Kerala
സാമൂഹിക സുരക്ഷാ പെന്‍ഷന്‍; 400 രൂപ കൂട്ടിയതോടെ 900 രൂപ നഷ്ടം: വി ഡി സതീശന്‍
എല്‍ ഡി എഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന്
കൊച്ചി | സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 400 രൂപ കൂട്ടിയതോടെ യഥാര്‍ഥത്തില്‍ 900 രൂപ നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. എല്‍ ഡി എഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണ്.
എല്‍ ഡി എഫ് അധികാരത്തില്‍ വരുംമുമ്പ് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ 2500 രൂപ കൊടുക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. നാലര കൊല്ലം ഇത് ചെയ്തില്ല. അതുവഴി ജനങ്ങള്‍ക്ക് 900 രൂപ നഷ്ടമായി. അങ്ങനെ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ പറ്റില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എല്‍ ഡി എഫ് സര്‍ക്കാറിന്റെ ക്ഷേമ പ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാനുള്ളതാണ്. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ എന്ത് കൊടുത്താലും ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യും. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള വര്‍ധനയാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. നാലരകൊല്ലം ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍.
ആശാവര്‍ക്കര്‍മാരുടെ സമരത്തെ പരിഹസിച്ച സര്‍ക്കാരാണ് 33 രൂപ കൂടുതല്‍ കൊടുത്തിരിക്കുന്നത്. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം ഗൗരവമായി വര്‍ധിപ്പിക്കണം. അത് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുള്ളതാണ്. ക്ഷേമനിധികള്‍ ഇതുപോലെ മുടങ്ങിയ കാലമുണ്ടായിട്ടില്ല. ജീവനക്കാര്‍ക്ക് അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എല്ലാം ഈ സര്‍ക്കാര്‍ കൊടുക്കാനുള്ളത് ഒരു ലക്ഷം കോടി രൂപയാണ്.
നായനാര്‍ സര്‍ക്കാരാണ് പെന്‍ഷന്‍ കൊടുത്ത് തുടങ്ങിയതെന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. 18 മാസത്തെ കുടിശ്ശിക ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തുണ്ടായിരുന്നു എന്നത് സി പി എം ക്യാപ്‌സ്യൂള്‍ ആണ്. അത് തെളിയിക്കാന്‍ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും വെല്ലുവിളിക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. നൂറിലധികം സീറ്റുമായി 2026 യു ഡി എഫ് തിരിച്ചു വരും. അതിന് നേതൃത്വം കൊടുക്കുന്നത് കോണ്‍ഗ്രസ്സാണ്. കോണ്‍ഗ്രസില്‍ കുഴപ്പമെന്നത് സി പി എം നെറൈറ്റീവാണ്. ഇപ്പോള്‍ എല്‍ ഡി എഫിലാണ് കുഴപ്പമെന്നും സതീശന്‍ പറഞ്ഞു.
പി എം ശ്രീ ആരും അറിയാതെ പോയി ഒപ്പുവച്ചതിനുശേഷമാണ് മന്ത്രിസഭ ഉപസമിതി രൂപീകരിക്കുന്നത്. ഇത് സി പി ഐയെ പറ്റിക്കാനാണ്. പദ്ധതിയില്‍ നിന്ന് മാറും എന്ന് പറയാന്‍ മുഖ്യമന്ത്രി ഭയക്കുന്നത് എന്തിനാണ്. എന്ത് സമ്മര്‍ദ്ദമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായതെന്ന് വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.



