Kerala
വോട്ട് ക്രമക്കേട്: സുരേഷ്ഗോപിയും കുടുംബവും വോട്ട് ചെയ്യാന്‍ മാത്രം തൃശൂരില്‍ താമസിച്ചു; ഗുരുതര ആരോപണവുമായി ഡിസിസി പ്രസിഡന്റ്
വീട്ടുനമ്പര്‍ പരിശോധിച്ചാല്‍ സുരേഷ് ഗോപിക്കോ കുടുംബാംഗങ്ങള്‍ക്കോ കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ട് ഇല്ല. തൃശൂരില്‍ ബിജെപി പുതിയ വോട്ടുകള്‍ ചേര്‍ത്തത് അവസാന സമയത്തായിരുന്നു.

തൃശൂര്‍| തൃശൂരിലെ വോട്ട് ക്രമക്കേട് ആരോപണത്തിന്റെ തെളിവുകള്‍ പുറത്തുവിട്ട് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. സുരേഷ് ഗോപി എം പിയും കുടുംബവും വോട്ട് ചെയ്യാന്‍ മാത്രമായാണ് തൃശൂരില്‍ താമസിച്ചത്. 11 വോട്ടുകളാണ് സുരേഷ് ഗോപിയുടെ കുടുംബം ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരില്‍ വോട്ട് ചേര്‍ത്തത്. സ്ഥാനാര്‍ഥി കൂടിയായിരുന്ന സുരേഷ് ഗോപി തന്നെ ക്രമക്കേടിന് നേതൃത്വം കൊടുത്തു എന്നതിന്റെ തെളിവുകളാണ് തൃശൂര്‍ ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
സുരേഷ് ഗോപിയുടെയും ഭാര്യയുടെയും മക്കളുടെയും അനുജന്റെ വോട്ടും കുടുംബാംഗങ്ങളുടെ വോട്ടും താമസം ഇല്ലാതിരുന്നിട്ടും തൃശൂരില്‍ ചേര്‍ത്തു. 116 എന്ന പോളിംഗ് സ്റ്റേഷനില്‍ വെച്ചാണ് സുരേഷ് ഗോപിയുടെ കുടുംബവും അനുജന്റെ കുടുംബവും വോട്ട് ചെയ്തത്. ഭാരത് ഹെറിറ്റേജ് വീട് ഇപ്പോള്‍ ബോംബെ കേന്ദ്രീകരിച്ചുള്ള വ്യക്തിയ്ക്ക് കൊടുത്തു. ഇതേ വീട്ടുനമ്പര്‍ പരിശോധിച്ചാല്‍ സുരേഷ് ഗോപിക്കോ കുടുംബാംഗങ്ങള്‍ക്കോ കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ട് ഇല്ല. ഇത് തന്നെയാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയത്. വീട്ടില്‍ താമസമില്ലാത്ത രീതിയില്‍ വോട്ട് ചേര്‍ക്കുകയാണ് ചെയ്തത്.
തൃശൂരില്‍ ബിജെപി പുതിയ വോട്ടുകള്‍ ചേര്‍ത്തത് അവസാന സമയത്തായിരുന്നു. വോട്ടര്‍പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയ ആളുകളെ കുറിച്ച് സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും അവിടെ ഇപ്പോള്‍ ആരും തന്നെ താമസമില്ല എന്ന് കണ്ടെത്തി. തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പുറത്തുള്ള ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു എന്നത് വസ്തുതയാണ്. ഒരു ബൂത്തില്‍ 25 മുതല്‍ 45 വരെ വോട്ടുകള്‍ ക്രമക്കേടിലൂടെ കടന്നുകൂടിയതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിക്കുന്നു.