഇന്ത്യയുമായുള്ള ബന്ധത്തിന് കോട്ടം വരുത്തില്ലെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഇന്ത്യയ്ക്ക് യു എസുമായി ബന്ധമില്ലാത്ത രാജ്യങ്ങളുമായി ബന്ധമുള്ളത് പോലെ തിരിച്ചും ബാധകമാണെന്ന് ദോഹയിലേക്കുള്ള വിമാനത്തിൽ വെച്ച് റൂബിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇത് പക്വവും പ്രായോഗികവുമായ വിദേശനയത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആഴമേറിയതും ചരിത്രപരവും പ്രധാനപ്പെട്ടതുമായ, ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധത്തിനോ സൗഹൃദത്തിനോ കോട്ടം വരുത്തുന്ന ഒന്നും തങ്ങൾ പാകിസ്ഥാനുമായി ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ വെല്ലുവിളികളെക്കുറിച്ചും തങ്ങൾ പൂർണ്ണമായി ബോധവാന്മാരാണ്. എന്നാൽ സാധ്യമായ രാജ്യങ്ങളുമായി പങ്കാളിത്തത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുക എന്നതാണ് തങ്ങളുടെ ജോലിയെന്നും റൂബിയോ പറഞ്ഞു. “ഭീകരതയെ നേരിടുന്നതിനും മറ്റുമുള്ള കാര്യങ്ങളിൽ പാകിസ്ഥാനുമായി ഞങ്ങൾക്ക് ദീർഘകാല പങ്കാളിത്തമുണ്ട്. സാധ്യമെങ്കിൽ അതിനപ്പുറത്തേക്ക് അത് വികസിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും റൂബിയോ കൂട്ടിച്ചേർത്തു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കീഴിൽ യു എസ്‌ പാകിസ്ഥാനോട് കൂടുതൽ അടുക്കാൻ ശ്രമിച്ചത് ഇന്ത്യയെ അലോസരപ്പെടുത്തുകയും ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തിൽ അകൽച്ചയുണ്ടാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റൂബിയോയുടെ പ്രതികരണം.

ട്രംപിനൊപ്പം ആസിയാൻ (ASEAN) ഉച്ചകോടിയിൽ പങ്കെടുക്കാൻ ഞായറാഴ്ചയാണ് റൂബിയോ മലേഷ്യയിൽ എത്തിയത്. മോദി ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാതിരുന്നത് യു എസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത ഒഴിവാക്കി.

---- facebook comment plugin here -----

Latest