Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഡി മണിയുടെ പങ്കാളിത്തം; പോറ്റിയേയും സുധീഷ് കുമാറിനേയും ജയിലില്‍ ചോദ്യം ചെയ്ത് എസ് ഐ ടി
വിദേശ വ്യവസായിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഡി മണി എന്നയാളുടെ ഇടപെടലിനെ കുറിച്ച് അറിയാനായിരുന്നു ചോദ്യം ചെയ്യല്‍
പത്തനംതിട്ട | ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയേയും സുധീഷ് കുമാറിനേയും ജയിലിലെത്തി ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണസംഘം. വിദേശ വ്യവസായിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഡി മണി എന്നയാളുടെ ഇടപെടലിനെ കുറിച്ച് അറിയാനായിരുന്നു ചോദ്യം ചെയ്യല്‍. ഡിണ്ടിഗല്‍ സ്വദേശി ബാലമുരുകനെന്ന ഡി മണിയെ ചെന്നൈയില്‍ നിന്നാണ് എസ്ഐടി കണ്ടെത്തിയത്. ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതിനു പിന്നില്‍ ചെന്നൈ സ്വദേശിയായ മണി എന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി.
ശബരിമല സ്വര്‍ണ്ണക്കൊള്ള സമയത്ത് ഡി മണി തിരുവനന്തപുരത്തെത്തി ശബരിമലയിലെ ഉന്നതരുമായി ചില ഇടപാടുകള്‍ നടത്തിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. 2020 ഒക്ടോബര്‍ 20ന് പണം കൈമാറ്റം നടന്നുവെന്നും മൊഴി നല്‍കിയിരുന്നു. ശബരിമലയിലെ ഉന്നതനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി മണിയും മാത്രമാണ് പണം കൈമാറ്റത്തില്‍ പങ്കെടുത്തതെന്ന് വിദേശ വ്യവസായി മൊഴി നല്‍കിയിരുന്നു.




