Uae
വാട്സ്ആപ്പ് സ്റ്റാറ്റസ് കേസ്: യുവാവിനെ കോടതി വെറുതെ വിട്ടു
24 മണിക്കൂറിനുള്ളില്‍ സ്റ്റാറ്റസ് മാഞ്ഞത് പ്രതിക്ക് തുണയായി. സഹോദരന്റെ ഭാര്യയെ 'തേള്‍' എന്ന് വാട്സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടെന്നായിരുന്നു കേസ്.
ദുബൈ | സഹോദരന്റെ ഭാര്യയെ ‘തേള്‍’ എന്ന് വാട്സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടെന്ന കേസില്‍ അറബ് യുവാവിനെ ദുബൈ അപ്പീല്‍ കോടതി വെറുതെ വിട്ടു. മതിയായ തെളിവുകളില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് കീഴ്‌ക്കോടതിയുടെ ശിക്ഷാവിധി അപ്പീല്‍ കോടതി റദ്ദാക്കിയത്.
‘എന്റെ സഹോദരന്റെ ഭാര്യ ഇല്ലാത്ത ജീവിതം എത്ര സുന്ദരം’, ‘തേളുകള്‍ ഇല്ലാത്ത വീടുകള്‍ എത്ര മനോഹരം’ എന്നിങ്ങനെയായിരുന്നു ഇയാള്‍ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നത്. ഇത് തന്നെ അപമാനിക്കുന്നതാണെന്ന് കാണിച്ച് സഹോദരന്റെ ഭാര്യ പരാതി നല്‍കി. കേസില്‍ വിചാരണ കോടതി യുവാവിന് 5,000 ദിര്‍ഹം പിഴയും ഫോണ്‍ കണ്ടുകെട്ടാനും വിധിച്ചിരുന്നു. ഇതിനെതിരെയാണ് യുവാവ് അപ്പീല്‍ നല്‍കിയത്.
വാട്സ്ആപ്പ് സ്റ്റാറ്റസ് 24 മണിക്കൂറിനുള്ളില്‍ അപ്രത്യക്ഷമാകുന്നതിനാല്‍ ആരോപണം ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിച്ചില്ല. ഫോറന്‍സിക് പരിശോധനയില്‍ ഇത്തരമൊരു സ്റ്റാറ്റസ് കണ്ടെത്താനായില്ല.
ഡിജിറ്റല്‍ തെളിവുകള്‍ കെട്ടിച്ചമയ്ക്കാന്‍ എളുപ്പമാണെന്നും പരാതിക്കാരുടെ മൊഴി മാത്രം അടിസ്ഥാനമാക്കി ശിക്ഷിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് പരാതിയെന്നും സംശയത്തിന്റെ ആനുകൂല്യം നല്‍കി യുവാവിനെ കുറ്റവിമുക്തനാക്കുകയാണെന്നും കോടതി വ്യക്തമാക്കി.




