Prathivaram
ജലപാഠം
പ്രാണവായുപോലെ മനുഷ്യന്റെ നിലനിൽപ്പിന് അനിവാര്യമായ ഘടകമാണ് ജലം. ജലമില്ലെങ്കിൽ ജീവനില്ല. അതുകൊണ്ടാണ് സൗരയൂഥത്തിൽ ജലമുള്ള ഏക ഗ്രഹമായി ഭൂമിയെ ഗണിക്കുന്നത്. ഭൂമിയിൽ വിവിധ രൂപത്തിൽ ലഭ്യമായ ജലത്തിന്റെ അളവ് 140 കോടി ഘനകിലോമീറ്ററാണെന്നാണ് ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ ( UN Environment Programme) കണക്കുകൾ പറയുന്നത്. അതായത് ഭൂതലത്തിന്റെ നാലിലൊന്ന് ഭാഗവും ജലാവൃതമാണ്. അതിൽ 97 ശതമാനവും ഉപ്പുരസത്തോടെയുള്ള സമുദ്രജലമാണ്. ശേഷിക്കുന്ന മൂന്ന് ശതമാനം മാത്രമാണ് ശുദ്ധജലം. അതിൽ മുക്കാൽ ഭാഗവും മഞ്ഞുമലകളിലും (Iceberg) ഹിമാനികളിലു(Glacier) മാണുള്ളത്. ഇതെല്ലാം കഴിഞ്ഞ് ബാക്കിയുള്ളതാണ് മനുഷ്യന് ഉപയോഗപ്രദമായത്. മനുഷ്യജീവന് അത്യന്താപേക്ഷിതമായ ശുദ്ധജലം ലോകത്തിന്റെ പല ഭാഗങ്ങളിലും അനുദിനം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ആകയാൽ ജല സംരക്ഷണം മുൻനിർത്തി യു എന്‍ ജനറല്‍ അസംബ്ലി 1993 മുതല്‍ മാര്‍ച്ച് 22 ലോക ജലദിനമായി ആചരിച്ചുവരുന്നു. ഓരോ തുള്ളി ജലവും അമൂല്യമാണെന്നും അത് സൂക്ഷിച്ചു മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നുമുള്ള സന്ദേശമാണ് ജലദിനം പ്രധാനമായും നല്‍കുന്നത്.
ചുരുങ്ങിയത് നാല് ലിറ്റര്‍ വെള്ളമെങ്കിലും ഓരോ മനുഷ്യനും ദിനേന കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അല്ലാതിരുന്നാൽ ആന്തരികമായ പല രോഗങ്ങൾക്കും ശാരീരിക അസ്വസ്ഥതകൾക്കും കാരണമായേക്കും. ധാരാളം വെള്ളം കുടിക്കുക വഴി അവ ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കും.
കടുത്ത വേനലിലേക്കാണ് കേരളം കാലെടുത്ത് വെക്കുന്നത്. വര്‍ഷത്തില്‍ ആറ് മാസത്തോളം മഴ ലഭിക്കുന്ന, 44 നദികളൊഴുകുന്ന, ആയിരക്കണക്കിന് കുളങ്ങളാലും തോടുകളാലും അതിലേറെ കിണറുകളാലും സമൃദ്ധമായ നമ്മുടെ നാട് ഇത്രമേല്‍ കഠിനമായ ചൂടിലേക്കും വരള്‍ച്ചയിലേക്കും ആപതിക്കുമ്പോൾ ഒരുപാട് ആശങ്കകളാണ് ഉയർന്നുവരുന്നത്. വർഷം പിന്നിടും തോറും താപനിലയിൽ കാതലായ വ്യതിയാനങ്ങൾ രൂപപ്പെടുകയും ജലസംഭരണികൾ വരളുകയും ചുടുകാറ്റ് അടിച്ച് വീശുകയും പ്രകൃതി പ്രതിഭാസങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. പെരുമഴ പെയ്യുന്ന സമയത്ത് പോലും നിറയെ വെള്ളമുണ്ടായിരുന്ന കിണറിൽ ഉറവ പോലും അവശേഷിക്കാതെ പൂര്‍ണമായും വറ്റിയതും കടല്‍ പൂര്‍ണമായും ഉള്‍വലിഞ്ഞതും കൊച്ചു കേരളത്തിൽ ഈയടുത്ത് സംഭവിച്ചതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയുമൊക്കെ അനന്തര ഫലമായാണ് ഇതെല്ലാം സംഭവിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്.
ജലം അല്ലാഹു നൽകിയ വലിയ അനുഗ്രഹമാണ്. അതിന് ഒരു ബദൽ കണ്ടെത്താൻ മനുഷ്യൻ പാടുപെട്ട് ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. ഭൂമിയിലെ ഉറവിടങ്ങളിലേക്ക് വെള്ളം നൽകുന്ന മഴയെ റഹ്്മത്ത് (കാരുണ്യം) എന്നാണ് ഖുര്‍ആൻ വിശേഷിപ്പിച്ചത്. (ഫുർഖാൻ: 48).
അല്ലാഹുവിന്റെ ഏകത്വത്തെ സ്ഥിരപ്പെടുത്താനും പ്രവാചകന്മാരുടെ നുബുവ്വത്ത് സാക്ഷ്യപ്പെടുത്താനും ജലത്തെ ഉപയോഗിച്ചത് അതിന്റെ പ്രാധാന്യത്തെയാണ് കാണിക്കുന്നത്.
ജലം നിശ്ചിത തോതിൽ മാത്രമേ അല്ലാഹു സംവിധാനിച്ചിട്ടുള്ളൂ. ഖുർആൻ പറയുന്നു: “ആകാശത്തു നിന്നും നാം നിശ്ചിത അളവിൽ വെള്ളം ഇറക്കുകയും അതിനെ ഭൂമിയിൽ സൂക്ഷിക്കുകയും ചെയ്തു’. (മുഅ്മിനൂൻ: 18) കുടിവെള്ളം നല്‍കല്‍ അത്യധികം പുണ്യമുള്ള കാര്യമാണെന്ന് നബി(സ) അരുളിയിട്ടുണ്ട്. “പാനജലം നല്‍കലാണ് ഏറ്റവും ശ്രേഷ്ഠമായ സ്വദഖ’. (അബൂദാവൂദ്) പ്രിയപ്പെട്ട മാതാവിന്റെ പരലോക ഗുണത്തിനു വേണ്ടി ചെയ്യാവുന്ന പുണ്യമായ കാര്യത്തെ തിരക്കിയ അനുചരനോട് ലോക ഗുരുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: “നീ ഉമ്മാക്കുവേണ്ടി ഒരു പൊതുകിണര്‍ കുഴിച്ചു നല്‍കുക. അതില്‍നിന്ന് ജലം ഉപയോഗിക്കുന്ന കാലത്തെല്ലാം അതിന്റെ ഗുണം അവര്‍ക്കു ഖബറില്‍ അനുഭവിക്കാൻ സാധിക്കും’ (നസാഈ).
ജലത്തിന്റെ അമിതോപയോഗത്തെ വളരെ ഗൗരവത്തോടെയാണ് അല്ലാഹു വിലക്കിയത്. “നിങ്ങൾ അന്നപാനാദികൾ കഴിക്കുക. എന്നാൽ ദുർവ്യയം അരുത്’. (അഅ്‌റാഫ്: 31). ദുർവ്യയം നടത്തുന്നവർ പിശാചിന്റെ കൂട്ടാളികളാണെന്നും അവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ലെന്നും ഖുർആനിലുണ്ട്. മഹാനായ സഅ്ദ്(റ) അംഗശുദ്ധി (വുദൂഅ്) ചെയ്തുകൊണ്ടിരിക്കെ അതുവഴി വന്ന തിരുനബി(സ) ചോദിച്ചു: “ഇതെന്ത് ദുര്‍വ്യയമാണ് സഅ്‌ദേ?’ അദ്ദേഹം തിരിച്ചുചോദിച്ചു: “വുളൂവിലും അമിതവ്യയമുണ്ടോ ?’ അപ്പോൾ നബി(സ) പ്രതിവചിച്ചു: “ഉണ്ട്! ഒഴുകിക്കൊണ്ടിരിക്കുന്ന നദിയില്‍ നിന്നായാലും’. (അഹ്‌മദ്)
വഴിയരികില്‍ വെള്ളം മിച്ചമുണ്ടായിട്ട് അത് യാത്രക്കാരന് നല്‍കാതെ തടയുന്നവനെ അന്ത്യദിനത്തില്‍ അല്ലാഹു നോക്കുകയോ പരിഗണിക്കുകയോ ഇല്ലെന്നും അവന് കഠിന ശിക്ഷയുണ്ടായിരിക്കുമെന്നും നബി(സ) താക്കീദ് ചെയ്തിട്ടുണ്ട്. ജലം ഉപയോഗിക്കാനുള്ള മനുഷ്യാവകാശത്തെ തടയുംവിധം ജലം മലിനമാക്കുന്നതും മഹാ പാപമാണ്. കെട്ടിനിൽക്കുന്ന വെള്ളത്തിലും കുറഞ്ഞൊലിക്കുന്ന നീർചാലിലും മലമൂത്ര വിസർജനം നടത്താനും വൃത്തികേടുകൾ തള്ളാനും പാടില്ലെന്നാണ് മതത്തിന്റെ ശാസന. അന്ത്യനാളിൽ സ്രഷ്ടാവ് അടിമകളോട് ചില സുപ്രധാന ചോദ്യങ്ങൾ ചോദിക്കുമെന്ന് ഹദീസിലുണ്ട്. “മനുഷ്യപുത്രാ, ഞാന്‍ രോഗിയായി കിടന്നപ്പോള്‍ നീ എന്നെ സന്ദര്‍ശിച്ചുവോ? ഞാൻ നിനക്ക് അന്നം നൽകി, എനിക്ക് വിശന്നപ്പോൾ എന്നെ നീ ഊട്ടിയോ ? ഞാൻ നിനക്ക് ദാഹജലം നൽകി, ഞാൻ ദാഹിച്ചപ്പോൾ തണ്ണീർ നൽകി എന്നെ ആശ്വസിപ്പിച്ചോ ?’ തുടങ്ങിയവ അതിൽപ്പെട്ടതാണ്. പ്രസ്തുത ചോദ്യങ്ങൾക്കു മുമ്പിൽ പകച്ചുനിൽക്കുന്ന മനുഷ്യൻ പറയും ; “ജഗന്നിയന്താവായ അല്ലാഹുവേ, നിന്നെ ഞാൻ എങ്ങനെ സന്ദർശിക്കും ? എങ്ങനെ ഭക്ഷിപ്പിക്കും ? എങ്ങനെ കുടുപ്പിക്കും?’
അപ്പോൾ സ്രഷ്ടാവ് പറയും. എന്റെ ദാസൻ രോഗിയായപ്പോൾ നീ അവനെ സന്ദർശിച്ചില്ല, വിശന്നപ്പോൾ അവനെ ഭക്ഷിപ്പിച്ചില്ല, ദാഹിച്ചപ്പോൾ ദാഹമകറ്റിയില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ അവനിൽ എന്നെ നിനക്ക് കാണാമായിരുന്നു ! (മുസ്്ലിം)
അനുഗ്രഹങ്ങളോട് അതിക്രമം കാണിച്ചാല്‍ അത് തടഞ്ഞുവെക്കാനും എടുത്ത് കളയാനും സ്രഷ്ടാവ് കഴിവുള്ളവനാണെന്ന് ഖുര്‍ആന്‍ ഓർമപ്പെടുത്തുന്നുണ്ട്. “ആകാശത്തുനിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചുകളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.’ (മുഅ്മിനൂൻ : 18). നിങ്ങളുടെ പാനജലത്തെ കുറിച്ചെന്താണ് വിലയിരുത്തൽ ? മേഘത്തില്‍ നിന്നും അത് താഴെയിറക്കിയത് നിങ്ങളോ നമ്മളോ ? (വാഖിഅ: 69)
മനുഷ്യനെ പോലെ വെള്ളം ആവശ്യമുള്ള ജീവികളാണ് പക്ഷികളും മൃഗങ്ങളും മറ്റു സസ്യങ്ങളുമെല്ലാം. ജലസ്രോതസ്സുകള്‍ വരളുകയെന്നത് അസ്വാഭാവികതയൊന്നുമല്ല. വളരെ കരുതലോടെ കൈകാര്യം ചെയ്യുന്നില്ലെങ്കില്‍ അവ വറ്റിവരളാൻ അധിക സമയമൊന്നും വേണ്ടി വരില്ല. ഖുർആനിന്റെ മുന്നറിയിപ്പ് എത്ര പ്രസക്തം : “പറയൂ, നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ ? ലഭ്യമായിക്കൊണ്ടിരിക്കുന്ന ജലം ഉള്‍വലിഞ്ഞാല്‍ നിങ്ങള്‍ക്കാര് തെളിനീർ തരും ?’ (മുൽക് : 30).




