International
വോട്ടര്‍പട്ടികയിലെ ക്രമക്കേട്: ഇന്‍ഡ്യ സഖ്യത്തിലെ 300 എം പി നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും
രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന മാര്‍ച്ച് നാളെ പാര്‍ലമെന്റില്‍ നിന്ന് 11.30ന് ആരംഭിക്കും

ന്യൂഡല്‍ഹി | വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്‍ഡ്യ സഖ്യത്തിലെ 300 എം പിമാരെ പങ്കെടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് വന്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.
രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന മാര്‍ച്ച് നാളെ പാര്‍ലമെന്റില്‍ നിന്ന് 11.30ന് ആരംഭിക്കും. മാര്‍ച്ചിന് ശേഷം നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം മുന്‍നിര്‍ത്തി വിവിധ ഭാഷകളില്‍ തയ്യാറാക്കിയ പ്ലക്കാര്‍ഡുകളും നേതാക്കള്‍ ഉയര്‍ത്തും. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകള്‍ ഇന്‍ഡ്യ സഖ്യത്തിലെ കക്ഷികള്‍ ഏറ്റെടുക്കുന്നതിന്റെ പ്രഖ്യാപനം കൂടിയാണ് മാര്‍ച്ച്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ എം പിമാര്‍ക്കായി ഒരുക്കിയ അത്താഴ വിരുന്നില്‍ ഭാവി സമര രൂപം ചര്‍ച്ച ചെയ്യും. തുടര്‍ സമരത്തിലൂടെ സഖ്യത്തിന്റെ കെട്ടുറപ്പുയര്‍ത്തുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് കമ്മീഷന് താന്‍ പറയുന്നതിനെ കുറിച്ചെല്ലാം വ്യക്തമായി അറിയാമെന്നും അതിനാല്‍ അവര്‍ തനിക്കെതിരെ നടപടിയെടുക്കില്ലെന്നുമാണ് രാഹുല്‍ വ്യക്തമാക്കിയത്.
മഹാരാഷ്ട്രയില്‍ അഞ്ച് വര്‍ഷം കൊണ്ട് ചേര്‍ക്കുന്നതിലും അധികം വോട്ട് അഞ്ച് മാസം കൊണ്ട് ചേര്‍ത്തെന്നും ഹരിയാനയിലും കര്‍ണാടകയിലും തെരഞ്ഞെടുപ്പ് തീയതി മാറ്റിയതില്‍ സംശയമുണ്ടെന്നുമാണ് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ അഞ്ച് മണിക്ക് ശേഷം പോളിങ് കുതിച്ചുയര്‍ന്നു. 40 ലക്ഷം ദുരൂഹവോട്ടര്‍മാര്‍ വന്നു. സി സി ടി വി ദൃശ്യങ്ങള്‍ 45 ദിവസം കൊണ്ട് നശിപ്പിച്ചു. ഇത് ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ചേര്‍ന്ന് വോട്ട് മോഷ്ടിക്കുന്നുവെന്നും ഹരിയാനയിലും അട്ടിമറിയുണ്ടായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.