From the print
28 ലക്ഷം പേര്‍ അധികം; സംസ്ഥാനത്ത് ആഭ്യന്തര വിനോദസഞ്ചാരത്തില്‍ കുതിപ്പ്
വിദേശികളുടെ വരവ് കൊവിഡിന് മുമ്പത്തെ അവസ്ഥയിലേക്ക് ഇനിയും എത്തിയില്ല.
കോഴിക്കോട് | കേരളം കാണാനെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ധന. 2025ല്‍ 8,21,999 വിദേശ സഞ്ചാരികള്‍ കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് കണക്ക്. ബ്രിട്ടന്‍, അമേരിക്ക, ജര്‍മനി, ഫ്രാന്‍സ്, കാനഡ, ആസ്‌ത്രേലിയ, മലേഷ്യ, സഊദി അറേബ്യ, ഒമാന്‍, മാലദ്വീപ് രാജ്യങ്ങളില്‍ നിന്നാണ് സഞ്ചാരികള്‍ കൂടുതലായെത്തിയത്.
വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ എറണാകുളമാണ് മുന്നില്‍. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകള്‍ തൊട്ടുപിന്നിലുണ്ട്. എന്നാല്‍, വിദേശ വിനോദസഞ്ചാരികളുടെ വരവില്‍ കൊവിഡിന് മുമ്പത്തെ സാഹചര്യം വീണ്ടെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ലോകത്ത് പല ഇടങ്ങളിലായി നിലനില്‍ക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങള്‍ സഞ്ചാരികളെ പിറകോട്ട് വലിക്കുന്നുവെന്നാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ വിലയിരുത്തല്‍.
എന്നാല്‍, ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുതിപ്പുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 28 ലക്ഷത്തിലധികം ആഭ്യന്തര സഞ്ചാരികള്‍ നാട് കാണാനിറങ്ങി. 2,50,58,366 (2025), 2,22,46,989 (2024) എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്ക്.
സംസ്ഥാനത്തിനകത്ത് നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് പുറമെ തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ സഞ്ചാരികളെത്തിയത്.
കേരള ടൂറിസം നടത്തിയ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നേട്ടം സാധ്യമാക്കാനായതെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. റസ്റ്റ് ഹൗസുകള്‍ നവീകരിച്ചതോടെ വലിയ മാറ്റമുണ്ടായി. താമസത്തിന് എത്തുന്നതില്‍ വലിയ ശതമാനവും സഞ്ചാരികളാണ്. കാസര്‍കോട് അടക്കമുള്ള ജില്ലകളില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുള്‍പ്പെടെ താമസ സൗകര്യം വര്‍ധിച്ചു, മികച്ച റോഡുകളൊരുക്കി. വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ പിന്നാക്കം നിന്നിരുന്ന വയനാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഇതോടെയാണ് കുതിപ്പുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.



