International
യു എസിലേക്ക് പ്രവേശിക്കുന്ന വിദേശികളെ മുഖം തിരിച്ചറിയൽ ഡേറ്റാബേസിൽ ഉൾപ്പെടുത്തും; പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ
ദേശീയ സുരക്ഷാ ഭീഷണികൾ, വ്യാജ യാത്രാ രേഖകൾ, വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവർ, നിയമപരമല്ലാത്ത പ്രവേശനാനുമതി ഉള്ളവർ എന്നിവരെ കണ്ടെത്താനായാണ് നടപടി
വാഷിംഗ്ടൺ ഡി സി | യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി ബി പി) ബയോമെട്രിക് ട്രാക്കിംഗ് സംവിധാനം വിപുലീകരിക്കുന്നു. യു എസിലേക്ക് പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരുടെയും ചിത്രങ്ങൾ എടുത്ത് മുഖം തിരിച്ചറിയൽ ഡേറ്റാബേസിൽ (facial-recognition database) ഉൾപ്പെടുത്തുമെന്ന് ഫെഡറൽ രജിസ്റ്ററിലെ പുതിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി.
വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തി കടന്നുപോകാനുള്ള കരമാർഗങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ നിയമം ബാധകമാകും. ദേശീയ സുരക്ഷാ ഭീഷണികൾ, വ്യാജ യാത്രാ രേഖകൾ, വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവർ, നിയമപരമല്ലാത്ത പ്രവേശനാനുമതി ഉള്ളവർ എന്നിവരെ കണ്ടെത്താനായാണ് നടപടി. വിദേശ പൗരന്മാരിൽ നിന്നും എത്തുമ്പോഴും പോകുമ്പോഴും ശേഖരിക്കുന്ന ബയോമെട്രിക് ഡേറ്റ താരതമ്യം ചെയ്ത് സംയോജിത ബയോമെട്രിക് എൻട്രി-എക്സിറ്റ് സിസ്റ്റം നടപ്പിലാക്കുമെന്നും സി ബി പി അറിയിച്ചു.
കഴിഞ്ഞ കുറേ വർഷങ്ങളായി യു എസിൽ എത്തുന്ന ചില വിദേശ പൗരന്മാരിൽ നിന്ന് സി ബി പി ബയോമെട്രിക് ഡേറ്റ ശേഖരിക്കുന്നുണ്ടെങ്കിലും പുതിയ നിയമം ഡേറ്റാ ശേഖരണ പ്രക്രിയയുടെ വിപുലീകരണമാണ്. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 79 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ഉണ്ടായിരുന്ന ഇളവുകൾ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഒഴിവാകുമെന്നും ഏജൻസി കൂട്ടിച്ചേർത്തു.
നിയമം ആർക്കെല്ലാം ബാധകം?
ഈ നിയമം കുടിയേറ്റക്കാർ, നിയമപരമായ സ്ഥിര താമസക്കാർ (ഗ്രീൻ കാർഡ് ഉടമകൾ), നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവർ എന്നിവർ ഉൾപ്പെടെയുള്ള എല്ലാ വിദേശ പൗരന്മാർക്കും ബാധകമാകും. പ്രവേശന സമയത്തും/അല്ലെങ്കിൽ പുറത്തുപോകുന്ന സമയത്തും ഇവരിൽ നിന്ന് മുഖം തിരിച്ചറിയാനുള്ള ചിത്രം എടുക്കാൻ സി ബി പിക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമം.
ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക തീയതിയായ ഒക്ടോബർ 27 മുതൽ 60 ദിവസത്തിനകം ഈ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.
2020 നവംബറിലെ സമാനമായ നിർദ്ദേശത്തിന് എതിരെ അമേരിക്കൻ സിവിൽ ലിബർട്ടി യൂണിയൻ (എ സി എൽ യു), ദി ഇമിഗ്രന്റ് ഡിഫൻസ് പ്രൊജക്റ്റ് (ഐ ഡി പി) പോലുള്ള പൗരാവകാശ ഗ്രൂപ്പുകൾ എതിർപ്പ് അറിയിച്ചിരുന്നു. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയിൽ പിഴവുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പ്രത്യേകിച്ചും ചില പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാർ തെറ്റായി തിരിച്ചറിയപ്പെടാനും തടഞ്ഞുവെക്കപ്പെടാനും അധിക പരിശോധനകൾക്ക് വിധേയരാകാനുമുള്ള സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
സമഗ്രമായ ബയോമെട്രിക് എൻട്രി-എക്സിറ്റ് സിസ്റ്റം സ്ഥാപിക്കുന്നത് തിരിച്ചറിയൽ സ്ഥിരീകരണം ശക്തിപ്പെടുത്താനും വിസ തട്ടിപ്പ് കുറയ്ക്കാനും വിസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്നവരെ നന്നായി കണ്ടെത്താനും ദേശീയ സുരക്ഷാ ഫലങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് സി ബി പിയുടെ വാദം. വിദേശ പൗരന്മാർക്കായി എൻട്രി, എക്സിറ്റ് ഡേറ്റ എന്നിവയുടെ സംയോജിത സംവിധാനം നിർമ്മിക്കാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്ക് നിയമപരമായ നിർദ്ദേശങ്ങളുണ്ടെന്നും ഏജൻസി പറയുന്നു.
നിയമം പ്രാബല്യത്തിൽ വന്നാൽ, നിയമത്തിന് വിധേയരായ എല്ലാ യാത്രക്കാരെയും രാജ്യത്ത് എത്തുമ്പോഴും പുറത്തുപോകുമ്പോഴും ഫോട്ടോ എടുക്കും. ആവശ്യമായ ഫോട്ടോകൾ നൽകുന്നതിൽ പരാജയപ്പെട്ടാൽ പ്രവേശനാനുമതി നിഷേധിക്കുകയോ രാജ്യത്തുനിന്ന് പുറത്താക്കപ്പെടാൻ ഇടയാക്കുകയോ ചെയ്യാം.




