Connect with us

vandiperiyar case

വണ്ടിപ്പെരിയാര്‍ കേസ്: പ്രതിയെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് കോടതി പരിസരത്ത് നാടകീയ രംഗങ്ങള്‍

പൊട്ടിക്കരഞ്ഞും നിലത്തുവീണ് ഉരുണ്ടുമാണ് അവരുടെ രോഷം പ്രകടിപ്പിച്ചത്.

Published

|

Last Updated

ഇടുക്കി | വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ട കോടതി വിധിക്ക് പിന്നാലെ കോടതി പരിസരത്തു നാടകീയ രംഗങ്ങള്‍.

കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചതിനു പിന്നാലെ പെണ്‍കുട്ടിയുടെ അമ്മയും കുടുംബാംഗങ്ങളും രോഷം പ്രകടിപ്പിച്ചു രംഗത്തെത്തി. പൊട്ടിക്കരഞ്ഞും നിലത്തുവീണ് ഉരുണ്ടുമാണ് അവരുടെ രോഷം പ്രകടിപ്പിച്ചത്.
ജഡജും ഒരു സ്ത്രീയല്ലെയെന്നും ഇങ്ങനെയാണോ ചെയ്യുന്നതെന്നും എല്ലാവരും കാശ് വാങ്ങിച്ചിട്ട് പ്രതിയെ വെറുതെ വിട്ടുവെന്നും ലക്ഷങ്ങളാണ് ഇറക്കിയതെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു.

അവനെ സന്തോഷമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
പൂജാമുറിയിലിട്ടാണ് കുഞ്ഞിനെ അവന്‍ പീഡിപ്പിച്ച് കെട്ടിത്തൂക്കിയതെന്നും ഞാന്‍ ചോറും കഞ്ഞിയും കൊടുത്തിട്ട് പോയ എന്റെ കുഞ്ഞിനെയാണ് അവന്‍ കൊന്നതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടിയുടെ അമ്മ പറഞ്ഞു. ടിവി കണ്ടുകൊണ്ടിരുന്ന കൊച്ചിനെയാണ് അവന്‍ കൊന്നത്.

അവനെ ഞങ്ങള്‍ വെറുതെ വിടില്ല. എന്റെ ഭര്‍ത്താവ് അവനെ കൊന്ന് ജയിലില്‍ പോകുമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. 14 വര്‍ഷം കുഞ്ഞുങ്ങളില്ലാതെ ആറ്റുനോറ്റു കിട്ടിയതാണ്. എന്ത് നീതിയാണ് കിട്ടിയത്. നിങ്ങള്‍ക്കും കുഞ്ഞുങ്ങളുള്ളതല്ലെ. ഏതു നീതിയാ കിട്ടിയത്. നിങ്ങളുടെ കുഞ്ഞിനെ ഇതുപോലെ ചെയ്തിരുന്നെങ്കില്‍ നിങ്ങള്‍ വെറുതെയിരിക്കുമോ. എന്റെ മോള്‍ക്ക് നീതി കിട്ടിയില്ല. കൊന്നത് സത്യമാണ്.

കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. കോടതി വിധിക്കെതിരെയും ജഡ്ജിക്കെതിരെയും വൈകാരികമായി പ്രതികരിച്ച കുടുംബാംഗങ്ങളെ തടയാന്‍ കൂടെയുണ്ടായിരുന്നവര്‍ക്കു കഴിഞ്ഞില്ല. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്.

പ്രതിയെ വെറുതെവിട്ട വിധി വന്നതിന് പിന്നാലെ കേസില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ പുനരന്വേഷണം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. നിരപരാധിയായ യുവാവിനെയാണു രണ്ടു വര്‍ഷം വിചാരണ തടവുകാരനായി ജയിലില്‍ അടച്ചതെന്നും കേസില്‍ യഥാര്‍ഥ പുനരന്വേഷണം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള സാധ്യത തേടുകയാണ് പ്രൊസിക്യൂഷന്‍.

 

---- facebook comment plugin here -----

Latest