National
ഉറക്കത്തിനിടെ പത്താം നിലയിൽ നിന്ന് താഴേക്ക് വീണു; കാൽ ഗ്രില്ലിൽ കുടുങ്ങിയത് രക്ഷയായി; 57 വയസ്സുകാരന് പുതുജീവൻ
ജനലിനോട് ചേർന്ന് ഉറങ്ങുകയായിരുന്ന നിതിൻഭായ് ഉറക്കത്തിൽ തിരിഞ്ഞു കിടക്കുന്നതിനിടെ പത്താം നിലയിൽ നിന്നും പുറത്തേക്ക് വീഴുകയായിരുന്നു
സൂറത്ത് | ഉറക്കത്തിനിടെ പത്താം നിലയിലെ ഫ്ലാറ്റിൽ നിന്നും താഴേക്ക് വീണ മധ്യവയസ്കന് അദ്ഭുതകരമായ രക്ഷപ്പെടൽ. സൂറത്തിലെ ജഹാംഗീർപുരയിലുള്ള ടൈംസ് ഗാലക്സി കെട്ടിടത്തിലാണ് സംഭവം നടന്നത്. 57 വയസ്സുകാരനായ നിതിൻഭായ് അദിയ ആണ് മരണമുഖത്തുനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ബുധനാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ജനലിനോട് ചേർന്ന് ഉറങ്ങുകയായിരുന്ന നിതിൻഭായ് ഉറക്കത്തിൽ തിരിഞ്ഞു കിടക്കുന്നതിനിടെ പത്താം നിലയിൽ നിന്നും പുറത്തേക്ക് വീഴുകയായിരുന്നു. എന്നാൽ എട്ടാം നിലയിലെ ഫ്ലാറ്റിന്റെ ഗ്രില്ലിൽ കാൽ കുടുങ്ങിയതോടെ ഇദ്ദേഹം തലകീഴായി തൂങ്ങിക്കിടന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ജഹാംഗീർപുര, പാലൻപൂർ, അഡാജൻ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ വിഭാഗങ്ങൾ സ്ഥലത്തെത്തി. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. മുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ റോപ്പുകളും സുരക്ഷാ ബെൽറ്റുകളും ഉപയോഗിച്ച് നിതിൻഭായിയെ സുരക്ഷിതമായി ബന്ധിപ്പിച്ച ശേഷമാണ് ഗ്രില്ലിൽ നിന്നും കാൽ വേർപ്പെടുത്തിയത്. താഴെ സുരക്ഷാ വലകൾ വിരിച്ചും നാട്ടുകാരും ഉദ്യോഗസ്ഥരും തയ്യാറായി നിന്നിരുന്നു.
രക്ഷപ്പെടുത്തിയ നിതിൻഭായിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം ചികിത്സയിലാണ്.




