Career Notification
US ടാക്‌സ് കൺസൾട്ടന്റ്
അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ഒരു പോലെ പ്രാക്ടീസ് ചെയ്യാൻ അധികാരമുള്ളവരാണ് എൻറോൾഡ് ഏജന്റുമാർ. അമേരിക്കൻ ഗവൺമെന്റിന്റെ ഇന്റേണൽ റവന്യൂ സർവീസസ് (ഐ ആർ എസ്) ആണ് എൻറോൾഡ് ഏജന്റുമാർമാർക്ക് ലൈസൻസ് നൽകുന്നത് .
അമേരിക്കയിലെ പ്രത്യക്ഷ നികുതിയുടെ സകല മേഖലകളിലും വൈദഗ്ധ്യമുള്ള പ്രൊഫഷനലുകളെ തയ്യാറാക്കുന്ന പഠന പദ്ധതിയാണ് എൻറോൾഡ് ഏജന്റ് അഥവ ഇ എ കോഴ്സ്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ഒരു പോലെ പ്രാക്ടീസ് ചെയ്യാൻ അധികാരമുള്ളവരാണ് എൻറോൾഡ് ഏജന്റുമാർ. അമേരിക്കൻ ഗവൺമെന്റിന്റെ ഇന്റേണൽ റവന്യൂ സർവീസസ് (ഐ ആർ എസ്) ആണ് എൻറോൾഡ് ഏജന്റുമാർമാർക്ക് ലൈസൻസ് നൽകുന്നത് .
വ്യക്തികൾക്കും കോർപറേഷനുകൾക്കും ട്രസ്റ്റുകൾക്കും വേണ്ടി നികുതി റിട്ടേണുകൾ തയ്യാറാക്കുന്നതും അത് സമർപ്പിക്കാൻ വേണ്ട ഉപദേശങ്ങൾ നൽകുന്നതും നികുതി വ്യവഹാരങ്ങളിൽ അവരെ പ്രതിനിധാനം ചെയ്യുന്നതും എൻറോൾഡ് ഏജന്റാണ്.
അമേരിക്കയിലെ ചെറുതും വലുതുമായ പൊതുഅക്കൗണ്ടിംഗ് സ്ഥാപനങ്ങൾ, നിയമ സ്ഥാപനങ്ങൾ, കോർപറേറ്റ് അക്കൗണ്ടിംഗ് വകുപ്പുകൾ, സംസ്ഥാന റവന്യൂ വകുപ്പുകൾ, നിക്ഷേപ സ്ഥാപനങ്ങൾ, ബേങ്കുകൾ എന്നിവയിൽ വിദഗ്ധ സേവനം ചെയ്യാനും സ്വകാര്യ പ്രാക്ടീസ് നടത്താനും എൻറോൾഡ് ഏജന്റുമാർക്ക് അവസരമുണ്ട്.
തൊഴിലവസരം
ഇന്ത്യയിലും വിദേശത്തും ആഗോളീകരണത്തിന്റെ സാഹചര്യത്തിൽ പല ഇന്ത്യൻ സ്ഥാപനങ്ങളും പ്രൊഫഷനലുകളും അമേരിക്കൻ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇവർക്കൊക്കെ അമേരിക്കൻ ടാക്‌സ് നിയമങ്ങൾ കൃത്യമായി പാലിക്കാൻ ബാധ്യതയുള്ളതുകൊണ്ട്, ഈ സ്ഥാപനങ്ങളിൽ ടാക്‌സ് വിദഗ്ധരായ എൻറോൾഡ് ഏജന്റമാർക്കു ഇന്ത്യയിൽ തന്നെ വലിയ തൊഴിലവസരം ലഭ്യമാകുന്നു.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ സാമ്പത്തിക സേവന രംഗത്തെ ഔട്സോഴ്സിംഗ് സ്ഥാപനങ്ങളിലും ഇ എമാർക്ക് അവസരമുണ്ട്. അമേരിക്കൻ കമ്പനികൾ നിക്ഷേപം നടത്തിയ ഇന്ത്യൻ സ്ഥാപനങ്ങളിലും ധാരാളം എൻറോൾഡ് ഏജന്റുമാർ ജോലി ചെയ്യുന്നുണ്ട്.
ഓഡിറ്റ്, ഫിനാൻഷ്യൽ രംഗത്തെ അതികായരായ ഡിലോയിറ്റ്, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ്, ഏണസ്റ്റ് ആൻഡ് യംഗ്, കെ പി എം ജി തുടങ്ങിയ സ്ഥാപനങ്ങൾക്കും ഇ എ മാരുടെ സേവനം വലിയ തോതിൽ ആവശ്യമാണ്. അമേരിക്കയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ പ്രൊഫഷനലുകളും കമ്പനികളും ഇ എമാരുടെ സേവനം തേടാറുണ്ട്. സ്വന്തം കൺസൾട്ടിംഗ് സ്ഥാപനം ആരംഭിച്ച് യു എസ് ടാക്‌സ് പ്രാക്ടീഷനറായി പ്രവർത്തിക്കാനുള്ള അവസരവും എൻറോൾഡ് ഏജന്റുമാർക്കുണ്ട്.
എൻറോൾഡ് ഏജന്റാകുന്നത് എങ്ങനെ?
ആദ്യം ഐ ആർ എസിൽ നിന്ന് ഒരു പ്രിപ്പയറർ നികുതി തിരിച്ചറിയൽ നമ്പർ (പി ടി ഐ എൻ) നേടണം. ഇ എ പരീക്ഷ എഴുതാൻ ഇത് നിർബന്ധമാണ്. ഇതിന് irs.gov/taxpro എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. പ്രവേശനത്തിന് നിശ്ചിത വിദ്യാഭ്യാസ യോഗ്യതകളൊന്നും നിഷ്‌കർഷിക്കുന്നില്ലെങ്കിലും മറ്റൊരു രാജ്യത്തെ നിയമങ്ങൾ പഠിക്കാനും പ്രയോഗവത്കരിക്കാനുമുള്ളതു കൊണ്ട് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യത എങ്കിലുമുള്ളവർ അപേക്ഷിക്കുന്നതാണ് നല്ലത്.
പരീക്ഷ
എൻറോൾഡ് ഏജന്റാകുന്നതിന് ഐ ആർ എസ് നടത്തുന്ന പ്രത്യേക എൻറോൾമെന് പരീക്ഷ (എസ് ഇ ഇ) വിജയിക്കണം. https://www.prometric.com/exams/see എന്ന വെബ്സൈറ്റ് വഴിയാണ് പരീക്ഷാ സമയവും സ്ഥലവും തിരഞ്ഞെടുക്കുന്നത്. ഈ പരീക്ഷക്ക് മൂന്ന് ഭാഗങ്ങളുണ്ട്. വിവിധ വിഭാഗങ്ങളുടെ നികുതിയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടാകുക
1. വ്യക്തികൾ
വ്യക്തികളുടെ നികുതി സംബന്ധമായ വിഷയങ്ങളാണ് ഈ പേപ്പറിൽ എഴുതേണ്ടത്. വ്യക്തിഗത വരുമാനം, കിഴിവുകൾ, ക്രെഡിറ്റുകൾ, ഫയലിംഗിന്റെ ആവശ്യകതകൾ എന്നീ പ്രധാന ഘടകങ്ങൾ ഉൾക്കൊള്ളുന്ന ആറ് ഡൊമൈനുകളിലെ ചോദ്യങ്ങൾ ഈ ഭാഗത്തിൽ ഉണ്ടാകും.
2. ബിസിനസ്സുകൾ
ഈ പേപ്പറിൽ ബിസിനസ്സ് സ്ഥാപനങ്ങളുടെ വിവിധ നികുതി ബാധ്യതകൾ, സ്ഥാപനത്തിന്റെ മൂല്യത്തിൽ ഉണ്ടാകുന്ന കുറവ്, വിവിധ കിഴിവുകൾ, ക്രെഡിറ്റുകൾ മുതലായ ഘടകങ്ങൾ ഉൾക്കൊള്ളുന്ന മൂന്ന് ഡൊമൈനുകളിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടാകും.
3. പ്രാതിനിധ്യം, പ്രാക്ടീസുകൾ, നടപടിക്രമങ്ങൾ
ഐ ആർ എസ് നിയമങ്ങൾ, ധാർമികത, നികുതിദായക അവകാശങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന നാല് ഡൊമൈനുകളിലുള്ള ചോദ്യങ്ങളാണ് ഈ ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാണ്. ഓരോ ഭാഗത്തിലും 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണുണ്ടാകുക.
പരീക്ഷയുടെ ദൈർഘ്യം മൂന്നര മണിക്കൂർ. മൂന്ന് ഭാഗങ്ങളിൽ ഏത് ഭാഗവും ആദ്യം എഴുതാം. വിജയിക്കാൻ ഓരോ പേപ്പറിനും 105 മാർക്ക് ലഭിക്കണം. ഒരു ഭാഗം വിജയിച്ച് മൂന്ന് വർഷത്തിനുള്ളിൽ മറ്റ് രണ്ട് ഭാഗങ്ങളും വിജയിക്കണം. ഐ ആർ എസിന്റെ പ്രോമെട്രിക് സെന്ററുകളിലാണ് പരീക്ഷ നടക്കുക.
ഓരോ വർഷവും, സിലബസിൽ യു എസ് ടാക്‌സ് നിയമങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന മാർച്ച്, ഏപ്രിൽ ഒഴികെ മാസങ്ങളിൽ പരീക്ഷ എഴുതാം. ഐ ആർ എസ് പ്രസിദ്ധീകരണങ്ങൾ, ഔദ്യോഗിക പ്രാക്ടീസ് ടെസ്റ്റുകൾ, നിലവാരമുള്ള വിവിധ പഠന ഗൈഡുകൾ എന്നിവ ഉപയോഗിച്ച് പരിശീലനം നേടുന്നത് വിജയ സാധ്യത വർധിപ്പിക്കും. മോക്ക് ടെസ്റ്റുകളിലും സമയബന്ധിതമായ ക്വിസുകളിലും പങ്കെടുത്ത് സമയ മാനേജ്മെന്റ്മെച്ചപ്പെടുത്തുന്നത് നല്ലതാണ്.
സിലബസ് അടിസ്ഥാനമാക്കിയുള്ള കൃത്യമായ ക്ലാസ്സുകൾ, പരിശീലനത്തിന് ആവശ്യമായ പഠന സാമഗ്രികൾ, പരീക്ഷാ സിമുലേഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന നിലവാരം പുലർത്തുന്ന കോച്ചിംഗ് സ്ഥാപനങ്ങളിൽ പരിശീലനം നേടുന്നത് അഭികാമ്യമാണ്. പ്രവേശനം, പരീക്ഷ എന്നിവ സംബന്ധിച്ച സേവനവും ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കും.
എൻറോൾമെന്റ്
എല്ലാ പരീക്ഷാ ഭാഗങ്ങളും ജയിച്ചാൽ എൻറോൾഡ് ഏജന്റ്എൻറോൾമെന്റിനുള്ള അപേക്ഷ ഐ ആർ എസിനു സമർപ്പിക്കണം. ഐ ആർ എസ് ആവശ്യപ്പെടുന്ന പ്രകാരം എൻറോൾമെന്റ്ഫീസ് അടയ്ക്കുക. അപേക്ഷകന്റെ സ്വഭാവം, ക്രിമിനൽ റെക്കോർഡ് എന്നിവ വിലയിരുത്തുന്ന പശ്ചാത്തല പരിശോധന നടത്തി ഐ ആർ എസ് ആ വ്യക്തിക്ക് എൻറോൾഡ് ഏജന്റായി അംഗീകാരം നൽകും.
ഓരോ മൂന്ന് വർഷത്തിലും എൻറോൾഡ് ഏജന്റ്‌ലൈസെൻസ് പുതുക്കണം. 72 മണിക്കൂർ തുടർവിദ്യാഭ്യാസം (സി ഇ) പൂർത്തിയാക്കിയാൽ മാത്രമേ ലൈസൻസ് പുതുക്കിനൽകൂ. നികുതി നിയമങ്ങൾ, ധാർമികത, നടപടിക്രമ മാറ്റങ്ങൾ എന്നിവയെ കുറിച്ച് അപ്‌ഡേറ്റ് ചെയ്യാൻ ഈ തുടർ വിദ്യാഭ്യാസം എൻറോൾഡ് ഏജന്റിനെ സഹായിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ആവശ്യമായ ഫീസ് അടച്ചാൽ ലൈസൻസ് പുതുക്കി നൽകും. കൂടുതൽ വിവരങ്ങൾ www.irs.gov എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.



