Kerala
ആര്‍ ശ്രീലേഖക്ക് കടുംവെട്ട്; വി വി രാജേഷ് മേയര്‍ സ്ഥാനാര്‍ഥിയാകും
സംഘടനാ ജനറല്‍ സെക്രട്ടറി എസ് സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും ശ്രീലേഖയുടെ വീട്ടിലെത്തി സാഹചര്യം ധരിപ്പിക്കുകയായിരുന്നു
തിരുവനന്തപുരം | ഏറെ ചര്‍ച്ചകള്‍ക്കു ശേഷം വി വി രാജേഷിനെ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന നിര്‍ണായക യോഗം നടക്കുകയാണ്. മേയര്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ബിജെപിയില്‍ കടുത്ത ഭിന്നതയുണ്ട്. വിവി രാജേഷിന് പുറമെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പേരും മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും ശ്രീലേഖയുണ്ടാകില്ലെന്നാണ് അറിയുന്നത്. ആ സ്ഥാനത്തേക്ക് ആശാ നാഥിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും ചേര്‍ന്നാണ് തീരുമാനമെടുത്തിരിക്കുന്നത് . ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.തിരുവനന്തപുരത്ത് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്താണ് ശ്രീലേഖയെ അനുനയിപ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ഇന്നു രാവിലെ വരെ ചര്‍ച്ചകള്‍ നടന്നിരുന്നത്. എന്നാല്‍, എതിര്‍പ്പുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്. വിഷയത്തില്‍ ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി.
സംഘടനാ ജനറല്‍ സെക്രട്ടറി എസ് സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും ശ്രീലേഖയുടെ വീട്ടിലെത്തി സാഹചര്യം ധരിപ്പിക്കുകയായിരുന്നു. അതേസമയം, വിഷയത്തില്‍ മാധ്യമങ്ങളോടു പ്രതികരിക്കാന്‍ ശ്രീലേഖ തയാറായിട്ടില്ല.
വി വി രാജേഷിനെയാണ് മേയര്‍ സ്ഥാനത്തേക്ക് ആര്‍ എസ് എസ് മുന്നോട്ട് വെച്ചത്. എന്നാല്‍ ആര്‍ ശ്രീലേഖയ്ക്കാണ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം പിന്തുണ പ്രഖ്യാപിച്ചത്




