Connect with us

National

ആരവല്ലി കുന്നുകളുടെ നിർവചനം; സുപ്രീംകോടതി സ്വമേധയാ കേസെടുത്തു

കുന്നുകളുടെ പുനർനിർവചനത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ.

Published

|

Last Updated

ന്യൂഡൽഹി | ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ വരുത്തിയ മാറ്റം പരിസ്ഥിതിക്ക് ഭീഷണിയാകുമെന്ന ആശങ്കയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എ ജി മാസിഹ് എന്നിവരടങ്ങുന്ന പ്രത്യേക അവധിക്കാല ബെഞ്ച് നാളെ ഈ വിഷയം പരിഗണിക്കും. കുന്നുകളുടെ പുനർനിർവചനത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ.

പ്രാദേശിക ഭൂപ്രദേശങ്ങളിൽ നിന്ന് കുറഞ്ഞത് 100 മീറ്റർ ഉയരമുള്ള കുന്നുകളെ മാത്രമേ പുതിയ നിർവചന പ്രകാരം ആരവല്ലി മലനിരകളുടെ ഭാഗമായി കണക്കാക്കൂ. ഇതോടെ നൂറ് മീറ്ററിൽ താഴെ ഉയരമുള്ള നിരവധി കുന്നുകൾ സംരക്ഷണ പരിധിക്ക് പുറത്താകും. ഇത് മേഖലയിൽ വ്യാപകമായ ഖനനത്തിനും നിർമാണ പ്രവർത്തനങ്ങൾക്കും വഴിതുറക്കുമെന്നും പരിസ്ഥിതി വ്യവസ്ഥയെ തകർക്കുമെന്നും വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ആരവല്ലി കുന്നുകളുടെ നിർവചനത്തിലെ അവ്യക്തത പരിഹരിക്കാൻ സുപ്രീംകോടതി തന്നെ മുൻപ് ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി നൽകിയ നിർവചനം അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ നവംബറിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. എന്നാൽ പുതിയ മാറ്റങ്ങൾ നിയമസാധുതയാക്കി ഖനന മാഫിയകൾ ദുരുപയോഗം ചെയ്യുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്.

മരുഭൂമീകരണം തടയുന്നതിലും ഭൂഗർഭജല സംരക്ഷണത്തിലും നിർണായക പങ്ക് വഹിക്കുന്ന ആരവല്ലിയിൽ പുതിയ ഖനന അനുമതി നൽകുന്നതിന് മുമ്പ് കൃത്യമായ മാനേജ്മെന്റ് പ്ലാൻ തയാറാക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.

Latest