Connect with us

Kerala

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതിക്ക് സാമ്പത്തിക ബാധ്യതയുണ്ടെന്ന് കണ്ടെത്തല്‍

തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി

Published

|

Last Updated

തിരുവനന്തപുരം | വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന് സാമ്പത്തിക ബാധ്യതയുള്ളതായി തെളിവ് ലഭിച്ചെന്ന് റൂറല്‍ എസ് പി. കെ എസ് സുദര്‍ശന്‍. അന്വേഷണം പ്രതിയുടെ മൊഴി മാത്രം വിശ്വസിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയോടെ അഫാനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിയില്‍ ഹാജരാക്കി. തിങ്കളാഴ്ച പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

പ്രതിയെ വരും ദിനങ്ങളിലും ചോദ്യം ചെയ്യല്‍ തുടരും. പ്രതിയുടെ മൊഴിയുടെ വസ്തുതകള്‍ പരിശോധിച്ച ശേഷമേ നിജസ്ഥിതി വ്യക്താമാകൂ. ഇന്ന് വെഞ്ഞാറമൂടില്‍ ചുറ്റിക വാങ്ങിയ കടയിലെത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്. കടയുടമ അഫാനെ തിരിച്ചറിഞ്ഞു. പിതൃമാതാവിന്റെ മാല പണയം വെച്ച സ്ഥാപനത്തിലും അഫാനെ തെളിവെടുപ്പിനെത്തിച്ചു. ചുറ്റിക വാങ്ങിയ ശേഷം ഇതൊളിപ്പിക്കാന്‍ വാങ്ങിയ ബാഗ് കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. സ്ഥലത്ത് ആള്‍ക്കൂട്ടം തമ്പടിച്ചിരുന്നത് കൊണ്ട് അഫാനുമായി തെളിവെടുപ്പ് നടത്തിയത് വന്‍ പോലീസ് സുരക്ഷയിലായിരുന്നു.

ഇന്നലെ കൊലപ്പെടുത്തിയ പിതൃമാതാവ് സല്‍മാബീവിയുടെ വീട്ടിലും മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്ത അഫാന്റെ സ്വന്തം വീട്ടിലുമെത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പില്‍ കൊലപാതകങ്ങള്‍ നടത്തിയത് എങ്ങനെയെന്ന് അഫാന്‍ പോലീസിനോട് വിവരിച്ചിരുന്നു. നിര്‍വികാരനായി മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ലാതെയാണ് അഫാന്‍ കാര്യങ്ങള്‍ വിവരിച്ചത്.

 

Latest