Connect with us

karnataka

ന്യൂനപക്ഷത്തിന്റെ കൈപിടിക്കാനാരുണ്ട്്‌?

സംഘ്പരിവാറിന്റെ തീവ്ര ഹിന്ദുത്വ അജന്‍ഡകളൊക്കെയും സാക്ഷാത്കരിക്കാന്‍ ന്യൂനപക്ഷങ്ങളെ പൊതുധാരയില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തി ആക്രമിക്കാനും ഒറ്റപ്പെടുത്താനും നടത്തിവരുന്ന ശ്രമങ്ങള്‍ ഒടുവില്‍ വംശഹത്യാ പരീക്ഷണത്തില്‍ വരെ എത്തിയിരിക്കുന്നുവെന്നാണ് കര്‍ണാടക സംസ്ഥാനത്ത് നടക്കുന്ന സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

Published

|

Last Updated

ര്‍ണാടകയില്‍ കഴിഞ്ഞ കുറേ നാളുകളായി നിലനില്‍ക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥ കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. അവിടുത്തെ ന്യൂനപക്ഷ-ദളിത് പിന്നാക്ക വിഭാഗങ്ങളെല്ലാം കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അവരുടെ സാമൂഹിക-സാമുദായിക അസ്തിത്വങ്ങളും അവകാശങ്ങളും വിശ്വാസപരമായ സ്വാതന്ത്ര്യങ്ങളും എന്നുവേണ്ട ജീവനോപാധികളും ജീവിക്കാനുള്ള അവസരങ്ങളും വരെ ഹനിക്കുന്നതിന് വേണ്ടി അധികാരത്തിന്റെ ഹുങ്കില്‍ നടപ്പാക്കുന്ന നയങ്ങളെ ചെറിയ തോതിലെങ്കിലും പ്രതിരോധിക്കാനാകാതെ അവിടുത്തെ മതേതര കക്ഷികള്‍ നിസ്സഹായമായിപ്പോകുമ്പോള്‍ വര്‍ധിത വീര്യത്തോടെ ഫാസിസത്തിന്റെ പദ്ധതികള്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. സംഘ്പരിവാറിന്റെ തീവ്ര ഹിന്ദുത്വ അജന്‍ഡകളൊക്കെയും സാക്ഷാത്കരിക്കാന്‍ ന്യൂനപക്ഷങ്ങളെ പൊതുധാരയില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തി ആക്രമിക്കാനും ഒറ്റപ്പെടുത്താനും നടത്തിവരുന്ന ശ്രമങ്ങള്‍ ഒടുവില്‍ വംശഹത്യാ പരീക്ഷണത്തില്‍ വരെ എത്തിയിരിക്കുന്നുവെന്നാണ് ആ സംസ്ഥാനത്ത് നടക്കുന്ന സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ല ഇപ്പോള്‍ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്ന അഗ്നിപര്‍വതമാണ്. വര്‍ഗീയ വിദ്വേഷത്തിന്റെ ലാവയാണ് അതില്‍ നിന്ന് ഒഴുകിക്കൊണ്ടിരിക്കുന്നത്. ദക്ഷിണ കന്നഡ ജില്ലയുടെ അതിര്‍ത്തി പ്രദേശമെന്ന നിലയില്‍ അവിടുത്തെ സംഭവ വികാസങ്ങള്‍ കാസര്‍കോടിന്റെ മനസ്സിനെയും പൊള്ളിക്കുകയാണ്. സുള്ള്യ താലൂക്കില്‍പ്പെട്ട ബെല്ലാരെയില്‍ നടന്ന ആദ്യ കൊലപാതകമാണ് തുടര്‍ന്നുള്ള കൊലപാതകങ്ങളിലേക്ക് നയിച്ചത്. കാസര്‍കോട് സ്വദേശിയും ബെല്ലാരെയില്‍ താമസക്കാരനുമായ മസൂദ് എന്ന യുവാവിനെ പ്രശ്നം പറഞ്ഞു തീര്‍ക്കാമെന്നുറപ്പുകൊടുത്ത് വിളിച്ചുവരുത്തി സംഘ്പരിവാറിന്റെ ഇഷ്ടതോഴന്‍മാരായ ബജ്റംഗ‌്ദളുകാര്‍ കൊലപ്പെടുത്തുകയായിരുന്നു. പ്രദേശത്തെ ഒരു കടയില്‍ വെച്ച് പ്രതികളില്‍ ഒരാളുമായി കൂട്ടിമുട്ടിയെന്ന നിസ്സാര കാരണത്തിന്റെ പേരിലാണ് മസൂദിനെ കൊലപ്പെടുത്തിയത്. പ്രതികള്‍ മറ്റൊരു മതവിഭാഗത്തില്‍ പെട്ടവരായതിനാല്‍ സ്വാഭാവികമായും അതൊരു സാമുദായിക പ്രശ്നമായി മാറുകയും ചെയ്തു. ഈ കേസിലെ പ്രതികളെെയല്ലാം അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവന്നെങ്കിലും മസൂദ് വധം ന്യൂനപക്ഷ വിഭാഗങ്ങളില്‍ സൃഷ്ടിച്ച വേദന വലിയൊരു അസ്വസ്ഥതയായി സാമൂഹികാന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നിരുന്നു. ആരുമായും ഒരു പ്രശ്‌നത്തിനും പോകാത്ത നിരപരാധിയായ മസൂദിനെ നിസ്സാര കാരണമുണ്ടാക്കി കൊലപ്പെടുത്തിയത് കലാപമുണ്ടാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ തന്നെയാകണം. മസൂദ് വധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് യുവമോര്‍ച്ചാ നേതാവ് ബെല്ലാരെയിലെ പ്രവീണ്‍കുമാര്‍ നെട്ടാരു കൊലചെയ്യപ്പെട്ടത്. രാത്രി കോഴിക്കട പൂട്ടി വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ കേരളാ രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തിയത്. മസൂദ് വധവുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയായിരുന്നു പ്രവീണ്‍. പ്രവീണിനെ കൊലപ്പെടുത്തിയത് കേരളത്തില്‍ നിന്നുള്ള സംഘമാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. പ്രവീണ്‍ വധത്തോടെ ദക്ഷിണ കന്നഡ ജില്ലയൊട്ടുക്കും സംഘര്‍ഷം വ്യാപിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പോലീസ് പാടുപെടുന്നതിനിടെയാണ് മംഗളൂരുവിനടുത്ത സൂറത്കലില്‍ വസ്ത്രവ്യാപാരിയായ മുഹമ്മദ് ഫാസിലിനെ ബൈക്കിലെത്തിയ മുഖംമൂടി സംഘം വെട്ടിക്കൊന്നത്. പ്രവീണ്‍ വധക്കേസില്‍ യാതൊരു പങ്കുമില്ലാത്ത ഫാസിലിനെ വധിച്ചത് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയുണ്ടാകില്ല.

നിരപരാധിയാണെങ്കില്‍ പോലും മതം നോക്കി കൊലപ്പെടുത്തുന്നത് ഫാസിസത്തിന്റെ ക്രൂരവിനോദങ്ങളില്‍ ഒന്ന് മാത്രമാണല്ലോ. മൂന്ന് കൊലപാതകങ്ങളിലും പോലീസ് നടത്തിയ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കേണ്ടതാണ്. മസൂദും പ്രവീണും ഫാസിലും യാതൊരു തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും ഉള്ളവരായിരുന്നില്ല. ഇവര്‍ക്ക് പൊതുവായി ശത്രുക്കള്‍ ഉള്ളതിനെക്കുറിച്ചും അറിവില്ല. കൊല്ലപ്പെട്ട ഫാസില്‍ ഒരു സംഘടനയിലും അംഗമല്ല. ജോലി ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന സാധാരണക്കാരനായ യുവാവായിരുന്നു ഫാസില്‍. ഒരു പ്രശ്നത്തിനും പോകാത്തവരായതിനാല്‍ തങ്ങള്‍ കൊലചെയ്യപ്പെടുമെന്ന് മൂന്ന് പേരും കരുതിയിരുന്നില്ല. അതുകൊണ്ട് യാതൊരു വിധത്തിലുള്ള സുരക്ഷാ മാര്‍ഗങ്ങളുമില്ലാതെയായിരുന്നു ഇവരുടെ സഞ്ചാരം. വര്‍ഗീയഭ്രാന്ത് തലയില്‍ കയറി മനുഷ്യത്വം മരവിച്ചവരുടെ ലക്ഷ്യം ഒന്ന് മാത്രമാണ്, നാട്ടിലെങ്ങും കലാപം സൃഷ്ടിക്കുക. അതിനുവേണ്ട ഇരകള്‍ നാട്ടില്‍ അക്രമങ്ങളും കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും നടത്തി സ്വൈരജീവിതം തകര്‍ക്കുന്നവരില്‍ പെട്ടവര്‍ തന്നെ വേണമെന്നില്ല. സൗകര്യത്തിന് കിട്ടുന്നത് നിരപരാധിയെ ആണെങ്കില്‍ പോലും വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്നു. കൊല്ലപ്പെടേണ്ടത് ഏത് മതത്തില്‍പ്പെട്ട ആള്‍ എന്നുള്ള തീരുമാന പ്രകാരമാണ് കൊലപാതകങ്ങളൊക്കെയും. ഇങ്ങനെയൊരവസ്ഥ എത്രമാത്രം ഭീകരവും അപത്കരവുമാണെന്ന് ചിന്തിക്കണം. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്ത ആള്‍ വഴിയേ പോകുമ്പോള്‍ ഏതുസമയത്തും കൊല്ലപ്പെടാം എന്ന അവസ്ഥയേക്കാള്‍ ഭയാനകമായി മറ്റൊന്നുമില്ല. വര്‍ഗീയ വെറിപൂണ്ട മനസ്സുമായി നടക്കുന്നവര്‍ കൊലപാതകത്തില്‍ സ്‌കോര്‍ ചെയ്ത് നാടിനെ ഭീതിയിലാഴ്ത്താനാണ് പരിശ്രമിക്കുന്നത്.

മൂന്ന് കൊലപാതകങ്ങളോടെ ദക്ഷിണ കന്നഡ ജില്ലയില്‍ സമാധാന ജീവിതം താറുമാറായിരിക്കുന്നു. ഇതിന്റെയൊക്കെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നത് കുഴപ്പങ്ങളിലൊന്നും ചെന്ന് ചാടാതെ സമാധാനജീവിതം നയിക്കുന്ന ജനങ്ങളാണ്. പ്രത്യേകിച്ചും വ്യാപാരികള്‍. കൊലപാതകങ്ങളുടെ തുടര്‍ച്ചയായി സുള്ള്യ ഭാഗത്ത് നിരവധി കടകളാണ് തകര്‍ക്കപ്പെട്ടത്. വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ജീവിതോപാധികള്‍ വരെ നശിപ്പിച്ച് കലാപകാരികള്‍ തങ്ങളുടെ അരിശം സാധാരണക്കാര്‍ക്ക് നേരേ തീര്‍ക്കുകയാണ്. ഇതൊക്കെ കണ്ട് മാറിനിന്ന് ചിരിക്കുന്നവര്‍ സുരക്ഷിതരാണ്. മൂന്ന് കൊലപാതകങ്ങള്‍ക്ക് ശേഷം ദക്ഷിണ കന്നഡ ജില്ലയില്‍ ഇനി സ്ഥിതിഗതികള്‍ ശാന്തമാകുമെന്ന് കരുതാന്‍ നിര്‍വാഹമില്ല. പേരിന് ചില സമാധാന ശ്രമങ്ങളൊക്കെ നടക്കുന്നില്ലെന്ന് പറയുന്നില്ല. സംഘര്‍ഷവും അക്രമവുമുണ്ടാകുമെന്ന് കരുതുന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. പോലീസ് സേനയെയും വിന്യസിച്ചിരിക്കുന്നു. എന്നാല്‍ കലാപം കൂടിയേ തീരൂവെന്ന അജന്‍ഡയോടെ മുന്നോട്ടു പോകുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊരു വിഷയമേയല്ല. സൗകര്യത്തിന് അടുത്ത ഇരയെ തേടിനടക്കുകയായിരിക്കും അവര്‍. മൂന്ന് കൊലപാതകങ്ങളില്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം പക്ഷപാതപരമാണെന്ന വിമര്‍ശനം ഏറെ ഗൗരവമര്‍ഹിക്കുന്നുണ്ട്. ഭരണകക്ഷിയില്‍പ്പെട്ട ആളുടെ ജീവന്‍ മാത്രമായിരുന്നു വിലപ്പെട്ടതെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ഇടപെടലുകള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിതബോധം വളര്‍ത്താന്‍ പര്യാപ്തമാണ്. മൂന്ന് കൊലപാതകങ്ങളെയും ഒരുപോലെ കാണാന്‍ കര്‍ണാടക സര്‍ക്കാറിനാകുന്നില്ല. പ്രവീണിന്റെ വീട്ടില്‍ ചെന്ന് കുടുംബത്തെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി മസൂദിന്റെയും ഫാസിലിന്റെയും വീടുകളില്‍ പോകാതിരുന്നത് സോഷ്യല്‍ മീഡിയയിലും മറ്റും കടുത്ത പ്രതിഷേധങ്ങള്‍ക്കാണ് ഇടവരുത്തിയത്. ബസവരാജ് ബി ജെ പിക്കാരുടെ മാത്രം മുഖ്യമന്ത്രിയാണോ എന്ന ചോദ്യം പ്രതിപക്ഷം ഉയര്‍ത്തിയത് ഈയൊരു പശ്ചാത്തലത്തിലാണ്. നാലുപാടും നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ മസൂദിന്റെയും ഫാസിലിന്റെയും വീടുകള്‍ സന്ദര്‍ശിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ എത്രമാത്രം ആത്മാര്‍ഥതയുണ്ടെന്ന് കണ്ടുതന്നെ അറിയണം. പ്രവീണ്‍ വധക്കേസില്‍ അന്വേഷണം എന്‍ ഐ എയെ ഏല്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചത് ചില പ്രത്യേക ലക്ഷ്യങ്ങളോടെയാണോ എന്ന സംശയം ഉയരുന്നുണ്ട്. കൊലപാതകവുമായി ബന്ധമില്ലാത്തവരെ പോലും കേസില്‍ കുടുക്കാന്‍ ബി ജെ പി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്ന അന്വേഷണ ഏജന്‍സികളിലൊന്ന് എന്‍ ഐ എയാണ്. ഇതിന്റെയൊക്കെ മറവില്‍ വ്യാപകമായ ന്യൂനപക്ഷവേട്ട നടത്താനുള്ള സൗകര്യങ്ങളുമുണ്ട്.

അഞ്ച് പതിറ്റാണ്ടിനിടെ ദക്ഷിണ കന്നഡ ജില്ലയില്‍ മാത്രം വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാല്‍പ്പതാണ്. കൊല്ലപ്പെട്ടവരില്‍ ഏറെയും ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. രണ്ട് വര്‍ഷക്കാലമായി കര്‍ണാടകയിലെ രാഷ്ട്രീയ-സാമുദായികാന്തരീക്ഷങ്ങള്‍ കൂടുതല്‍ കലുഷിതമാണ്. ജനാധിപത്യത്തെയും മതേതരത്വത്തെയും ഹിംസിക്കുന്നതും വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ നയങ്ങള്‍ അവിടുത്തെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയ ചിന്താഗതി ശക്തമാക്കാന്‍ ഇടവരുത്തിയിട്ടുണ്ട്. സമീപകാലത്ത് പര്‍ദ നിരോധനവും ഹലാല്‍ വിവാദവും ക്ഷേത്ര ഉത്സവ പറമ്പുകളില്‍ മുസ്‌ലിം വ്യാപാരികളെ വിലക്കിയ നടപടികളുമൊക്കെ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് ക്ഷണിച്ചുവരുത്തിയത്. ഇതിന്റെയൊക്കെ മറവില്‍ അക്രമങ്ങളും നടന്നു. കര്‍ണാടകയില്‍ ഗോവധ നിരോധന നിയമത്തിന്റെയും മതപരിവര്‍ത്തന നിരോധന നിയമത്തിന്റെയും മറവില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘടിതമായ അക്രമണങ്ങള്‍ നടക്കുകയാണ്. ചത്ത കന്നുകാലികളുടെ തോലുകള്‍ ശേഖരിക്കുന്ന ദളിതരെ പോലും ഗോവധ നിരോധനത്തിന് ശേഷം സംഘ്പരിവാര്‍ ക്രൂരമായി വേട്ടയാടുകയും ആക്രമിക്കുകയും ചെയ്യുന്നു. പാവപ്പെട്ട മുസ്‌ലിം-ദളിത് കുടുംബങ്ങള്‍ കച്ചവടത്തിന്റെ ഭാഗമായി കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ പോലും തടഞ്ഞ് ആക്രമിക്കുന്നത് കര്‍ണാടകയില്‍ പതിവാണ്. ബസുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളെ പോലും മതംനോക്കി മര്‍ദിക്കുന്ന സംഭവങ്ങളും അവിടെ സര്‍വ സാധാരണമാണ്.

വര്‍ഗീയ കലാപങ്ങളും കൊലപാതകങ്ങളും പരമാവധി ഉപയോഗിച്ച് ജനങ്ങളില്‍ വിഭാഗീയ ചിന്താഗതി വളര്‍ത്താനുള്ള ഒരു അവസരവും പാഴാക്കാത്ത സൂത്രശാലികളുടെ കുതന്ത്രങ്ങളില്‍ വീണ് അക്രമത്തിന് പുറപ്പെടുന്നവര്‍ക്കാണ് ജീവിതം നഷ്ടമാകുന്നത്. കൊല്ലാന്‍ ആയുധങ്ങള്‍ നല്‍കുന്നവരുടെ ലക്ഷ്യം തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങളുടെ സുരക്ഷയോ പുരോഗതിയോ അല്ലെന്ന് ഉറപ്പാണ്. മതവികാരം പരമാവധി ഇളക്കിവിട്ട് വിദ്വേഷവും സംഘര്‍ഷവും വളര്‍ത്തുന്നതിലൂടെ രൂപപ്പെടുന്ന കലുഷിതമായ സാമൂഹിക-സാമുദായിക അന്തരീക്ഷം തങ്ങളുടെ സ്ഥാനമാനങ്ങള്‍ നിലനിര്‍ത്താനും സംരക്ഷിക്കാനും പരമാവധി ഉപയോഗിക്കുകയെന്ന ഗൂഢ താത്പര്യം മാത്രമാണ് അധികാര രാഷ്ട്രീയത്തോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കുള്ളത്. ഈ യാഥാര്‍ഥ്യം തിരിച്ചറിയാനുള്ള വിവേകം പൊതുജനങ്ങള്‍ക്കുണ്ടായാല്‍ എല്ലാ തരത്തിലുമുള്ള വര്‍ഗീയ ശക്തികളുടെയും പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ സാധിക്കും. വര്‍ഗീയത ആളിക്കത്തിച്ച് അധികാരം നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ഭരണവ്യവസ്ഥ ഉള്ളിടത്തോളം കാലം ഇപ്പോഴത്തെ അവസ്ഥക്ക് മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ജാഗരൂകരാകുക എന്നതിനപ്പുറം, ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് കര്‍ണാടകയിലുള്ളത്.

Latest