National
അമേരിക്ക ഇന്ത്യക്കെതിരായ പ്രതികാരച്ചുങ്കം 50 ശതമാനമാക്കി
ഇന്ത്യക്കെതിരെ കടുത്ത നടപടിയുമായി മുന്നോട്ടു പോകുന്ന ട്രംപ് നേരത്തെ 25 ശതമാനമാക്കിയ തീരുവയാണ് 50 ശതമാനമായി ഉയര്‍ത്തിയത്.

ന്യൂഡല്‍ഹി | റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ അമേരിക്ക ഇന്ത്യക്കെതിരായ പ്രതികാരച്ചുങ്കം 50 ശതമാനമാക്കി ഉയര്‍ത്തി. ഇന്ത്യക്കെതിരെ കടുത്ത നടപടിയുമായി മുന്നോട്ടു പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നേരത്തെ 25 ശതമാനമാക്കിയ തീരുവയാണ് 50 ശതമാനമായി ഉയര്‍ത്തിയത്.
ഇന്ത്യാ സര്‍ക്കാര്‍ നിലവില്‍ നേരിട്ടോ അല്ലാതെയോ റഷ്യന്‍ ഫെഡറേഷന്റെ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് താന്‍ മനസ്സിലാക്കുന്നുവെന്നും അതനുസരിച്ച് ബാധകമായ നിയമത്തിന് അനുസൃതമായി യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ കസ്റ്റംസ് പ്രദേശത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ വസ്തുക്കള്‍ക്ക് 25 ശതമാനം അധിക തീരുവ നിരക്ക് ബാധകമായിരിക്കുമെന്നുമാണ് ഡൊണാള്‍ഡ് ട്രംപ് ഇറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നത്.
പ്രതികാരച്ചുങ്കം ചുമത്താനുള്ള ട്രംപിന്റെ നടപടി ഇന്ത്യ അമേരിക്ക ബന്ധത്തില്‍ കാര്യമായ ഉലച്ചിലുണ്ടാക്കുമോ എന്നാണ് അന്താരാഷ്ട്ര വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. റഷ്യയില്‍ നിന്ന് സൈനിക ഉപകരണങ്ങളും ഇന്ധനവും വാങ്ങുന്നതിന് പിഴയ്ക്ക് പുറമേ ഇന്ത്യ 25% തീരുവ നല്‍കേണ്ടിവരുമെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാല്‍ ട്രംപ് ചൊവ്വാഴ്ച അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയുടെ മേലുള്ള തീരുവ വളരെ ഗണ്യമായി ഉയര്‍ത്തുമെന്നാണ് പറഞ്ഞത്.
അമേരിക്കയുടെ വ്യാപാര പങ്കാളികള്‍ക്കും മേല്‍ ചുമത്തിയ ഏറ്റവും ഉയര്‍ന്ന പ്രതികാരച്ചുങ്കമാണ് ഇന്ത്യയുടെ മേലുള്ള ട്രംപിന്റെ പുതിയ താരിഫ്. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ശിക്ഷിക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യ ഇരയാവുകയാണെന്നാണ് പ്രഖ്യാപനം വ്യക്തമാക്കുന്നത്.