From the print
മുസ്‌ലിം വിരുദ്ധ ക്യാമ്പയിനുമായി വെള്ളാപ്പള്ളി
ശാഖാ നേതൃയോഗങ്ങളില്‍ വിളമ്പുന്നത് അടിമുടി വര്‍ഗീയത.

ആലപ്പുഴ | മലപ്പുറം പരാമര്‍ശത്തില്‍ അടിതെറ്റിയ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അണികളില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതിനുള്ള ക്യാമ്പയിനുമായി രംഗത്ത്. ശാഖാ നേതൃയോഗമെന്ന നിലയില്‍ സംസ്ഥാനത്തുടനീളം വിളിച്ചുചേര്‍ക്കുന്ന പരിപാടിയില്‍ മുസ്്‌ലിം വിരോധം അണികളില്‍ അടിച്ചേല്‍പ്പിക്കുന്ന പ്രസംഗങ്ങളും പരാമര്‍ശങ്ങളുമാണ് വെള്ളാപ്പള്ളി നടത്തുന്നത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിര്‍വിഭാഗത്തെ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരം യോഗങ്ങള്‍ സംഘടിപ്പിക്കുന്നതെങ്കിലും അണികളുടെ എതിര്‍പ്പ് ഒഴിവാക്കാന്‍, വെള്ളാപ്പള്ളി മുസ്്‌ലിം സമുദായത്തിനെതിരായ പരാമര്‍ശങ്ങള്‍ കുത്തിനിറക്കുകയാണ്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി വീഡിയോ ക്ലിപ്പുകള്‍ സഹിതമാണ് ശാഖാ നേതൃയോഗങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്. ഇതിന് ആവശ്യമായ വിഭവങ്ങള്‍ യോഗ നേതൃത്വം നേരിട്ടാണ് ലഭ്യമാക്കുന്നത്. വീഡിയോ ക്ലിപ്പുകളില്‍ വി എസ് അച്യുതാനന്ദന്‍ മുതല്‍ എ കെ ആന്റണി വരെയുള്ള ഇടതു- വലത് മുന്നണി നേതാക്കളുടെ മുസ്്‌ലിം ന്യൂനപക്ഷവിരുദ്ധ പരാമര്‍ശങ്ങളാണ് നിറഞ്ഞുനില്‍ക്കുന്നത്. ഇതിന് പുറമെ, മലബാറില്‍ മുസ്്‌ലിം സമുദായം കൈവരിച്ച വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളും സ്ഥാപനങ്ങളുമെല്ലാം കണക്കുകള്‍ ഉയര്‍ത്തിക്കാട്ടി വിവരിക്കുന്നു.
ഈഴവ സമുദായത്തിന് ഈ മേഖലയില്‍ അര്‍ഹമായത് ലഭ്യമാക്കാന്‍ ലീഗ് ഉള്‍പ്പെടെയുള്ളവര്‍ തടസ്സം നില്‍ക്കുകയാണെന്നും വീഡിയോ ക്ലിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ മലബാര്‍ കലാപം ഉള്‍പ്പെടെയുളള ചരിത്രവസ്തുതകളെ തിരസ്‌കരിക്കാനും അണികളെ പ്രേരിപ്പിക്കുന്നു.
ക്ലിപ്പ് പ്രദര്‍ശനം കഴിയുന്നതോടെയാണ് വെള്ളാപ്പള്ളി വേദിയിലെത്തുക. പിന്നീട് അദ്ദേഹത്തിന്റെ പ്രസംഗത്തിലുടനീളം മുസ്്‌ലിം സമുദായത്തിനെതിരായ കടുത്ത പരാമര്‍ശങ്ങളാണ് നടത്തുന്നത്. മുസ്്‌ലിം സമുദായത്തിലെ ബഹുഭൂരിപക്ഷ നേതാക്കളെയും പേരെടുത്ത് തന്നെ വെള്ളാപ്പള്ളി വിമര്‍ശവിധേയമാക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
തന്റെ ഇത്തരം പ്രസംഗങ്ങള്‍ സ്വന്തം സമുദായത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടിയാണെന്നും സമുദായത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ തന്നെ വര്‍ഗീയവാദിയായി ചിത്രീകരിച്ചാല്‍ അത് അംഗീകാരമായി കാണുമെന്നും പറഞ്ഞാണ് വെള്ളാപ്പള്ളി അണികളില്‍ വൈകാരികത ഇളക്കിവിടുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളില്‍ ഇത്തരത്തിലുള്ള നിരവധി യോഗങ്ങള്‍ സംഘടിപ്പിച്ചുകഴിഞ്ഞു. എല്ലാ ജില്ലകളിലും യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
വെള്ളാപ്പള്ളി പങ്കെടുക്കുന്ന വേദികളിലെല്ലാം യോഗം വൈസ് പ്രസിഡന്റ്്കൂടിയായ ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുക്കുന്നുണ്ട്. മതേതര ചേരിയില്‍ നിലകൊണ്ടിരുന്ന അണികളെ പൂര്‍ണമായും സംഘ്പരിവാര്‍ താവളത്തിലെത്തിക്കുകയെന്നതും ഇത്തരം യോഗങ്ങളിലൂടെ വെള്ളാപ്പള്ളി ലക്ഷ്യമാക്കുന്നതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.