National
മുംബൈയില്‍ കനത്ത മഴ കാരണം ഇന്ന് സ്‌കൂളുകള്‍ക്ക് അവധിയെന്ന് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍; വ്യാജമെന്ന് ബിഎംസി
യഥാര്‍ത്ഥത്തില്‍ ഓഗസ്റ്റ് 20ന് മുംബൈ, താനെ, പാല്‍ഘര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.

മുംബൈ|മുംബൈയില്‍ കനത്ത മഴ കാരണം ബുധനാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധിയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി). തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ബിഎംസി ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ഓഗസ്റ്റ് 20ന് മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്ന് വ്യാജ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
യഥാര്‍ത്ഥത്തില്‍ ഓഗസ്റ്റ് 20ന് മുംബൈ, താനെ, പാല്‍ഘര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചില സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ബിഎംസി വ്യക്തമാക്കി. റായ്ഗഡില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.