Kerala
കിഫ്ബിയിലൂടെ നടപ്പാക്കിയത് ഒരുലക്ഷം കോടി രൂപയുടെ വികസനം: മുഖ്യമന്ത്രി
കിഫ്ബിയില്‍ നിന്നും 257 കോടി രൂപ ചെലവിട്ടു നിര്‍മിച്ച പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ഉള്‍പ്പെടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 15 വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.
കോട്ടയം | പത്തുവര്‍ഷം കൊണ്ട് കിഫ്ബിയിലൂടെ ഒരുലക്ഷം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയില്‍ നിന്നും 257 കോടി രൂപ ചെലവിട്ടു നിര്‍മിച്ച പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ഉള്‍പ്പെടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 15 വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 50,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കിഫ്ബി വഴി ലക്ഷ്യമിട്ടതെങ്കിലും അത് 62,000 കോടി രൂപയായി ഉയര്‍ന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് അത് ഒരുലക്ഷം കോടി രൂപയിലെത്തിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ആരോഗ്യമേഖലയില്‍ സംസ്ഥാനത്ത് അത്ഭുതകരമായ മാറ്റമാണ് പത്തുവര്‍ഷം കൊണ്ട് സംഭവിച്ചത്. അതിവിപുല സൗകര്യങ്ങളുള്ള രാജ്യങ്ങളേക്കാള്‍ നവജാത ശിശു മരണനിരക്കിലും മാതൃ മരണനിരക്കിലും കേരളത്തിന് മികച്ച നിലയിലെത്താനായി. ആരോഗ്യരംഗത്തെ നേട്ടത്തിന് ഡോക്ടര്‍മാരും ജീവനക്കാരും നല്‍കിയ സംഭാവന വലുതാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമല്ല നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികളുമുണ്ട്. പ്രവര്‍ത്തനലാഭത്തിനൊപ്പം സേവനം എന്ന രീതി കൂടി പിന്തുടരുന്നവയാണ് അവയില്‍ പലതും.
എന്നാല്‍, ലാഭത്തില്‍ മാത്രം കണ്ണുനട്ട് പ്രസിദ്ധമായ ചില സ്വകാര്യ ആശുപത്രികളിലേക്ക് ആഗോളഭീമന്മാര്‍ കടന്നുവന്നിട്ടുണ്ട്. അവിടങ്ങളില്‍ സൗകര്യങ്ങളിലൊന്നും മാറ്റമില്ലെങ്കിലും ചികിത്സക്ക് ഈടാക്കുന്ന തുകയില്‍ വലിയ വര്‍ധനയാണുള്ളത്. ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ മേഖല കൂടുതല്‍ കരുത്താര്‍ജിക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്. ഏതു മികച്ച സ്വകാര്യ ആശുപത്രികളോടും കിടപിടിക്കാന്‍ കഴിയുന്ന നിലയിലേക്ക് സര്‍ക്കാര്‍ ആശുപത്രികളെ ഉയര്‍ത്തുകയാണ് ലക്ഷ്യം. നവകേരളം എന്നത് സങ്കല്‍പമല്ല, യാഥാര്‍ഥ്യമാണ്. അവിടേക്കാണ് നമ്മള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് എവിടെ നോക്കിയാലും ആ മാറ്റം പ്രകടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ കോളജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, എം പിമാരായ അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കലക്ടര്‍ ചേതന്‍കുമാര്‍ മീണ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി വിശ്വനാഥന്‍, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ജയ്മോന്‍, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരന്‍, അതിരമ്പുഴ ഗ്രമാപഞ്ചായത്ത് പ്രസിഡന്റ് ഒ എ സജി, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫിലിപ്പ്, ഗ്രാമപഞ്ചായത്തംഗം റോസിലി ടോമിച്ചന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി പുന്നൂസ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അരവിന്ദ് സച്ചില്‍, ദന്തല്‍ കോളജ് പ്രിന്‍സിപ്പല്‍ വി പി കണ്ണന്‍, നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍ ലിനി ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ടി ആര്‍ രാധ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് കെ പി ജയപ്രകാശ്, ചീഫ് നഴ്സിങ് ഓഫീസര്‍ പി കെ ഉഷ, ഡി സി എച്ച് പ്രസിഡന്റ് സി ജെ ജോസഫ് പ്രസംഗിച്ചു.



