Kerala
സതീശനെ വീണ്ടും ആക്ഷേപിച്ച് വെള്ളാപ്പളി; ഒരു മരപ്പട്ടിയെപ്പോലും ജയിപ്പിക്കാൻ പറ്റില്ലെന്ന്
സതീശന് അഹങ്കാരത്തിൻ്റെ കൈയും കാലും വെച്ചിരിക്കുന്നുവെന്നും ഈഴവന്റെ ബുദ്ധിയെയാണ് ചോദ്യം ചെയ്യുന്നതെന്നും വെള്ളാപ്പള്ളി

കൊച്ചി | പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും അധിക്ഷേപ പരാമർശവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശന് അഹങ്കാരത്തിൻ്റെ കൈയും കാലും വെച്ചിരിക്കുന്നുവെന്നും ഈഴവന്റെ ബുദ്ധിയെയാണ് ചോദ്യം ചെയ്യുന്നതെന്നും വെള്ളാപ്പള്ളി വിമർശിച്ചു. ശ്രീനാരായണ ഗുരുധർമം സതീശൻ തന്നെ പഠിപ്പിക്കേണ്ട. അയാൾ വിചാരിച്ചാൽ ഒരു മരപ്പട്ടിയെപ്പോലും ജയിപ്പിക്കാൻ പറ്റില്ലെന്നും വെള്ളാപ്പളി പറഞ്ഞു. സതീശന്റെ മണ്ഡലമായ പറവൂരിലെ എസ് എൻ ഡി പി പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ വിമർശം.
സതീശൻ്റെ മണ്ഡലത്തിൽ വരുമ്പോൾ പറയാതെ പോകുന്നത് സമുദായത്തിന്റെ അന്തസ്സിനും തന്റെ പൗരുഷത്തിനും ചേരില്ല എന്ന് പറഞ്ഞായിരുന്നു വെള്ളാപ്പള്ളി പ്രതികരിച്ചത്. സമുദായത്തിനെ അധിക്ഷേപിച്ച ആളാണ് സതീശനെന്നും അഹങ്കാരത്തിന്റെ സ്വരമാണ് അയാൾക്കെന്നും വെള്ളാപ്പളി പറഞ്ഞു. ഈഴവർ വോട്ടുകുത്തി യന്ത്രമാകുന്നു എന്നല്ലാതെ അധികാരം കിട്ടുന്നില്ല. മുസ്‌ലിം വിരോധിയാക്കി ഒതുക്കാൻ ശ്രമിച്ചാൽ ഒതുങ്ങുന്ന ആളല്ല താൻ. ഇതുപോലെ അഹങ്കാരം പറഞ്ഞവർ മാരാരിക്കുളത്ത് തോറ്റിട്ടുണ്ടെന്ന് വി എസിനെതിരെ പരോക്ഷമായി വെള്ളാപ്പള്ളി വിമർശിച്ചു.
ഇന്നലെ വെള്ളാപ്പള്ളി നടത്തിയ വിമർശനത്തിന് ശ്രീനാരായണ ഗുരുദേവന്‍ എന്താണോ പറയാന്‍ പാടില്ലെന്നു പറഞ്ഞിരിക്കുന്നത് അത് അദ്ദേഹം പറയുന്നു എന്ന് സതീശൻ മറുപടി നൽകിയിരുന്നു. സതീശൻ ഈഴവ വിരോധിയാണെന്നും ഇതുപോലൊരു പരമ പന്നനെ താൻ കണ്ടിട്ടില്ലെന്നുമായിരുന്നു ഇന്നലെ വെള്ളാപ്പള്ളി പറഞ്ഞത്.