Kerala
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമന നടപടികള്‍ വൈകും; റിപ്പോര്‍ട്ട്
സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള ഹരജി തീര്‍പ്പാക്കിയ ശേഷം മാത്രം നിയമനം നടത്തിയാല്‍ മതിയെന്ന നിലപാടാണ് രാജ്ഭവന്‍ സ്വീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം|സംസ്ഥാനത്തെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന നടപടികള്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. നിയമന പട്ടികയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള ഹരജി തീര്‍പ്പാക്കിയ ശേഷം മാത്രം നിയമനം നടത്തിയാല്‍ മതിയെന്ന നിലപാടാണ് രാജ്ഭവന്‍ സ്വീകരിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വി സി നിയമനം വൈകുമെന്ന സൂചനയാണ് ലഭിക്കുന്നത്.
അതേസമയം, ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലേക്കുള്ള വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട പട്ടിക സര്‍ക്കാര്‍ രാജ്ഭവന് കൈമാറി. സെര്‍ച്ച് കമ്മിറ്റി നല്‍കിയ പട്ടികയില്‍ മുഖ്യമന്ത്രി മുന്‍ഗണന നിശ്ചയിച്ചു. മുന്‍ഗണന പട്ടികയില്‍ നിന്ന് ഗവര്‍ണറാണ് നിയമനം നടത്തേണ്ടത്. സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി തീര്‍പ്പാക്കിയ ശേഷം പട്ടികയില്‍ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് രാജ്ഭവന്‍. വിഷയത്തില്‍ ഗവര്‍ണറും പ്രതിസന്ധിയിലാണ്. സുപ്രിംകോടതി നിയമിച്ച സമിതിയാണ് അഭിമുഖം നടത്തി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതിനുശേഷമാണ് നാലുപേര്‍ അടങ്ങുന്ന പട്ടിക ജസ്റ്റിസ് സുദാംശു ധൂലിയ നേതൃത്വം നല്‍കുന്ന സമിതി സമര്‍പ്പിച്ചത്. ഇതില്‍ നിന്ന് മുന്‍ഗണന നിശ്ചയിച്ചാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിരിക്കുന്നത്.
സുപ്രിം കോടതിയില്‍ ഗവര്‍ണര്‍ നല്‍കിയ ഹരജി സുപ്രീം കോടതിയിലുണ്ട്. സമിതി സമര്‍പ്പിച്ച പട്ടികയില്‍ മുന്‍ഗണന നിശ്ചയിക്കാനുള്ള മുഖ്യമന്ത്രിയുടെ അധികാരം എടുത്ത് കളയണം എന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. യുജിസിയും കക്ഷി ചേര്‍ന്നിട്ടുണ്ട്. നിയമനം നടക്കട്ടെ എന്നിട്ട് ഹരജി പരിഗണിക്കാമെന്നാണ് മുമ്പ് കോടതി സ്വീകരിച്ച നിലപാട്.


