International
ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ആസ്ഥാനം തകർത്തെന്ന് അമേരിക്ക; ‘പാമ്പിന്റെ തലയറുത്തു’വെന്ന് സെന്റ്കോം
പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ ഞായറാഴ്ച രാത്രിയും ടെഹ്‌റാനിൽ ശക്തമായ സ്ഫോടനങ്ങൾ തുടർന്നു.
ന്യൂഡൽഹി | ഇറാന്റെ സൈനിക ശക്തിയുടെ നട്ടെല്ലായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐ ആർ ജി സി) ആസ്ഥാനം വൻ വ്യോമാക്രമണത്തിലൂടെ തകർത്തതായി അമേരിക്കൻ സൈന്യം സ്ഥിരീകരിച്ചു. കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഉത്തരവാദികളായ ഐ ആർ ജി സിക്ക് ഇനി സ്വന്തമായി ഒരു ആസ്ഥാനം പോലുമില്ലെന്ന് യു എസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) പ്രസ്താവനയിൽ വ്യക്തമാക്കി. പാമ്പിന്റെ തലയറുത്തു എന്നാണ് ഈ സൈനിക നീക്കത്തെ അമേരിക്ക വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈന്യം അമേരിക്കയുടേതാണെന്ന് സെന്റ്കോം എക്സിലൂടെ ഓർമ്മിപ്പിച്ചു.
അമേരിക്കയ്ക്കൊപ്പം ഇസ്റാഈലും ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. ഐ ആർ ജി സിയുടെ ഇന്റലിജൻസ് ആസ്ഥാനം, വ്യോമസേനയുടെ കമാൻഡ് സെന്ററുകൾ, ആഭ്യന്തര സുരക്ഷാ ആസ്ഥാനങ്ങൾ തുടങ്ങി ഡസൻ കണക്കിന് കേന്ദ്രങ്ങളാണ് ഇസ്റാഈൽ തകർത്തത്. ഇതോടെ ഇറാന്റെ നിയന്ത്രണ സംവിധാനങ്ങളും കമാൻഡ് ആൻഡ് കൺട്രോൾ ശേഷിയും പൂർണ്ണമായും തകർന്നതായും നിരവധി ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും ഇസ്റാഈൽ അവകാശപ്പെട്ടു.
പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ ഞായറാഴ്ച രാത്രിയും ടെഹ്‌റാനിൽ ശക്തമായ സ്ഫോടനങ്ങൾ തുടർന്നു. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തെ ലക്ഷ്യമിട്ടാണ് ഇസ്റാഈൽ ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായി ഇസ്റാഈലിലേക്കും ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളിലേക്കും സഊദി തലസ്ഥാനമായ റിയാദിലേക്കും ദുബൈയിലേക്കും ഇറാൻ മിസൈലുകളും ഡ്രോണുകളും അയച്ചു.
അതേസമയം, രാജ്യത്തെ ഭരണം നിയന്ത്രിക്കാൻ അലിറേസ അറാഫിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കൗൺസിലിനെ ഇറാൻ നിയമിച്ചു.
Summary
The United States Central Command (CENTCOM) has confirmed the total destruction of the Islamic Revolutionary Guard Corps (IRGC) headquarters in a massive strike, describing the operation as “cutting off the head of the snake.” Following the assassination of Supreme Leader Khamenei, coordinated US and Israeli attacks have targeted dozens of military, intelligence, and air force command centers across Iran, severely crippling Tehran’s command-and-control capabilities. In response to these incursions, Iran has launched retaliatory missile and drone strikes against Israel and various US installations across the Gulf region.


