National
ഉത്തരാഖണ്ഡില്‍ അജ്ഞാതപ്പനി പടരുന്നു; 10 മരണം
രോഗം ബാധിച്ചവരില്‍ കടുത്ത പനി, പ്ലേറ്റ്ലറ്റ് എണ്ണത്തില്‍ അപകടകരമായ കുറവ് എന്നീ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി അധികൃതര്‍

ഡെറാഡൂണ്‍|ഉത്തരാഖണ്ഡില്‍ അജ്ഞാതപ്പനി പടരുന്നു. അജ്ഞാതപനി ബാധിച്ച് 10 പേര്‍ മരിച്ചു. അല്‍മോറ ജില്ലയിലെ ധൗലാദേവി ബ്ലോക്കില്‍ ഏഴ് പേരും റൂര്‍ക്കിയില്‍ മൂന്ന് പേരുമാണ് മരിച്ചത്. രണ്ടാഴ്ചക്കുള്ളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ പറയുന്നു. പനി ബാധിച്ചവരുടെ സാമ്പിളുകള്‍ വിശദമായ പരിശോധനക്കായി അല്‍മോറ മെഡിക്കല്‍ കോളജിലേക്ക് അയച്ചിട്ടുണ്ടെന്നും ഫലങ്ങള്‍ ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നവീന്‍ ചന്ദ്ര തിവാരി പറഞ്ഞു. എല്ലാ മരണങ്ങളും ഒരു പകര്‍ച്ചവ്യാധി സ്രോതസ്സുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഗം ബാധിച്ചവരില്‍ കടുത്ത പനി, പ്ലേറ്റ്ലറ്റ് എണ്ണത്തില്‍ അപകടകരമായ കുറവ് എന്നീ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ പനി ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി ആര്‍ രാജേഷ് കുമാര്‍ വ്യക്തമാക്കി. പനിയും അനുബന്ധ ലക്ഷണങ്ങളും ഉണ്ടോയെന്ന് പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് അജ്ഞാതപനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ വീടുതോറുമുള്ള സ്‌ക്രീനിംഗ് കാമ്പെയ്ന്‍ ആരംഭിച്ചു. ജലസ്രോതസ്സുകളില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.