Connect with us

Editorial

സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍

ജനാഭിലാഷം നിറവേറ്റുന്ന ഒരു ഭരണമാണ് കര്‍ണാടക ജനത സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനൊപ്പം സാമൂഹിക നീതിയിലും മതേതരത്വത്തിലും അധിഷ്ഠിതമായ ഭരണം.

Published

|

Last Updated

കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേറുകയാണ്. ജനാഭിലാഷം നിറവേറ്റുന്ന ഒരു ഭരണമാണ് കര്‍ണാടക ജനത സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനൊപ്പം സാമൂഹിക നീതിയിലും മതേതരത്വത്തിലും അധിഷ്ഠിതമായ ഭരണം. ഇതോടൊപ്പം ബി ജെ പിയെ ജനങ്ങള്‍ എഴുതിത്തള്ളാനിടയായതിന്റെ കാരണങ്ങള്‍ കണ്ടറിഞ്ഞ് തങ്ങളുടെ ഭരണത്തില്‍ അത്തരം അപാകങ്ങള്‍ സംഭവിക്കാതിരിക്കാനും ബദ്ധശ്രദ്ധ ആവശ്യമാണ്.
അഴിമതി, തൊഴിലില്ലായ്മ, സിദ്ധരാമയ്യയോടും ഡി കെ ശിവകുമാറിനോടും കിടപിടിക്കുന്ന ശക്തമായ നേതൃത്വത്തിന്റെ ബി ജെ പിയിലെ അഭാവം, രാഷ്ട്രീയ സമവാക്യങ്ങളിലെ മാറ്റം യഥാസമയം കണ്ടറിയുന്നതിലെ വീഴ്ച, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസ്സിലേക്കും ജനതാ ദളിലേക്കുമുള്ള നേതാക്കളുടെ കൂട്ട ഒഴുക്ക് തുടങ്ങി ബി ജെ പി പരാജയത്തിന് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തിരഞ്ഞെടുപ്പിനു മുമ്പ് എന്‍ ഡി ടി വിയും മറ്റൊരു കന്നട മാധ്യമ സ്ഥാപനവും നടത്തിയ പ്രീ -പോള്‍ സര്‍വേകളില്‍ ഭൂരിപക്ഷം പേരും ബി ജെ പിയുടെ അഴിമതി ഭരണത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. മന്ത്രിമാരുള്‍പ്പെടെ പാര്‍ട്ടിയിലെ നിരവധി നേതാക്കള്‍ ഗുരുതര അഴിമതിയാരോപണങ്ങള്‍ക്ക് വിധേയരായി. അഴിമതിയുടെ പേരിലാണ് ബി ജെ പി നേരത്തേ യെദിയുരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതെങ്കില്‍ ബസവരാജ് ബൊമ്മൈ നേതൃസ്ഥാനത്ത് വന്ന ശേഷം അഴിമതി നിയന്ത്രിക്കാന്‍ അദ്ദേഹത്തിനും സാധിച്ചില്ല. അഴിമതിമുക്ത ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അഴിമതിയുടെ കറപുരളാത്ത നേതാവെന്ന നിലയില്‍ ജനങ്ങളുടെ ഈ പ്രതീക്ഷ നിറവേറ്റാന്‍ സിദ്ധരാമയ്യക്കും സാധിക്കേണ്ടതാണ്.

കൊടിയ വര്‍ഗീയതയും വെറുപ്പിന്റെ രാഷ്ട്രീയവുമാണ് ബി ജെ പിയുടെ പരാജയത്തിന് മറ്റൊരു മുഖ്യകാരണം. കര്‍ണാടകയില്‍ മത ന്യൂനപക്ഷങ്ങള്‍ വിശേഷിച്ച് മുസ്‌ലിം സമുദായം കടുത്ത അരക്ഷിതാവസ്ഥയിലായിരുന്നു ബി ജെ പി ഭരണ കാലത്ത്. ഹിജാബ് നിരോധനം, മുസ്‌ലിം സംവരണം എടുത്തുകളയല്‍, ഗോസംരക്ഷണത്തിന്റെ പേരില്‍ മുസ്‌ലിം വേട്ട, മുസ്‌ലിം വിരോധം പ്രമേയമാക്കിയ കേരള സ്റ്റോറി സിനിമയെ പ്രകീര്‍ത്തിക്കല്‍, രാമനഗരിയില്‍ അയോധ്യ മോഡല്‍ രാമക്ഷേത്രം തുടങ്ങി വര്‍ഗീയവത്കരണം ലക്ഷ്യമാക്കിയുള്ള പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും പദ്ധതികളുമാണ് ബി ജെ പി ഭരണത്തില്‍ യെദിയുരപ്പ, ബസവരാജ് ബൊമ്മൈ സര്‍ക്കാറുകള്‍ നടപ്പാക്കിയത്. ക്രിസ്തീയ സമുദായവും അവിടെ നിരന്തരം വേട്ടയാടപ്പെട്ടു.

വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടാണ് തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് സ്വീകരിച്ചത്. ഹിജാബ് നിരോധിച്ച സംസ്ഥാനത്ത് പര്‍ദയിട്ട വനിതയെ സ്ഥാനാര്‍ഥിയാക്കി മികച്ച വിജയത്തിലെത്തിച്ചു, സ്ഥാനാര്‍ഥിപ്പട്ടികയില്‍ മുസ്‌ലിംകള്‍ക്ക് മോശമല്ലാത്ത പ്രാതിനിധ്യം നല്‍കി, അയോധ്യയാക്കുമെന്ന് ബി ജെ പി പ്രഖ്യാപിച്ച രാമനഗരിയില്‍ ഒരു മുസ്‌ലിം നേതാവിനെ സ്ഥാനാര്‍ഥിയാക്കി. ഹിന്ദുത്വ വര്‍ഗീയതക്കെതിരെ ഈ വിധം പാര്‍ട്ടി കാണിച്ച ചെറുത്തു നില്‍പ്പും ചങ്കൂറ്റവും ഭരണത്തിലും പ്രകടമാക്കേണ്ടതുണ്ട്. ഹിജാബ് നിരോധനം പിന്‍വലിക്കുകയും എടുത്തു കളഞ്ഞ മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കുകയും ചെയ്യുമെന്ന വാഗ്ദാനം പാര്‍ട്ടി നിറവേറ്റണം.
ദുര്‍ബല വിഭാഗങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സൗജന്യങ്ങളും കോണ്‍ഗ്രസ്സിന്റെ വിജയത്തില്‍ ഒരു ഘടകമാണ്. എല്ലാ വീടുകളിലും പ്രതിമാസം 200 യൂനിറ്റ് സൗജന്യ വൈദ്യുതി ലഭ്യമാക്കുന്ന ഗൃഹജ്യോതി പദ്ധതി, കുടുംബ നാഥകളായ സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 രൂപ ലഭ്യമാകുന്ന ഗൃഹലക്ഷ്മി പദ്ധതി, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ഉചിത പ്രയാണ പദ്ധതി, തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് പ്രതിമാസം 3,000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 1,500 രൂപയും തൊഴിലില്ലാവേതനം, ബി പി എല്‍ കുടുംബങ്ങളിലെ ഓരോ അംഗത്തിനും പ്രതിമാസം 10 കിലോ സൗജന്യ അരി എന്നിവയാണ് കോണ്‍ഗ്രസ്സ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍. സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഇതൊരു വലിയൊരു ബാധ്യതയായി തീരും. പ്രതിവര്‍ഷം 50,000 കോടിയെങ്കിലും വേണം ഈ പദ്ധതികള്‍ നടപ്പാക്കാന്‍. കഴിഞ്ഞ നവംബറില്‍ നടന്ന ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സ് വിജയത്തിന് സഹായിച്ചിട്ടുണ്ട് ഇത്തരം വാഗ്ദാനങ്ങള്‍. 300 യൂനിറ്റ് സൗജന്യ വൈദ്യുതിയും വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1,500 രൂപയും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള മാറ്റവുമായിരുന്നു ഹിമാചലിലെ വാഗ്ദാനങ്ങള്‍.

പ്രചാരണ രംഗത്ത് നേതാക്കളില്‍ പ്രകടമായ ഐക്യവും സൗഹൃദവും നിലനിര്‍ത്തുകയെന്നത് തുടര്‍ നാളുകളില്‍ അതിപ്രധാനമാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിലും മുമ്പില്ലാത്ത വിധം ഏകോപനം കാണപ്പെട്ടു. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തോളോടുതോളുരുമ്മിയാണ് പ്രചാരണ രംഗത്ത് പ്രവര്‍ത്തിച്ചത്. ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് പാര്‍ട്ടി അവിടെ കാഴ്ച വെച്ചത്. രാജസ്ഥാനില്‍ സംഭവിച്ച പോലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി നേതാക്കള്‍ക്കിടയില്‍ ഉണ്ടായ ഭിന്നതയും വടംവലിയും അതൃപ്തിയും സര്‍ക്കാറിന്റെ ഭാവിപ്രവര്‍ത്തനത്തെ ബാധിക്കാനിടയാക്കരുത്. ആദര്‍ശ രാഷ്ട്രീയം അധികാര രാഷ്ട്രീയത്തിന് വഴിമാറിയ നിലവിലെ സാഹചര്യത്തില്‍ പദവികളെയും സ്ഥാനമാനങ്ങളെയും ചൊല്ലി ഭിന്നത സ്വാഭാവികമാണ്. എന്നാല്‍ പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തി ഐക്യഫോര്‍മുല അംഗീകരിച്ചു കഴിഞ്ഞാല്‍ പഴയതെല്ലാം മറക്കണം. വ്യക്തിതാത്പര്യങ്ങളേക്കാളുപരി പാര്‍ട്ടിയുടെ കെട്ടുറപ്പിനായിരിക്കണം പ്രാധാന്യം കല്‍പ്പിക്കേണ്ടത്. ഏറെ ജനസമ്മതനും ഏറെ അനുഭവ സമ്പത്തുമുള്ള അഴിമതിയുടെ കറപുരളാത്ത നേതാവാണ് സിദ്ധരാമയ്യ. പാര്‍ട്ടിയിലെ ഏറ്റവും ഊര്‍ജസ്വലനും രാഷ്ട്രീയ തന്ത്രശാലിയുമായ നേതാവാണ് ഡി കെ ശിവകുമാര്‍. ഇവര്‍ രണ്ട് പേരുടെയും കഠിന ശ്രമങ്ങള്‍ കൂടിയാണ് പാര്‍ട്ടിയെ വിജയത്തിലെത്തിച്ചത്. ഈ പ്രതിബദ്ധത പാര്‍ലിമെന്ററി രംഗത്തും പ്രകടമാകേണ്ടതാണ്.

Latest