International
താരിഫ് പ്രശ്നം: രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഇന്ത്യ അമേരിക്കയോട് ക്ഷമ പറയേണ്ടി വരുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി
താരിഫ് വിഷയത്തിൽ ഇന്ത്യക്ക് ഒടുവിൽ യുഎസ് സമ്മർദ്ദത്തിന് വഴങ്ങേണ്ടി വരുമെന്നും യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്.

വാഷിംഗ്ടൺ | താരിഫ് വിഷയത്തിൽ ഇന്ത്യക്ക് ഒടുവിൽ യുഎസ് സമ്മർദ്ദത്തിന് വഴങ്ങേണ്ടി വരുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്. റഷ്യയുമായി ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന എണ്ണ വ്യാപാരത്തെക്കുറിച്ച് സംസാരിക്കവേ, ഇന്ത്യയ്ക്ക് വാഷിംഗ്ടണിനെ ദീർഘകാലം ധിക്കരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ്
ഇന്ത്യ നിലപാട് മാറ്റാൻ തയ്യാറായില്ലെങ്കിൽ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 50% വരെ താരിഫ് ചുമത്തേണ്ടി വരുമെന്നും ലുട്നിക് മുന്നറിയിപ്പ് നൽകി. കാനഡയുമായി വാഷിംഗ്ടണിന് മുൻപുണ്ടായ താരിഫ് തർക്കം ഉദാഹരണമായി ചൂണ്ടിക്കാട്ടി, പ്രതികാര നടപടികൾ ചെറുകിട സമ്പദ്‌വ്യവസ്ഥകളെയാണ് കൂടുതൽ ദോഷകരമായി ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ചർച്ചകൾക്കായി മടങ്ങിവരുമെന്ന് ലുട്നിക് കൂട്ടിച്ചേർത്തു. ഇന്ത്യ ചർച്ചാ മേശയിലെത്തുമെന്നും ട്രംപിനോട് ക്ഷമ ചോദിച്ച് ഒരു കരാറിന് ശ്രമിക്കുമെന്നും താൻ കരുതുന്നുവെന്നും ലുട്നിക് പറഞ്ഞു.
അമേരിക്കയുടെ 50% താരിഫിൽ നിന്ന് രക്ഷപ്പെടാൻ ഇന്ത്യ അമേരിക്കയുമായി സഹകരിക്കുകയോ ബ്രിക്സിൽ നിന്ന് പിൻമാറുകയോ വേണ്ടിവരും. അതല്ല, റഷ്യയ്ക്കും ചൈനയ്ക്കും ഇടയിൽ ഒരു പാലമാകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കിൽ 50% താരിഫ് നൽകേണ്ടിവരും. ഇത് എത്രകാലം തുടരുമെന്ന് നമുക്ക് നോക്കാമെന്നും ലുട്നിക് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവ് അമേരിക്കയാണ്. ഞങ്ങളുടെ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാണ് ലോകത്തെ നയിക്കുന്നത്. ഒടുവിൽ ഉപഭോക്താവാണ് എപ്പോഴും ശരിയെന്നും ലുട്നിക് കൂട്ടിച്ചേർത്തു.