Kerala
വിഴിഞ്ഞം തുറമുഖം: സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് സര്‍ക്കാര്‍ 550 കോടി വായ്പയെടുക്കും
നീക്കം ഹെഡ്‌കോ വായ്പ വൈകുന്ന സാഹചര്യത്തില്‍

തിരുവനന്തപുരം | വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണ ചെലവുകള്‍ക്കായി സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 550 കോടി രൂപ വായ്പയെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായി. നേത്തെ പ്രതീക്ഷിച്ചിരുന്ന ഹെഡ്‌കോ വായ്പ വൈകുന്ന സാഹചര്യത്തിലാണ് സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുക്കുന്നതിനുള്ള തുക നിശ്ചയിച്ച് അന്തിമ നടപടികളിലേക്ക് കടക്കാന്‍ ധാരണയായത്.
പദ്ധതിക്കുള്ള സര്‍ക്കാര്‍ വിഹിതത്തിന് കരാറുകരായ അദാനി ഗ്രൂപ്പ് സമ്മര്‍ദം ശക്തമാക്കിയതോടെ വയബിലിറ്റി ഗ്യാപ് ഫണ്ട് കൂടി വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടിയും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. പുലിമുട്ട് നിര്‍മാണ ചെലവിന്റെ ആദ്യ ഗഡു മാര്‍ച്ച് അവസാനത്തോടെ അദാനി ഗ്രൂപ്പിന് കൈമാറേണ്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയിരിക്കുന്നത്. കരാര്‍ പ്രകാരം പുലിമുട്ടിന്റെ നിര്‍മാണ ചെലവിന്റെ 25 ശതമാനമായി 347 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കേണ്ടത്.
ഇതോടൊപ്പം റെയില്‍വേ പദ്ധതിക്കായി 100 കോടിയും സ്ഥലമേറ്റെടുപ്പിനായുള്ള 100 കോടിയും സംസ്ഥാന നല്‍കാനുണ്ട്. ഇതെല്ലാം ചേര്‍ത്ത് അദാനി ഗ്രൂപ്പിന് നല്‍കേണ്ട 550 കോടി രൂപയാണ് സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുക്കാന്‍ ധാരണയായിരിക്കുന്നത്.
ഹെഡ്‌കോ വായ്പ മുടങ്ങിയാല്‍ സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പ ലഭ്യമാക്കാനുള്ള നടപടി സര്‍ക്കാര്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ആകെ 3,400 കോടിയാണ് ഹെഡ്‌കോയില്‍ നിന്ന് തുറമുഖത്തിനായി സര്‍ക്കാര്‍ വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ 1,170 കോടി രൂപയും തുറമുഖത്തോട് അനുബന്ധിച്ച റെയില്‍വേ പദ്ധതിക്കായിരിക്കും ചെലവഴിക്കുക. ഇതുള്‍പ്പെടെ സംസ്ഥാനത്തിന്റെ വികസനത്തിന് കുതിപ്പേകുന്ന സ്വപ്‌ന പദ്ധതി വേഗത്തിലാക്കാന്‍ ഊര്‍ജിത നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.
വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തില്‍ കേന്ദ്രം അദാനി ഗ്രൂപ്പിന് നല്‍കേണ്ടത് 818 കോടിയാണ്. വയബിലിറ്റി ഗ്യാപ് ഫണ്ടായി കേരളം നല്‍കേണ്ടത് 400 കോടി രൂപയാണ്. ഈ സാഹചര്യത്തില്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് കൈമാറ്റത്തിനായുള്ള ത്രികക്ഷി കരാര്‍ അടക്കം വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതുകൂടി കണക്കിലെടുത്താണ് ഹെഡ്‌കോ വായ്പ വൈകുന്ന സാഹചര്യത്തില്‍ സഹകരണ കണ്‍സോര്‍ഷ്യത്തെ വായ്പക്കായി ആശ്രയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.