Connect with us

Articles

അവരുടെ പൗരാവകാശങ്ങള്‍ ആര് സംരക്ഷിക്കും?

മെച്ചപ്പെട്ടതോ വേഗത്തിലുള്ളതോ ആയ ഒരു നിയമ സംവിധാനമല്ല നമ്മുടേതെന്ന് ന്യായാധിപന്മാര്‍ തന്നെ ആശങ്കപ്പെടുന്ന കാലത്തും വിചാരണയുടെ വേഗത്തെ അനാവശ്യമെന്നും സാധാരണമെന്നും മുദ്ര ചാര്‍ത്തി വേര്‍തിരിക്കുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെ തന്നെയാണ് ഡല്‍ഹി ഹൈക്കോടതി നിസ്സാരവത്കരിച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ.

Published

|

Last Updated

ഭരണഘടന പ്രകാരം പൗരാവകാശങ്ങളുടെ സംരക്ഷകരായി പ്രവര്‍ത്തിക്കേണ്ട നീതിന്യായ സംവിധാനം ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് വിധി പറയുന്ന അപകടകരമായ രാഷ്ട്രീയ കീഴ്്വഴക്കത്തിനാണ് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. 2020ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ഡല്‍ഹി പോലീസ് ആരോപിച്ചതിനെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷകരും ആക്ടിവിസ്റ്റുകളുമായ ഉമര്‍ ഖാലിദ്, ശര്‍ജീല്‍ ഇമാം എന്നിവരുള്‍പ്പെടെ ഒമ്പത് പേരുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധി പൗരാവകാശങ്ങളുടെ മേല്‍ കരിനിയമങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന സ്വാധീനശക്തിയുടെ ഭീകരതയെ കൂടിയാണ് തുറന്നു കാണിക്കുന്നത്. ജസ്റ്റിസ് നവീന്‍ ചാവ്്‌ല, ജസ്റ്റിസ് ശാലീന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ജാമ്യത്തിനായുള്ള എല്ലാ അപ്പീലുകളും തള്ളിയതോടെ, ഇന്ത്യന്‍ ഭരണഘടന പൗരന് വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങളെയും ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടതും ഇന്ത്യ ഒപ്പുവെച്ചതുമായ 1948ലെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനങ്ങളെയും നിയമങ്ങളെയും ചട്ടങ്ങളെയും നിരാകരിക്കുക കൂടിയാണ് ഡല്‍ഹി ഹൈക്കോടതി ഈ വിധിയിലൂടെ ചെയ്തിരിക്കുന്നത്.

ജാമ്യം തടയുന്ന വാദങ്ങള്‍
യു എ പി എയുടെ സെക്ഷന്‍ 43 ഡി(5) പ്രകാരം കുറ്റാരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ ജാമ്യം നല്‍കാന്‍ പാടില്ലെന്നുണ്ട്. ഈ നിയമം അംഗീകരിച്ചാണ് കോടതി പ്രധാനമായും ജാമ്യം നിഷേധിച്ചിരിക്കുന്നത്. ഡല്‍ഹി പോലീസിന്റെ അന്വേഷണത്തില്‍ ഉമര്‍ ഖാലിദ് സി എ എ- എന്‍ ആര്‍ സി വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ദേശവിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയെന്നും ഇത് ജനങ്ങളില്‍ ഭയവും അസ്വസ്ഥതയും സൃഷ്ടിച്ചുവെന്നും ആരോപിക്കപ്പെട്ടു. ഇത് യു എ പി എ സെക്്ഷന്‍ 13, 15, 17, 18 എന്നിവയുടെ കീഴില്‍ കുറ്റമായി വ്യാഖ്യാനിക്കുകയാണ്. മാത്രവുമല്ല ഉമര്‍ ഖാലിദ് അടക്കമുള്ള മറ്റ് തടവുകാരുടെ പ്രസംഗങ്ങളിലും പ്രസ്താവനകളിലും വന്ന ബാബരി മസ്ജിദ്, മുത്വലാഖ്, കശ്മീര്‍ എന്നിവയെക്കുറിച്ചുള്ള പൊതുവായ പരാമര്‍ശങ്ങള്‍ വരെ നിയമവിരുദ്ധ പ്രവര്‍ത്തനം എന്നാരോപിച്ചാണ് ഡല്‍ഹി പോലീസ് ജാമ്യാപേക്ഷകളെ എതിര്‍ത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വിധി ഭരണകൂട വേട്ടയുടെ എല്ലാ സ്വഭാവ സവിശേഷതകളെയും ഉള്‍ക്കൊള്ളുന്നതായി കാണാം.

കോടതിയുടെ നിരീക്ഷണം
പ്രോസിക്യൂഷന്‍ അവതരിപ്പിച്ച തെളിവുകളായ വാട്സാപ്പ് ചാറ്റുകള്‍, യോഗങ്ങളില്‍ പങ്കെടുത്തതിന്റെ രേഖകള്‍, പ്രസംഗങ്ങള്‍ എന്നിവ ഉമര്‍ ഖാലിദിന്റെ ഗൂഢാലോചനയിലെ പങ്കിനെ പ്രഥമദൃഷ്ട്യാ സ്ഥിരീകരിക്കുന്നുവെന്ന് കോടതി വിലയിരുത്തി. ഇതിനാല്‍, ജാമ്യം അനുവദിക്കുന്നത് യു എ പി എയുടെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. ഉമര്‍ ഖാലിദിന്റെ പ്രസംഗങ്ങള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് നയിച്ചുവെന്ന പ്രോസിക്യൂഷന്റെ വാദം പൊതുജന സുരക്ഷയെ ബാധിക്കുന്നതിനാല്‍ ജാമ്യം അനുവദിക്കുന്നത് അപകടകരമാണെന്നാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ജാമ്യ വാദങ്ങളെ ദുര്‍ബലപ്പെടുത്താന്‍ കോടതി പറഞ്ഞത് ഇങ്ങനെയാണ്. വ്യക്തിഗത അവകാശങ്ങളും ദേശീയ താത്പര്യങ്ങളും പൊതുജന സുരക്ഷയും തമ്മില്‍ സന്തുലനം ചെയ്യേണ്ടി വരുന്നത് കഠിനമായ ദൗത്യമാണെന്നും അനാവശ്യ വേഗത്തിലുള്ള വിചാരണ ആവശ്യമില്ലെന്നും സ്വാഭാവിക വേഗം മതിയെന്നുമാണ് കോടതിയുടെ നിരീക്ഷണം. ഇത് ഏറെ അപകടം ജനിപ്പിക്കുന്നത്. 2020ന് ശേഷം 400ല്‍ അധികം സാക്ഷികളെ വിസ്തരിച്ചു. അങ്ങനെ അഞ്ച് വര്‍ഷം വിചാരണാ തടവുകാരായി കഴിയുന്നവരോടാണ്, പൗരാവകാശങ്ങളെ റദ്ദ് ചെയ്യുന്ന വിധം കോടതി വിധി പറയുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 21 പറയുന്ന, വേഗത്തിലുള്ള വിചാരണാ അവകാശം ലംഘിക്കപ്പെട്ടുവെന്ന് പ്രതിഭാഗം ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു കോടതിയുടെ ഈ പരാമര്‍ശം.

ചോദ്യം ചെയ്യപ്പെടുന്ന വിശ്വാസ്യത
മെച്ചപ്പെട്ടതോ വേഗത്തിലുള്ളതോ ആയ ഒരു നിയമ സംവിധാനമല്ല നമ്മുടേതെന്ന് ന്യായാധിപന്മാര്‍ തന്നെ ആശങ്കപ്പെടുന്ന കാലത്തും വിചാരണയുടെ വേഗത്തെ അനാവശ്യമെന്നും സാധാരണമെന്നും മുദ്ര ചാര്‍ത്തി വേര്‍തിരിക്കുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെ തന്നെയാണ് ഡല്‍ഹി ഹൈക്കോടതി നിസ്സാരവത്കരിച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ. 2025 ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയില്‍ മൊത്തം അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ തടവുകാര്‍ ഉള്ളതായാണ് നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക്. അവരില്‍ ഏകദേശം 3.7 ലക്ഷം പേര്‍, 74 -75 ശതമാനം, വിചാരണാ തടവുകാരാണ് എന്ന കണക്ക് നമ്മുടെ മുന്നിലുണ്ട്. അങ്ങനെ ഒരു രാജ്യത്താണ് 83ാം വയസ്സില്‍ ഫാദര്‍ സ്റ്റാന്‍ സാമിയെ പോലെ രാജ്യം അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായ ഒരാള്‍ക്ക് വിചാരണാ തടവുകാരനായി രോഗം മൂര്‍ച്ഛിച്ച് അവശനായിട്ട് പോലും ജാമ്യം നിഷേധിച്ച് ചികിത്സ കിട്ടാതെ മരിക്കേണ്ടി വന്നത്. എന്നിരുന്നാല്‍ കൂടി ഭരണകൂടത്തിനു വേണ്ടിയാണ് നമ്മുടെ ന്യായാധിപന്മാര്‍ വിധി പറയുന്നത് എന്നൊന്നും ഇപ്പോഴും പറയാനാകില്ല. എന്നാല്‍ അങ്ങനെ ഒരു കൂട്ടം ന്യായാധിപന്മാര്‍ ഉണ്ടെന്ന വാദത്തിന് ഈ വിധിയോടു കൂടി ശക്തിയേറുകയാണ് എന്ന് പറയാം. കാരണം ഈ കേസില്‍ വിധി പറഞ്ഞ നവീന്‍ ചാവ്‌ല മുമ്പ് പ്രസ്താവിച്ച വിധികളില്‍ നീതിപീഠത്തിന്റെ ഭരണകൂട ചായ്‌വ്‌ തുറന്ന് കാണിക്കുകയും ചെയ്തിട്ടുണ്ട്. ബി ജെ പിയുടെ രാഷ്ട്രീയ പകപോക്കലിന് ഇരയാകേണ്ടി വന്ന മഹാരാഷ്ട്രയിലെ എന്‍ സി പി നേതാവായ അനില്‍ ദേശ്മുഖ്, ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ക്കെതിരായ കേസുകളില്‍ കേന്ദ്ര സര്‍ക്കാറിന്റെ അന്വേഷണ ഏജന്‍സികളുടെ കോളാമ്പിയായിട്ടാണ് നവീന്‍ ചാവ്‌ല വിധി പറഞ്ഞതെന്ന് കാണാം.

പ്രതിഷേധങ്ങള്‍ ഉയരാത്തത് എന്തുകൊണ്ട്?
രാജ്യം ഏറ്റവും ഭീകരമായ സാംസ്‌കാരിക അടിമത്വത്തിലേക്ക് അതിവേഗത്തില്‍ നടന്ന് അടുക്കുന്നതിന്റെ അടയാളം കൂടിയായി ഈ വിഷയത്തിലുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ദേശീയ മാധ്യമങ്ങളിലെ സമീപനങ്ങളെയും വായിച്ചെടുക്കേണ്ടതുണ്ട്. മതവിശ്വാസി അല്ലെന്ന് സ്വയം പ്രഖ്യാപിച്ച എന്നാല്‍ മുസ്‌ലിം ഐഡന്റിറ്റിയുള്ള ഉമര്‍ ഖാലിദിന് വേണ്ടി രാഹുല്‍ ഗാന്ധിയോ മറ്റേതെങ്കിലും പ്രതിപക്ഷ നേതാക്കളോ സംസാരിക്കാന്‍ മുന്നോട്ടു വരുന്നില്ല. കാരണം ഇന്ത്യയില്‍ രൗദ്രഭാവം പൂണ്ട രാഷ്ട്രീയ ഹിന്ദുത്വത്തിന് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഉപയോഗിക്കാന്‍ അക്രമണോത്സുകമായ രാഷ്ട്രീയ ആയുധമായി ഉമര്‍ ഖാലിദിന്റെ മുസ്‌ലിം ഐഡന്റിറ്റി മാറുമെന്ന ഭയം തന്നെയാകണം. എല്ലാ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കും മുകളില്‍ പൗരാവകാശങ്ങളെ പരിഗണിക്കാന്‍ കഴിയുന്ന രാഷ്ട്രീയ നേതൃത്വമോ മാധ്യമങ്ങളോ ഇല്ലാതായിട്ടുണ്ട് എന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഈ വെല്ലുവിളിയെ മറികടക്കാന്‍ പ്രാപ്തിയുള്ള നീതിന്യായ സംവിധാനം കണ്ണു തുറന്നു പ്രവര്‍ത്തിക്കാതിരിക്കുന്ന അവസ്ഥ കൂടിയാണ് രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം വര്‍ധിപ്പിക്കുന്നത്. മുസ്സോളിനിയുടെ ഭരണത്തിന് കീഴില്‍ ഒരു ദശാബ്ദ കാലം തടവില്‍ കഴിഞ്ഞ മാര്‍ക്സിസ്റ്റ് ചിന്തകനായിരുന്ന അന്റോണിയോ ഗ്രാംഷി ഈ സാംസ്‌കാരിക ആധിപത്യം ഉണ്ടായി വരുന്നതിനെ സംബന്ധിച്ച് നിരീക്ഷിച്ചിട്ടുണ്ട്. ഭരണകൂടത്തെ ചോദ്യം ചെയ്യുന്ന ബുദ്ധിജീവികളെ തുറുങ്കിലടക്കുന്ന തന്ത്രം തന്നെയാണ് ഇതിനായി ഫാസിസം സ്വീകരിച്ചു വരുന്നത്. ഈ ഭയപ്പെടുത്തലിന്റെ മനശ്ശാസ്ത്രത്തിലാണ് ഫാസിസം അതിന്റെ സഞ്ചാരപഥത്തെ നിര്‍ണയിക്കുന്നതും. നിയമവും കോടതികളും ഭരണാധികാരത്തിന്റെ ഉപകരണമായി പ്രവര്‍ത്തിക്കാതിരിക്കുന്ന ഒരു രാജ്യത്ത് മാത്രമാണ് പൗരാവകാശങ്ങള്‍ക്ക് മൂല്യമുണ്ടാകുന്നത് എന്നും അങ്ങനെ ഒരു രാജ്യത്ത് മാത്രമാണ് ജനാധിപത്യം നിലനില്‍ക്കുകയുള്ളൂ എന്നും നാം ഓര്‍ക്കേണ്ടതുണ്ട്.

 

Latest