Kerala
കൈക്കൂലി; വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥ അറസ്റ്റില്‍
തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് പാനൂര്‍ ചെണ്ടയാട് സ്വദേശി മഞ്ജിമ പി രാജുവിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയത് 6,000 രൂപ.
തലശ്ശേരി | കൈക്കൂലി കേസില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് അറസ്റ്റില്‍. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് പാനൂര്‍ ചെണ്ടയാട് സ്വദേശി മഞ്ജിമ പി രാജുവിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
ഇലക്ട്രിക്കല്‍ ബി ക്ലാസ് കോണ്‍ട്രാക്ടര്‍ ലൈസന്‍സ് അനുവദിക്കാന്‍ 6,000 രൂപ കൈക്കൂലി വാങ്ങിയെന്ന കണ്ണൂര്‍ പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. തലശ്ശേരി വിജിലന്‍സ് കോടതിയുടെ ചുമതലയുള്ള തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി (നാല്) മുമ്പാകെ ഹാജരാക്കിയ മഞ്ജിമയെ കണ്ണൂര്‍ വനിതാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായി ജോലി നോക്കുന്നതിന് ബി ക്ലാസ് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ ലൈസന്‍സിന് 2025 ഡിസംബര്‍ 10-ന് കേരളാ സ്റ്റേറ്റ് ഇലക്ട്രിക്കല്‍ ലൈസന്‍സിങ് ബോര്‍ഡില്‍ ഓണ്‍ലൈന്‍ വഴി പറശ്ശിനിക്കടവ് സ്വദേശി അപേക്ഷ നല്‍കി. അപേക്ഷയില്‍ നടപടി സ്വീകരിക്കാന്‍ മഞ്ജിമ 6,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വാട്‌സാപ്പ് വഴിയും കൈക്കൂലി ആവശ്യപ്പെട്ടു. ബുധനാഴ്ച രാവിലെ തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെത്തി കൈക്കൂലി നല്‍കണമെന്നായിരുന്നു ആവശ്യം. പരാതിക്കാരന്‍ വിവരം കണ്ണൂര്‍ വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.
പരാതിക്കാരനില്‍ നിന്ന് കൈക്കൂലി സ്വീകരിക്കവേ വിജിലന്‍സ് മഞ്ജിമയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ 6.20-ന് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നായിരുന്നു അറസ്റ്റ്.



