Connect with us

Kerala

ഉത്തരാഖണ്ഡ് പ്രകൃതി ദുരന്തം: സഹായ ഹസ്തവുമായി കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് കത്തയച്ചു

Published

|

Last Updated

തിരുവനന്തപുരം | ഉത്തരാഖണ്ഡിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ സഹായ ഹസ്തവുമായി കേരളം കൂടെയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയെ അറിയിച്ചു. ആവശ്യമായ സഹായം നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാണെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ നടപടികള്‍ക്കും കേരളത്തിലെ ജനങ്ങളുടെ ഐക്യദാര്‍ഢ്യവും പിന്തുണയും ഉണ്ടാകുമെന്നും പിണറായി അയച്ച കത്തില്‍ അറിയിച്ചു.

ദുരന്തത്തില്‍ കുടുങ്ങിയിരിക്കുന്നവരില്‍ കേരളത്തില്‍ നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമാവുന്നമുറക്ക് കേരള സര്‍ക്കാരിനെ അറിയിക്കണമെന്നും ആവശ്യമായ ഇടപെടല്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. ചാര്‍ധാം തീര്‍ത്ഥാടനത്തിന് പോയ 28 മലയാളികളാണ് ഉത്തരാഖണ്ഡില്‍ ഗംഗോത്രിക്കു സമീപം കുടുങ്ങിയത്.

ഇതില്‍ 20 പേര്‍ മുംബയില്‍നിന്നും ബാക്കിയുള്ളവര്‍ കേരളത്തില്‍ നിന്നുമാണ് പുറപ്പെട്ടത്. കാലാവസ്ഥ അനുകൂലമാകുമ്പോള്‍ നടപടി തുടങ്ങുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഉത്തരാഖണ്ഡ് മേഘ വിസ്ഫോടനത്തില്‍ അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇപ്പോഴും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ ഹെലികോപ്റ്റര്‍ ദുരന്തമുഖത്ത് സജ്ജമാക്കിയിട്ടുണ്ട്.

നിലവില്‍ റോഡ് തകര്‍ന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്. ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായി ഒലിച്ചുപോയി. വീടുകളും നാല് നിലകളിലുള്ള ഹോട്ടലുകളും അപകടത്തില്‍ തകര്‍ന്നു വീണു. നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും ഹോംസ്റ്റേകളുമുളള മേഖലയാണ് ധരാലി. ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്‌ഫോടനമുണ്ടായത്.