Connect with us

Kerala

തൃശൂരില്‍ ഡോ. നിജി ജസ്റ്റിന്‍ മേയറാകും; എ പ്രസാദ് ഡെപ്യൂട്ടി മേയര്‍

സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശവും കൗണ്‍സിലര്‍മാരുടെ അഭിപ്രായവും പരിഗണിച്ചാണ് കോണ്‍ഗ്രസ്സ് തീരുമാനം.

Published

|

Last Updated

തൃശൂര്‍ | ഡോ. നിജി ജസ്റ്റിന്‍ തൃശൂര്‍ കോര്‍പറേഷന്‍ മേയറാകും. എ പ്രസാദാണ് ഡെപ്യൂട്ടി മേയര്‍. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശവും കൗണ്‍സിലര്‍മാരുടെ അഭിപ്രായവും പരിഗണിച്ചാണ് കോണ്‍ഗ്രസ്സ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

കിഴക്കുംപാട്ട് വാര്‍ഡില്‍ നിന്നാണ് ഗൈനക്കോളജിസ്റ്റും ഡി സി സി വൈസ് പ്രസിഡന്റായ നിജി ജസ്റ്റിന്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 614 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, മഹിളാ കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

413 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ പി സി സി സെക്രട്ടറി കൂടിയായ എ പ്രസാദ് സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ നിന്ന് വിജയം നേടിയത്. നേരത്തെ കൗണ്‍സിലര്‍ പദവിയിലിരുന്നതിന്റെ അനുഭവ പരിചയവും പ്രസാദിനുണ്ട്.

മേയര്‍ പദവിയില്‍ ആരെ അവരോധിക്കണമെന്നതിനെ ചൊല്ലി കോണ്‍ഗ്രസ്സില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഡോ. നിജി ജസ്റ്റിനെ മേയര്‍ ആക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണിത്. മുന്‍ പരിചയമുള്ള ലാലി ജെയിംസ്, സുബി ബാബു എന്നിവരെ തഴഞ്ഞതിലായിരുന്നു പ്രതിഷേധം.

 

 

Latest