Editorial
ചിന്നസ്വാമി സ്റ്റേഡിയ ദുരന്തം ക്ഷണിച്ചു വരുത്തിയത്?
കാണികളും കായിക പ്രേമികളും തടിച്ചുകൂടുന്ന വേദികളില്‍ ആവേശം അലതല്ലുമ്പോള്‍ നിയമത്തിന്റെ എല്ലാ അതിര്‍ വരമ്പുകളും ലംഘിക്കാനിടയാക്കുമെന്ന വസ്തുത മുന്‍കണ്ട് കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സംഘാടകരും നിയമപാലകരും ജാഗ്രത പാലിക്കേണ്ടതുണ്ട്.

ക്ഷണിച്ചു വരുത്തിയ ദുരന്തമായിരുന്നോ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലേത്? നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും മറികടന്നാണ് ഐ പി എല്‍ കിരീടം നേടിയ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ടീമിന് സ്വീകരണം ഏര്‍പ്പെടുത്തിയതെന്നാണ് റിപോര്‍ട്ട്. പരിപാടിക്ക് വന്‍ജനക്കൂട്ടം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും വിക്ടറി പരേഡ് നടത്തുന്നത് ദുരന്തത്തിനിടയാക്കിയേക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് പരിപാടിയുടെ സംഘാടകരായ കര്‍ണാടക ക്രിക്കറ്റ് അസ്സോസിയേഷന്‍ പരേഡ് പ്രഖ്യാപിച്ചത്. വിക്ടറി പരേഡിന് അനുമതി നല്‍കിയിരുന്നില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും പറയുന്നു.
ആദ്യമായാണ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഐ പി എല്‍ ജേതാക്കളാകുന്നത്. ഇതില്‍ ആഹ്ലാദം പ്രകടിപ്പിക്കാനാണ് കര്‍ണാടക ക്രിക്കറ്റ് അസ്സോസിയേഷന്‍ പരിപാടി സംഘടിപ്പിച്ചത്. സംഘാടകരുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് വന്‍ജനക്കൂട്ടം എത്തിച്ചേര്‍ന്നു. നാല് ലക്ഷം പേരാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിസരത്തുമായി തടിച്ചുകൂടിയത്. സ്റ്റേഡിയത്തിലേക്ക് കടന്നു കയറാനുള്ള കാണികളുടെ തിക്കും തിരക്കുമാണ് അപകടത്തിനിടയാക്കിയത്. തിരക്കില്‍ 14 വയസ്സുള്ള ബാലനടക്കം 11 പേര്‍ മരണപ്പെട്ടു. അമ്പതോളം പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. 35,000 പേരെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ള സ്റ്റേഡിയത്തില്‍ മൂന്ന് ലക്ഷം പേരാണ് കടന്നു പറ്റിയത്.
പാസ്സ് മുഖേന സ്റ്റേഡിയത്തിനകത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്നായിരുന്നു സംഘാടകരുടെ ആദ്യ പ്രഖ്യാപനം. പിന്നീട് പ്രവേശനം സൗജന്യമാക്കുകയും എല്ലാവര്‍ക്കും സ്റ്റേഡിയത്തിലേക്ക് കയറാമെന്ന പ്രഖ്യാപനം വരികയും ഗേറ്റുകള്‍ തുറന്നിടുകയും ചെയ്തതോടെയാണ് വന്‍തിരക്ക് അനുഭവപ്പെട്ടത്. തിരക്ക് വര്‍ധിച്ചതോടെ ബാരിക്കേഡുകള്‍ തകര്‍ന്നു. പിന്നാലെ ആളുകളും നിലത്തുവീണു. നിലത്തുവീണവരെ ചവിട്ടിക്കയറിയാണ് പിന്നീട് ആളുകള്‍ അകത്തേക്ക് പ്രവേശിച്ചത്.
സ്റ്റേഡിയത്തിന്റെ കവാടത്തില്‍ ദുരന്തം സംഭവിച്ചുകൊണ്ടിരുന്നപ്പോള്‍ സ്റ്റേഡിയത്തിനകത്ത് ആഘോഷങ്ങള്‍ തുടര്‍ന്നത് കടുത്ത വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്. ടീം അംഗങ്ങള്‍ ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ഐ പി എല്‍ കിരീടവുമായി ഗ്രൗണ്ട് വലയം വെക്കുകയും ആഘോഷ പരിപാടികളെല്ലാം മുന്‍നിശ്ചയിച്ച പ്രകാരം നടക്കുകയും ചെയ്തു. തുടര്‍ന്ന് വിരാട് കോലി സദസ്സിനോട് സംസാരിച്ചു. സദസ്സിനു പുറത്ത് നടന്ന ദുരന്തം അറിയാതെയാണ് പരിപാടി തുടര്‍ന്നതെന്നാണ് സംഘാടകരുടെ വിശദീകരണം.
ക്രിക്കറ്റ്, ഫുട്ബോള്‍ തുടങ്ങിയ കായിക വിനോദങ്ങളോടുള്ള ഭ്രമം ഒരു തരം ലഹരിയായി വളര്‍ന്ന കാലമാണിത്. താരങ്ങളെ ആരാധനാ മനോഭാവത്തോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാണുന്നത്. തങ്ങളുടെ പ്രിയപ്പെട്ട ടീമുകള്‍ ട്രോഫി നേടുമ്പോഴും ഇഷ്ടതാരങ്ങള്‍ മത്സരത്തിനെത്തുമ്പോഴും കായിക പ്രേമികളില്‍ അത് അതിരുവിട്ട ആഹ്ലാദ പ്രകടനത്തിനിടയാക്കുമെന്നതിന് അനുഭവങ്ങള്‍ ധാരാളം. ഇക്കഴിഞ്ഞ ജനുവരി 30നാണ്, ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍, ഒരു വ്യാഴവട്ടക്കാലത്തെ ഇടവേളക്ക് ശേഷം കളിക്കാനിറങ്ങിയ വിരാട് കോലിയുടെ കളികാണാന്‍ തിങ്ങിക്കൂടിയ കാണികളുടെ തിക്കിലും തിരക്കിലും അകപ്പെട്ട് ഏതാനും പേര്‍ക്ക് പരുക്കേറ്റതും പോലീസുകാരന്റെ ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചതും. ക്രിക്കറ്റ് ഇന്ത്യക്കാര്‍ക്ക് ഭ്രാന്താണെന്ന് സൗത്ത് ആഫ്രിക്കന്‍ താരം ഡെയില്‍ സ്റ്റെയിന്‍ പറഞ്ഞത് വെറുതെയല്ല.
കായിക വിനോദ ഭ്രമം ചിലപ്പോള്‍ കാണികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലെത്തുകയും അത് ദുരന്തമായി പരിണമിക്കുകയും ചെയ്യാറുണ്ട്. അതാണ് 1980 ആഗസ്റ്റ് 16ന് കൊല്‍ക്കത്തയില്‍ സംഭവിച്ചത്. സീനിയര്‍ ലീഗ് ഡിവിഷന്‍ മത്സരത്തില്‍ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും തമ്മിലുള്ള മത്സരത്തിനിടെ കാണികള്‍ ഏറ്റുമുട്ടി. ഇതുമായി ബന്ധപ്പെട്ട തിക്കിലും തിരക്കിലും അകപ്പെട്ട് 16 പേര്‍ മരണപ്പെട്ടു. ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്.
വിദേശ രാജ്യങ്ങളിലും സംഭവിച്ചിട്ടുണ്ട് ഇത്തരം ദുരന്തങ്ങള്‍. 2022 ഒക്ടോബര്‍ ആദ്യത്തില്‍ ഇന്തോനേഷ്യയിലെ കിഴക്കന്‍ ജാവ പ്രവിശ്യയില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവര്‍ 127 പേരാണ്. 180ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2001 മേയ് ഒമ്പതിന് ഘാനയില്‍ അക്ര സ്റ്റേഡിയത്തില്‍ ദേശീയ മത്സരത്തിനിടെ ആരാധകര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് പോലീസിന് കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടി വന്നു. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും 130 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 1982 ഒക്ടോബര്‍ 20ന് മോസ്‌കോയിലെ ലുസ്‌കിനി സ്റ്റേഡിയത്തില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടെയാണ് മറ്റൊരു ദുരന്തം. 340 പേര്‍ മരിച്ചു. 1989 ഏപ്രില്‍ 15ന് ഇംഗ്ലണ്ടിലെ ഹില്‍സ്ബറോ സ്റ്റേഡിയത്തില്‍ എഫ് എ കപ്പ് സെമി ഫൈനലില്‍ ലിവര്‍പൂളും നോട്ടിംഗ് ഹാം ഫോറസ്റ്റും തമ്മില്‍ നടന്ന മത്സരത്തിനിടെയുണ്ടായ തിരക്കില്‍ പെട്ട് മരിച്ചത് 97 പേരാണ്. 1964ല്‍ പെറുവിലെ എസ്താഡിയയില്‍ അര്‍ജന്റീനയും പെറുവും തമ്മിലുള്ള ഒളിമ്പിക് യോഗ്യതാ മത്സരത്തിനിടെ പെറുവിന്റെ ഒരു ഗോള്‍ റഫറി നിഷേധിച്ചത് കലാപത്തിന് വഴിമരുന്നിട്ടു. 328 പേര്‍ മരിച്ചു.
കാണികളും കായിക പ്രേമികളും തടിച്ചുകൂടുന്ന വേദികളില്‍ ആവേശം അലതല്ലുമ്പോള്‍ നിയമത്തിന്റെ എല്ലാ അതിര്‍ വരമ്പുകളും ലംഘിക്കാനിടയാക്കുമെന്ന വസ്തുത മുന്‍കണ്ട് കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സംഘാടകരും നിയമപാലകരും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിയമപാലകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ സംഘാടകര്‍ പൂര്‍ണമായും അനുസരിക്കണം. അമിതാവേശത്തില്‍ പോലീസിന്റെ ഉത്തരവുകള്‍ ലംഘിച്ച കര്‍ണാടക ക്രിക്കറ്റ് അസ്സോസിയേഷനാണ് ചിന്നസ്വാമി സ്റ്റേഡിയ ദുരന്തത്തിന്റെ മുഖ്യ ഉത്തരവാദികള്‍. സംഭവം സംബന്ധിച്ച് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് സിദ്ധരാമയ്യ സര്‍ക്കാര്‍. ഉത്തരവാദികള്‍ ആരായാലും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ജവം കാണിക്കണം സര്‍ക്കാര്‍.