Connect with us

israel

ഇസ്‌റാഈലില്‍ വീണ്ടും നെതന്യാഹു വരുമ്പോള്‍

തീവ്ര വലതുപക്ഷ ആശയങ്ങളുടെ ആള്‍രൂപമായ നെതന്യാഹു 12 വര്‍ഷക്കാലത്തെ തുടര്‍ച്ചയായ ഭരണ സാരഥ്യത്തില്‍ നിന്ന് വീണിട്ടും തിരിച്ചെത്തുന്നത് ഏറ്റവും അപകടകരമായ രാഷ്ട്രീയ സമവാക്യത്തിലൂടെയാണ്.

Published

|

Last Updated

സ്‌റാഈലില്‍ ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഉറപ്പായിരിക്കുന്നു. 90 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ലിക്കുഡ് പാര്‍ട്ടിയും തീവ്ര വലതുപക്ഷ കൂട്ടാളികളും ചേര്‍ന്ന് 65ലേറെ സീറ്റുകള്‍ നേടിയെന്നാണ് റിപോര്‍ട്ട്. നെസ്സറ്റി (ഇസ്‌റാഈല്‍ പാര്‍ലിമെന്റ്)ല്‍ ആകെ 120 സീറ്റുകളാണുള്ളത്. അന്തിമ ഫലപ്രഖ്യാപനം ഇന്നുണ്ടാകും. ഇപ്പോഴത്തെ പ്രധാനമന്ത്രി യേര്‍ ലാപ്പിഡിന്റെ പാര്‍ട്ടി ഏറെ പിന്നിലാണ്. സഖ്യ സര്‍ക്കാറുണ്ടാക്കാനുള്ള കെല്‍പ്പ് മറ്റു പാര്‍ട്ടികള്‍ക്കില്ലെന്നാണ് വിലയിരുത്തല്‍. 2019ന് ശേഷം ഇസ്‌റാഈലില്‍ നടക്കുന്ന അഞ്ചാമത്തെ പൊതു തിരഞ്ഞെടുപ്പിന്റെ ഫലമാണ് പുറത്ത് വരുന്നത്. ആ രാജ്യം കടന്നുപോകുന്ന കടുത്ത രാഷ്ട്രീയ അസ്ഥിരതയുടെ തെളിവാണ് ഈ ആശയക്കുഴപ്പങ്ങള്‍. തീവ്ര വലതുപക്ഷ ആശയങ്ങളുടെ ആള്‍രൂപമായ നെതന്യാഹു 12 വര്‍ഷക്കാലത്തെ തുടര്‍ച്ചയായ ഭരണ സാരഥ്യത്തില്‍ നിന്ന് വീണിട്ടും തിരിച്ചെത്തുന്നത് ഏറ്റവും അപകടകരമായ രാഷ്ട്രീയ സമവാക്യത്തിന്റെ കരുത്തോടെയാണ്. അറബ്‌വംശജര്‍ക്കും ഫലസ്തീനിനുമെതിരായ അക്രമാസക്ത നിലപാടുകള്‍ കൊണ്ട് കുപ്രസിദ്ധമായ റിലീജ്യസ് സയണിസം പാര്‍ട്ടി 15ലേറെ സീറ്റുകളോടെയാണ് പുതിയ സര്‍ക്കാറില്‍ പങ്കാളിയാകാന്‍ പോകുന്നത്. ഫലസ്തീന്‍ രാഷ്ട്രത്തിന് നിലനില്‍ക്കാന്‍ അര്‍ഹതയില്ലെന്ന നിലപാട് പലതവണ ആവര്‍ത്തിച്ച നെതന്യാഹുവിന് ആ നയം എങ്ങനെ നടപ്പാക്കണമെന്ന് ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടതില്ല. അപ്പോള്‍ പിന്നെ സയണിസ്റ്റ് പാര്‍ട്ടി കൂടി വരുമ്പോള്‍ എന്തായിരിക്കും സ്ഥിതി?

അറബ് പാര്‍ട്ടി കൂടി പങ്കാളിയായിരുന്ന, സ്ഥാനമൊഴിയുന്ന സര്‍ക്കാര്‍ തന്നെ ആ നയം നടപ്പാക്കുകയായിരുന്നുവല്ലോ. അതിന്റെ നിദര്‍ശനമാണല്ലോ കഴിഞ്ഞ രണ്ട് വര്‍ഷമായി വെസ്റ്റ് ബാങ്കിലും ഗാസയിലും കിഴക്കന്‍ ജറൂസലമിലും അരങ്ങേറുന്ന കുരുതികള്‍. ഫലസ്തീന്‍ യുവാക്കള്‍ മരിച്ചു വീഴാത്ത ദിനങ്ങളില്ലാതായിരിക്കുന്നു. ഈ ചോരക്കളിക്ക് കൂടുതല്‍ ക്രൗര്യം കൈവരികയാകും സയണിസ്റ്റ് പാര്‍ട്ടിയുടെ അധികാര പങ്കാളിത്തത്തോടെ നടക്കുക.
1996ലാണ് നെതന്യാഹു ആദ്യമായി ഇസ്‌റാഈല്‍ പ്രധാനമന്ത്രിയായത്. ആദ്യ ഊഴം മൂന്ന് വര്‍ഷം നിലനിന്നു. 2009ലെ രണ്ടാമൂഴം 12 വര്‍ഷം തുടര്‍ച്ചയായി നീണ്ടു. ബരാക് ഒബാമ യു എസ് പ്രസിഡന്റായപ്പോള്‍ ഫലസ്തീനിനോടുള്ള സമീപനത്തില്‍ ചില അയവുകള്‍ പ്രകടിപ്പിച്ചെങ്കിലും ബാക്കിയുള്ള മുഴുവന്‍ സമയങ്ങളിലും അറബ്, ഫലസ്തീന്‍വിരുദ്ധതയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം. ഫലസ്തീന്‍ മണ്ണിലേക്ക് നുഴഞ്ഞ് കയറി ജൂത കുടിയേറ്റ ഭവനങ്ങള്‍ മിക്കവയും പണിതത് നെതന്യാഹുവിന്റെ കാലത്താണ്. അവ നിയമവിധേയമാക്കാന്‍ നിരവധി നിയമ നിര്‍മാണങ്ങള്‍ നടന്നു. അറബ് വംശജരെ രണ്ടാം തരം പൗരന്‍മാരാക്കുന്ന പൗരത്വ നിയമം കൊണ്ടുവന്നു. യു എസില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ നെതന്യാഹു കൂടുതല്‍ കരുത്തനായി. ജറൂസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതിന് അന്താരാഷ്ട്ര അംഗീകാരം കൈവന്നുവെന്ന് ആഘോഷിക്കാന്‍ നെതന്യാഹുവിന് സാധിച്ചു. ട്രംപിന് മുമ്പ് ഒരു പ്രസിഡന്റും ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമാക്കിയ നടപടിക്ക് താഴെ ഒപ്പുവെച്ചിട്ടില്ല. ഒരു ഭാഗത്ത്, അറബ് രാജ്യങ്ങളുമായി നയതന്ത്ര കരാറുകളുണ്ടാക്കുമ്പോഴും ഫലസ്തീന്‍ നയത്തില്‍ ഒരു മാറ്റവും വരുത്താന്‍ അദ്ദേഹം തയ്യാറായില്ല.

അഴിമതിയാരോപണങ്ങളുടെ അഴുക്കുചാലില്‍ വീണ നെതന്യാഹുവിനെയാണ് 2016ന് ശേഷം കണ്ടത്. അദ്ദേഹത്തിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. തീവ്ര ദേശീയത കത്തിക്കുന്ന പ്രസ്താവനകളും നടപടികളും കൈകൊണ്ടിട്ടും അദ്ദേഹത്തിന് നിവര്‍ന്നു നില്‍ക്കാനായില്ലെന്നത് ലോകത്താകെയുള്ള ജനാധിപത്യ വിശ്വാസികള്‍ക്ക് ആവേശം പകരുന്നതായിരുന്നു. 2019ല്‍ കൈക്കൂലി, തട്ടിപ്പ്, വിശ്വാസവഞ്ചന എന്നിങ്ങനെ മൂന്ന് കേസുകളില്‍ പ്രതിയായി. വിചാരണ നേരിടുന്ന ആദ്യത്തെ പ്രധാനമന്ത്രിയായി. മൂന്ന് തിരഞ്ഞെടുപ്പുകളിലും ആര്‍ക്കും ഭൂരിപക്ഷം കിട്ടാതിരിക്കുകയും ഇസ്‌റാഈല്‍ കടുത്ത രാഷ്ട്രീയ അസ്ഥിരതയിലേക്ക് നീങ്ങുകയും ചെയ്ത ഘട്ടത്തിലാണ് 2021ല്‍ ഒരു പൊരുത്തവുമില്ലാത്ത വിചിത്ര സഖ്യം അധികാരത്തില്‍ വന്നത്. യെഷ് ആറ്റിഡ് പാര്‍ട്ടി മേധാവിയും പ്രതിപക്ഷ നേതാവുമായ യേര്‍ ലാപ്പിഡ് ആണ് എട്ട് പാര്‍ട്ടികളുമായുള്ള സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യാമിന പാര്‍ട്ടിയുടെ അധ്യക്ഷനും കടുത്ത മുസ്‌ലിംവിരുദ്ധനുമായ നഫ്താലി ബെന്നറ്റും ലാപ്പിഡും രണ്ട് വര്‍ഷം വീതം പ്രധാനമന്ത്രിപദം പങ്കിടാനാണ് തീരുമാനിച്ചത്. ആദ്യ ഊഴം ബെന്നറ്റിനായിരുന്നു. ഫലസ്തീന്‍ വിഷയത്തില്‍ അടക്കം സര്‍വ നിലപാടുകളിലും നെതന്യാഹുവിന്റെ നേര്‍പതിപ്പായിരുന്നു ബെന്നറ്റ്. ഇദ്ദേഹം നേരത്തേ നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫായി പ്രവര്‍ത്തിച്ചയാളുമാണ്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി യേര്‍ ലാപ്പിഡ് നെതന്യാഹു മന്ത്രിസഭയില്‍ നേരത്തേ അംഗമായിരുന്നു. ഇത്തരമൊരു സഖ്യത്തില്‍ മന്‍സൂര്‍ അബ്ബാസിന്റെ നേതൃത്വത്തിലുള്ള യുനൈറ്റഡ് അറബ് ലിസ്റ്റ് പാര്‍ട്ടിയും അംഗമായിരുന്നു. തീവ്ര വലതുപക്ഷക്കാര്‍, മധ്യ വലതന്‍മാര്‍, അറബ് പാര്‍ട്ടി, പേരിനെങ്കിലും ഇടത് സാന്നിധ്യം. ഈ വിചിത്ര സഖ്യത്തിന്റെ പിടിപ്പുകേടാണ് നെതന്യാഹുവിന് കൂടുതല്‍ കരുത്തോടെ അധികാരത്തില്‍ വരാന്‍ വഴിയൊരുക്കിയിരിക്കുന്നത്.

ആര് ഭരിച്ചാലും താക്കോല്‍ സ്ഥാനങ്ങളില്‍ തീവ്ര സയണിസ്റ്റുകള്‍ ഉണ്ടാകുമെന്ന നിലയിലേക്ക് ഇസ്‌റാഈല്‍ രാഷ്ട്രീയം മാറിക്കഴിഞ്ഞിരിക്കുന്നുവെന്നതാണ് സത്യം. എന്നിട്ടും സഖ്യ സര്‍ക്കാര്‍ അറബ് വംശജര്‍ക്ക് കീഴടങ്ങുന്നുവെന്ന വര്‍ഗീയ മുദ്രാവാക്യമുയര്‍ത്തി കൂറ്റന്‍ റാലികള്‍ക്ക് നെതന്യാഹു നേതൃത്വം നല്‍കി. നെതന്യാഹുവിന്റെ ആജ്ഞാനുവര്‍ത്തിയായ സയണിസ്റ്റ് തീവ്രവാദി ഇറ്റ്മര്‍ ഗവിറിന്റെ നേതൃത്വത്തില്‍ ശൈഖ് ജറാഹില്‍ ഫലസ്തീന്‍ കുടുംബങ്ങളെ ആക്രമിച്ചതും ജൂത ഭീകര സംഘമായ ലഹവ ഗ്രൂപ്പിനെ ഇളക്കിവിട്ട് അല്‍ അഖ്‌സയില്‍ സംഘര്‍ഷം സൃഷ്ടിച്ചതും ഹമാസിന്റെ പ്രതിരോധം ക്ഷണിച്ചു വരുത്തിയതുമെല്ലാം തന്റെ അധികാരനഷ്ടം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു. അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി എപ്പോഴൊക്കെ ഫലസ്തീന്‍ വിഷയത്തില്‍ സമന്വയ സ്വഭാവം പ്രകടിപ്പിച്ചിട്ടുണ്ടോ അതിന്റെ പിറകെ ആക്രമണത്തിനും നെതന്യാഹു മുതിര്‍ന്നിട്ടുണ്ട്. ഇസ്‌റാഈലില്‍ രൂപപ്പെട്ടുവരുന്ന സയണിസ്റ്റ്‌വിരുദ്ധ ജനാധിപത്യ ചലനങ്ങള്‍ അതിവേഗം ദുര്‍ബലമാകുകയും തീവ്ര വലതുപക്ഷ തന്ത്രങ്ങള്‍ ശക്തമായ തിരഞ്ഞെടുപ്പ് ആയുധമാണെന്ന് ഒരിക്കല്‍ കൂടി തെളിയുകയും ചെയ്യുന്നു നെതന്യാഹുവിന്റെ തിരിച്ചു വരവിലൂടെ. ബ്രസീലില്‍ ലുല ഡസല്‍വയുടെ വിജയമുണ്ടാക്കിയ പ്രതീക്ഷകള്‍ക്കിടെ വരുന്ന നിരാശയാണിത്.

Latest