Connect with us

Articles

ഏത് ഗാന്ധിയാണ് ഇന്ന് പ്രസക്തമാകുന്നത്?

ഇന്ന് നമുക്ക് ഭരണഘടനയുണ്ട്, അതില്‍ ജനാധിപത്യവും മതേതരത്വവും അത് നടപ്പാക്കാന്‍ സര്‍ക്കാറുകളും പോലീസും പട്ടാളവും ഉണ്ട്. പക്ഷേ നടപ്പാകുന്നുണ്ടോ? ഇന്ത്യാ രാജ്യത്ത് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ ഇതിലൊന്നും വിശ്വസിക്കാത്തവരാണ്. വര്‍ഗീയവിഭജനം വഴി അധികാരം നേടാനും നിലനിര്‍ത്താനും ശ്രമിക്കുന്നവരാണ്. അവര്‍ക്കെതിരെ പ്രയോഗിക്കാവുന്ന പ്രതീകം ഗാന്ധി മാത്രമാണ്.

Published

|

Last Updated

ഗാന്ധിജി നമ്മെ വിട്ടുപോയിട്ട് തന്നെ 76 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അദ്ദേഹം ഇക്കാലത്ത് ഏത് രീതിയിലെല്ലാമാണ് പ്രസക്തമാകുന്നത്? ഗാന്ധിജിയുടെ മരണ ശേഷം വന്നിട്ടുള്ള നിരവധി പ്രതികരണങ്ങളില്‍ എനിക്കേറ്റവും താത്പര്യം തോന്നിയത്, പ്രമുഖ ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്റേതാണ്. “ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്ന് വരും തലമുറകള്‍ വിശ്വസിക്കില്ല’ എന്നായിരുന്നു അത്. സ്വന്തം ജീവിതം തന്നെ ഒരു പരീക്ഷണശാലയാക്കുകയും അത് തന്നെയാണ് തന്റെ സന്ദേശം എന്ന് പ്രഖ്യാപിക്കുകയും ചെയ്ത വ്യക്തിയാണ് ഗാന്ധി. അദ്ദേഹം മരിച്ചതിനു ശേഷം ലോകത്തിനുണ്ടായിട്ടുള്ള മാറ്റങ്ങള്‍ വളരെ അധികമാണ്. എന്നിട്ടും ഇപ്പോഴും ഗാന്ധി പ്രസക്തനാകുന്നതെന്തു കൊണ്ട്? താന്‍ ചെയ്ത എല്ലാ കാര്യങ്ങളും ശരിയാണെന്നു വാദിക്കാത്ത അപൂര്‍വം ലോക നേതാക്കളില്‍ ഒരാളാണല്ലോ ഗാന്ധിജി. ഒരു നിലപാടോ പ്രവൃത്തിയോ തെറ്റാണെന്നു കണ്ടാല്‍ അത് തുറന്നു പറയാനും തിരുത്താനും ഒരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം തന്റെ ജീവിതം ഒരു സത്യാന്വേഷണ പരീക്ഷയാണ് എന്ന് പറഞ്ഞത്.

ഏത് ഗാന്ധിയാണ് ഇന്ന് പ്രസക്തമാകുന്നത് എന്നതാണ് പ്രധാന ചോദ്യം. ഇന്ന് ഇന്ത്യയും ലോകവും നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ഏതെല്ലാമാണ്? ഒന്നാമതായി കടുത്ത വംശീയതയും വര്‍ഗീയതയും ദേശീയവാദവും ഒട്ടെല്ലാ സമൂഹങ്ങളിലും ജനാധിപത്യ വ്യവസ്ഥക്ക് ഭീഷണിയാകുന്നുണ്ട്. തീര്‍ത്തും വികസിത ജനാധിപത്യം എന്നൊക്കെ നമ്മള്‍ കരുതിപ്പോരുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും അതിന് വളരാന്‍ കഴിയുന്നു എങ്കില്‍ അവികസിത ജനാധിപത്യമുള്ള മൂന്നാം ലോകത്ത് അതിന്റെ വളര്‍ച്ചയില്‍ അത്ഭുതപ്പെടാനില്ലല്ലോ. ഈ വികാരം ശക്തിപ്പെടുന്നത് വഴി ജനാധിപത്യം മാത്രമല്ല സമാധാനവും നഷ്ടമാകുന്നു. പശ്ചിമേഷ്യയിലെ അവസ്ഥ നമുക്കറിയാം. ഇസ്‌റാഈല്‍ എന്ന രാജ്യം ഫലസ്തീന്‍ ജനതക്ക് മേല്‍ നടത്തുന്ന കുരുതിക്കുള്ള ഏറ്റവും വലിയ ന്യായീകരണം വര്‍ഗീയതയാണല്ലോ. ഫലസ്തീനിന്റെ മണ്ണില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു രാജ്യം എന്ന പാശ്ചാത്യരുടെ നിലപാടിനെ അന്ന് തന്നെ എതിര്‍ത്തിരുന്നു ഗാന്ധിജി എന്നത് മറന്നു കൂടാ.

നമുക്ക് ഇന്ത്യയുടെ കഥ നന്നായിട്ടറിയാമല്ലോ. ഗാന്ധി തന്റെ അവസാന നാളുകളില്‍ ഏറെ അസ്വസ്ഥതപ്പെട്ടിരുന്നത് ഇന്ത്യാ വിഭജനത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപങ്ങളെ ഓര്‍ത്താണ്. എല്ലാവരും സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ആ മനുഷ്യന്‍ നവഖാലിയിലെ തെരുവുകളില്‍ ആയിരുന്നു. ബംഗാള്‍ വിഭജനം സൃഷ്ടിച്ച കലാപത്തിന്റെ ഫലമായി അവിടെ വ്യാപിച്ച അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സ്വന്തം ജീവിതം തന്നെ സമര്‍പ്പിക്കാന്‍ 79 വയസ്സുള്ള ആ മനുഷ്യന്‍ തയ്യാറായത് കൊണ്ടാണ് അവിടെ ഹിന്ദുക്കളും മുസ്്ലിംകളും ആയുധം താഴെ വെച്ചത്. അന്നത്തെ വൈസ്രോയി പറഞ്ഞത് പോലെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ 16,000 വരുന്ന സൈന്യത്തെ കൊണ്ട് കഴിയാതിരുന്നത് ഈ മനുഷ്യന് സാധിച്ചു. ഈ ലോകത്ത് വ്യത്യസ്ത മത വിശ്വാസികള്‍ ഉണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. അവര്‍ക്കെല്ലാം ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. ഇന്ന് നമ്മുടെ മുന്നിലുള്ള ഒരു ജനാധിപത്യ ഭരണഘടനയൊന്നും അന്ന് ഇന്ത്യക്കുണ്ടായിരുന്നില്ല എന്നോര്‍ക്കണം. അദ്ദേഹം ജനങ്ങളോട് നടത്തിയ അഭ്യര്‍ഥന ഫലിക്കാന്‍ കാരണം ആ മനുഷ്യന്റെ ജീവിതം തന്നെയായിരുന്നു.

എന്നാല്‍ ഇന്ന് നമുക്ക് ഭരണഘടനയുണ്ട്. അതില്‍ ജനാധിപത്യവും മതേതരത്വവും അത് നടപ്പാക്കാന്‍ സര്‍ക്കാറുകളും പോലീസും പട്ടാളവും ഉണ്ട്. പക്ഷേ നടപ്പാകുന്നുണ്ടോ? ഇന്ത്യാ രാജ്യത്ത് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ ഇതിലൊന്നും വിശ്വസിക്കാത്തവരാണ്. വര്‍ഗീയവിഭജനം വഴി അധികാരം നേടാനും നിലനിര്‍ത്താനും ശ്രമിക്കുന്നവരാണ്. അവര്‍ക്കെതിരെ പ്രയോഗിക്കാവുന്ന പ്രതീകം ഗാന്ധി മാത്രമാണ്. രാമനും ക്രിസ്തുവും മുഹമ്മദ് നബിയും ബുദ്ധനും ഗുരു നാനാക്കും ഒരു പോലെ തന്നെ നയിക്കുന്നു എന്നദ്ദേഹം പറയുമ്പോള്‍ ഈ എല്ലാ വിശ്വാസങ്ങള്‍ക്കും നിലനില്‍ക്കാന്‍ കഴിയുന്ന ഒരു രാജ്യം ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. ആ പ്രഖ്യാപനമാണ് അദ്ദേഹത്തിന്റെ അന്ത്യത്തിനും കാരണമായത് എന്നും കാണാം. ഗാന്ധിജിയുടെ മരണമാണ് തങ്ങളുടെ സന്ദേശം എന്ന് പ്രഖ്യാപിച്ചവരുടെ പിന്മുറക്കാര്‍ ഇന്ന് രാജ്യം ഭരിക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നത് ഇവര്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണ് എന്ന ഗാന്ധിയുടെ സ്വപ്‌നം തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ആ രീതിയില്‍ ഗാന്ധി ഇന്ന് ഏറെ പ്രസക്തമാണ്.

രണ്ടാമത് ഗാന്ധി ഉയര്‍ത്തിയ ആശയം അഹിംസയാണ്. ഇന്ന് ലോകം മുഴുവനും ഹിംസയുടെ സന്ദേശങ്ങള്‍ പടരുകയാണ്. ശക്തമായ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പൊരുതുമ്പോഴും അവരെ ശത്രുവായി കാണാന്‍ ഗാന്ധിജിക്കായില്ല. അഹിംസാത്മകമായ നിസ്സഹകരണത്തിലൂടെ അവരെ തോല്‍പ്പിക്കാമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. ഗാന്ധിക്കു ശേഷം ലോകത്തു നടന്ന ഒട്ടു മിക്ക ജനകീയ സമരങ്ങളിലും ഗാന്ധിജിയുടെ അദൃശ്യ സാന്നിധ്യമുള്ളതായി കാണാം. ദക്ഷിണാഫ്രിക്കന്‍ പോരാളി നെല്‍സണ്‍ മണ്ടേലയും കറുത്തവര്‍ക്കു വേണ്ടി പോരാടിയ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും ദലൈലാമയുമടക്കം നിരവധി പേര്‍ അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. ഹിംസയിലൂടെ നേടുന്ന അധികാരം നിലനില്‍ക്കില്ലെന്നതിന് ലോക ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്.
മനുഷ്യര്‍ മറ്റു മനുഷ്യരോട് ചെയ്യുന്നത് മാത്രമല്ല, താന്‍ ജീവിക്കുന്ന പ്രകൃതിയോടും അതിലെ സമസ്ത ജീവജാലങ്ങളോടും സ്വീകരിക്കേണ്ട സമീപനമായിരുന്നു ഗാന്ധിജിക്ക് അഹിംസ. ഇന്ന് ലോകം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി പാരിസ്ഥിതിക തകര്‍ച്ചയും അതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളും മറ്റുമാണല്ലോ. കേരളം തന്നെ അതിന്റെ ദുരന്തങ്ങള്‍ ഏറെ കണ്ടുകഴിഞ്ഞു. അതിനുള്ള പ്രധാന കാരണം മനുഷ്യന്‍ പ്രകൃതിക്കു മേല്‍ നടത്തിയ ഹിംസകളാണ് എന്നും വ്യക്തമാണ്. മനുഷ്യന്റെ ആവശ്യങ്ങളും അത്യാഗ്രഹങ്ങളും തമ്മില്‍ വേര്‍തിരിക്കാനാകാത്ത അവസ്ഥ അദ്ദേഹം അന്ന് തന്നെ വ്യക്തമായി പറഞ്ഞിരുന്നതാണ്. അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണം അങ്ങേയറ്റം അപകടകരമാണെന്ന് ഗാന്ധിജി ഉറച്ചു വിശ്വസിച്ചിരുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ ശ്രദ്ധാപൂര്‍വം പ്രയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫലം ദൂരവ്യാപക ദുരന്തങ്ങളായിരിക്കും എന്ന് ഗാന്ധി വിലയിരുത്തിയിരുന്നു.
അദ്ദേഹത്തിന്റെ കാലത്തെ ഒരു പ്രധാന സാങ്കേതിക നേട്ടമായിരുന്ന ട്രെയിനിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് ഗാന്ധി പറഞ്ഞ മറുപടി ഇന്നും പ്രസക്തമാണ്. “തീവണ്ടി അതിവേഗം ആളുകളെ ദൂരങ്ങളില്‍ എത്തിക്കും എന്നത് നല്ലൊരു കാര്യം തന്നെയാണ്. എന്നാല്‍ അത് രോഗാണുക്കളെയും അത് വഴി രോഗത്തെയും അതിവേഗം വ്യാപിപ്പിക്കും’. ഗാന്ധി തന്റെ ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തില്‍ ഇതെഴുതി പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം പ്ലേഗ് എന്ന മഹാമാരി ആഞ്ഞടിച്ചപ്പോള്‍ തീവണ്ടിയടക്കം എല്ലാ ഗതാഗതങ്ങളും നിര്‍ത്തിവെക്കേണ്ടി വന്നു.

നമുക്ക് ഈ നൂറ്റാണ്ടിലെ അനുഭവങ്ങള്‍ ഉണ്ടല്ലോ. കൊവിഡ് എന്ന ഒരു ചെറിയ വൈറസ് വ്യാപിച്ചപ്പോള്‍ അതിവേഗതയുള്ള വിമാനങ്ങള്‍ മുതല്‍ എല്ലാ ഗതാഗതവും നിര്‍ത്തിവെക്കേണ്ടി വന്നല്ലോ. വേഗവും സമയവും മറ്റും സംബന്ധിച്ച നമ്മുടെ വികസന സങ്കല്‍പ്പങ്ങളില്‍ അതുണ്ടാക്കിയ ആഘാതങ്ങള്‍ ഇനിയും നമ്മള്‍ തിരിച്ചറിഞ്ഞിട്ടില്ല. ചുരുക്കത്തില്‍ ഇന്ന് നമ്മള്‍ ഗാന്ധിജിയെ കാണുക നീതിക്കു വേണ്ടി ലോകമെങ്ങും ജനങ്ങള്‍ നടത്തുന്ന സമരങ്ങളിലാണ്. വിശ്വാസങ്ങളുടെ പേരില്‍ പരസ്പരം വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നവരെ തടയുന്ന കൈകളിലാണ്.

Latest