Kerala
വാഴൂര്‍ സോമന്‍: ജീപ്പിലെത്തുന്ന എം എല്‍ എ; അവസാന ഇടപെടലും സാധാരണക്കാര്‍ക്ക്
കന്നി എം എൽ എ പദവി പൂർത്തിയാക്കും മുന്നേ മടക്കം

കോഴിക്കോട് | സാധാരണക്കാരുടെ ജനപ്രതിനിധിയായി നിയമസഭയിലെത്തിയ വായൂര്‍ സോമന്‍ (72) അവസാന സമയത്തും മുഴുകിയത് ജനകീയ പ്രശ്‌നങ്ങളില്‍. എല്ലാ എം എല്‍ എമാരും കാറുകളില്‍ യാത്ര ചെയ്യുമ്പോള്‍ തന്റെ മഹീന്ദ്ര ജീപ്പില്‍ യാത്ര ചെയ്യുന്ന വാഴൂര്‍ സോമന്‍ എം എല്‍ എ കാണികള്‍ക്കെല്ലാം അത്ഭുതമായിരുന്നു.
തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് വൈകിട്ട് അഞ്ചോടെ പീരുമേട് എം എല്‍ എയും മുതിര്‍ന്ന സി പി ഐ നേതാവുമായ വാഴൂര്‍ സോമന്റെ വിടവാങ്ങല്‍. യോഗത്തിനിടെ കുഴഞ്ഞു വീണ എം എല്‍ എയെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍തന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ക്കിടയിലായിരുന്നു സോമന്റെ പ്രവര്‍ത്തനങ്ങളെല്ലാം. ഹൈറേഞ്ചുകളിലെത്തുന്നതിന് എളുപ്പമുള്ള വാഹനമെന്ന നിലയിലാണ് എം എല്‍ എ ആയതിന് ശേഷവും ഔദ്യോഗിക വാഹനമായി ജീപ്പ് തിരഞ്ഞെടുത്തത്. തോട്ടം തൊഴിലാളികളുടെ അവകാശ പോരാട്ടത്തിനൊപ്പം നിന്ന വാഴൂര്‍ സോമന്‍, തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും മുന്നില്‍ നിന്നു. അതിനാൽ തോട്ടം മേഖലയിലെ അനിഷേധ്യ നേതാവും സാധാരണക്കാരുടെ ഇഷ്ട തോഴനുമായി.
1974 മുതല്‍ പൊതുരംഗത്തെത്തിയ വാഴൂര്‍ സോമന്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടത്. കന്നി എം എല്‍ എ പദവി പൂര്‍ത്തിയാക്കുന്നതിന് മുന്നേയാണ് വിയോഗം. കോണ്‍ഗ്രസ്സിലെ സിറിയക് തോമസിനെ 1,835 വോട്ടിനാണ് വാഴൂര്‍ സോമന്‍ പരാജയപ്പെടുത്തിയത്. കോട്ടയത്തെ വാഴൂരില്‍ കുഞ്ഞുപാപ്പന്റെയും പാര്‍വതിയുടെയും മകനായി 1952 സെപ്തംബര്‍ 14നാണ് വാഴൂര്‍ സോമന്റെ ജനനം.
എ ഐ എസ് എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷന്‍, സംസ്ഥാന വെയര്‍ ഹൗസിംഗ് കോര്‍പറേഷന്‍ അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു. മരണ വിവരമറിഞ്ഞ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പാര്‍ട്ടി നേതാക്കളും സ്ഥലത്തെത്തി.
ഭൗതികശരീരം ഏഴിന് മണിക്ക് തിരുവനന്തപുരം എം എന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് രാത്രി തന്നെ വണ്ടിപ്പെരിയാറിലേക്ക് കൊണ്ടുപോകും.