Connect with us

International

ഐക്യരാഷ്ട്രസഭാ മുന്നറിയിപ്പ്; കടൽ ഉയരുന്നു; രാജ്യങ്ങൾക്കിത് "വധശിക്ഷ'

ഭീഷണി നിലനിൽക്കുന്ന നഗരങ്ങളിൽ മുംബൈയും • ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് വെല്ലുവിളി

Published

|

Last Updated

ന്യൂയോർക്ക് | സമുദ്ര നിരപ്പുയരുന്നത് ഉണ്ടാക്കുന്ന ഭീഷണിയെ കുറിച്ച് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും സമുദ്രനിരപ്പ് ഉയരൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള യു എൻ രക്ഷാ സമിതിയിലെ ആദ്യ ചർച്ചയിലാണ് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ മുന്നറിയിപ്പ്.

ബാങ്കോക്ക്, ബ്യൂണസ് അയേഴ്‌സ്, ജക്കാർത്ത, ലണ്ടൻ, ലോസ് ഏഞ്ചൽസ്, മുംബൈ, ന്യൂയോർക്ക്, ഷാംഗ്ഹായ് തുടങ്ങിയ വൻ നഗരങ്ങൾക്കൊപ്പം ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ഇന്തോനേഷ്യ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. തീരപ്രദേശങ്ങളിൽ താമസിക്കുന്ന 90 കോടി ജനങ്ങളെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയാണ്. ഭൂമിയിലെ ആകെ ജനസംഖ്യയുടെ പത്തിൽ ഒന്ന് വരുമിത്.

കഴിഞ്ഞ 11,000 വർഷത്തിൽ ഉണ്ടായതിനേക്കാൾ വേഗത്തിലാണ് കഴിഞ്ഞ നൂറ്റാണ്ടിൽ സമുദ്രം ചൂടുപിടിച്ചത്. വരും ദശകങ്ങളിൽ സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികൾ ചുരുങ്ങും. ഹിമാലയൻ നദീതടങ്ങളിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ സമുദ്രനിരപ്പ് ഉയരുന്നതിന്റെയും ഉപ്പുവെള്ളം കയറുന്നതിന്റെയും പ്രത്യാഘാതങ്ങൾ അനുഭവിക്കും. സാന്പത്തികമായി ദുർബലമായ രാജ്യങ്ങളെ സംബന്ധിച്ച് ഇത് “വധശിക്ഷ’ക്ക് സമാനമാണ്. കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ താപനില ഉയർത്തുകയും ഹിമാനികളും മഞ്ഞുപാളികളും ഉയരുകുകയും ചെയ്യുകയാണ്. നാസയുടെ കണക്കനുസരിച്ച്, അന്റാർട്ടിക്കയിൽ ഓരോ വർഷവും ശരാശരി 150 ബില്യൺ ടൺ കണക്കിൽ മഞ്ഞുവീഴ്ച കുറയുന്നു. ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾ കൂടുതൽ വേഗത്തിൽ കുറയുകയും പ്രതിവർഷം 270 ബില്യൺ ടൺ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്നും ഗുട്ടറസ് പറഞ്ഞു.

യു എന്നിന്റെ വേൾഡ് മിറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ 2022ലെ റിപോർട്ട് പ്രകാരം, കഴിഞ്ഞ എട്ട് വർഷം ഏറ്റവും ചൂടേറിയതായിരുന്നു. 1993ന് ശേഷം സമുദ്ര നിരപ്പ് ഉയരുന്നതിന്റെ നിരക്ക് ഇരട്ടിയാകയും ചെയ്തു. ഏറ്റവും ഉയർന്ന മഞ്ഞുള്ള പ്രദേശങ്ങൾക്ക് പോലും, ചരിത്രത്തിലാദ്യമായി അതേ സ്ഥിതിയിൽ വേനൽക്കാലം അതിജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നും റിപോർട്ടിൽ പറഞ്ഞിരുന്നു.

Latest