Kerala
കേസ് ഒതുക്കാന്‍ കൈക്കൂലി; രണ്ട് ഇ ഡി ഏജന്റുമാരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു
കൊട്ടാരക്കര സ്വദേശി കശുവണ്ടി വ്യവസായിയുടെ പരാതിയില്‍ തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി എന്നിവരാണ് കൊച്ചി പനമ്പള്ളി നഗറില്‍ അറസ്റ്റിലായത്

കൊച്ചി | കേസ് ഒതുക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട രണ്ട് ഇ ഡി ഏജന്റുമാരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി എന്നിവരാണ് കൊച്ചി പനമ്പള്ളി നഗറില്‍ അറസ്റ്റിലായത്. ഇ ഡി ചോദ്യം ചെയ്ത കൊല്ലം സ്വദേശിയായ വ്യാപാരിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ വിജിലന്‍സിന്റെ പിടിയിലായത്.കൊട്ടാരക്കര സ്വദേശിയും കശുവണ്ടി വ്യവസായിയുമാണ് പരാതിക്കാരന്‍. ഇ ഡി ഓഫീസിലെ ഏജന്റാണെന്ന് പറഞ്ഞ് വില്‍സണ്‍ പരാതിക്കാരനെ പല പ്രാവശ്യം ഫോണില്‍ വിളിക്കുകയും നേരില്‍ കണുകയും ചെയ്തിരുന്നു.
ഇ ഡി കേസ് ഉള്ള കാര്യം പ്രതികള്‍ എങ്ങനെ അറിഞ്ഞു എന്നതിലും അന്വേഷണം നടത്തും. ഇ ഡി കേസ് ഒതുക്കി തീര്‍ക്കാന്‍ രണ്ട് കോടി രൂപയാണ് ഏജന്റുമാര്‍ ആവശ്യപ്പെട്ടത്. രണ്ട്‌ലക്ഷം രൂപ അഡ്വാന്‍സും ചോദിച്ചു. അഡ്വാന്‍സ് തുക കൈമാറുന്നതിനിടെയാണ് രണ്ടുപേരെയും വിജിലന്‍സ് പിടികൂടിയത്. 2024-ല്‍ കശുവണ്ടി വ്യവസായ സ്ഥാപനത്തിന് ടേണ്‍ഓവര്‍ കൂടുതലാണെന്നും കണക്കുകളില്‍ വ്യാജ രേഖകള്‍ കാണിച്ച് പണം കൂടുതലും വിദേശത്താണ് ഉപയോഗിക്കുന്നത് എന്നും മറ്റും കാണിച്ച് കൊച്ചി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് പരാതിക്കാരന് സമന്‍സ് ലഭിച്ചിരുന്നു. അത് പ്രകാരം കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരായ പരാതിക്കാരനോട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ബിസിനസുകളുടെ രേഖകളും കണക്കുകളും ഹാജരാക്കാന്‍ ആവശ്യപ്പെടുകയും അല്ലാത്ത പക്ഷം കേസെടുക്കുമെന്നും പറഞ്ഞിരുന്നു.
തുടര്‍ന്നാണ് ഇ ഡി ഓഫീസിലെ ഏജന്റാണെന്ന് പറഞ്ഞ് വില്‍സണ്‍ പരാതിക്കാരനെ പല പ്രാവശ്യം ഫോണില്‍ വിളിച്ചതും നേരില്‍ കണ്ടതും. കേസില്‍ നിന്ന് ഒഴിവാക്കുന്നതിന് രണ്ട് കോടി രൂപ ഇ ഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നു എന്നാണ് ഇയാള്‍ അറിയിച്ചത്. ഇ ഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കുന്നതിനായി ഓഫീസില്‍ നിന്ന് വീണ്ടും സമന്‍സ് അയപ്പിക്കാമെന്നും ഏജന്റായ വില്‍സണ്‍ പരാതിക്കാരനോട് പറഞ്ഞു. മെയ് 14ന് വീണ്ടും പരാതിക്കാരന് സമന്‍സ് ലഭിച്ചു. ഇതിന് പിന്നാലെ ഏജന്റായ വില്‍സണ്‍ പരാതിക്കാരനെ കണ്ടു. കേസ് ഒതുക്കുന്നതിന് 50 ലക്ഷം രൂപ വീതം നാലു തവണകളായി രണ്ടു കോടി രൂപ ആക്‌സിസ് ബാങ്കിന്റെ മുംബൈയിലുള്ള അക്കൗണ്ടില്‍ ഇട്ട് നല്‍കണമെന്നും അറിയിച്ചു.
കൂടാതെ രണ്ടു ലക്ഷം രൂപ പണമായി നേരിട്ട് വില്‍സനെ ഏല്‍പ്പിക്കണമെന്നും 50,000 രൂപ കൂടി അധികമായി അക്കൗണ്ടില്‍ ഇട്ട് നല്‍കണമെന്നും പറഞ്ഞ് അക്കൗണ്ട് നമ്പര്‍ പരാതിക്കാരന് നല്‍കി. ഈ വിവരം പരാതിക്കാരന്‍ എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടര്‍ന്ന് പ്രതികള്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്‍സണെ വിജിലന്‍സ് സംഘം പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിലൂടെ രാജസ്ഥാന്‍ സ്വദേശി മുരളിയുടെ പങ്ക് വ്യക്തമാവുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ പൊതുജനങ്ങള്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 ലോ 8592900900 എന്ന നമ്പരിലോ 9447789100 എന്ന വാട്സ് ആപ്പ് നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.