Kerala
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും അന്തർദേശീയ സംഭവങ്ങളും ചർച്ചയായി
കോഴിക്കോട് | പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും അന്തർദേശീയ സംഭവങ്ങളും ചർച്ചയായി. മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ നടത്തിയ കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന വിഷയങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തി. ഗ്രാൻഡ് മുഫ്തിയുടെ വിശുദ്ധ റമളാൻ സന്ദേശവും കൈമാറി.
എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സന്തോഷ സൂചികക്കും മാനവ വികസനത്തിനും നൽകേണ്ട പരിഗണന, ജനസംഖ്യാനുപാതികവും പ്രാദേശിക സന്തുലിതവുമായി വിഭവങ്ങൾ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം, വഖ്ഫ്-എസ് ഐ ആർ ആശങ്കകൾ, പുരാതന മസ്ജിദുകളും ഇസ്‌ലാമിക പൈതൃക സ്മാരകങ്ങളും സംരക്ഷിക്കൽ, മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് ഉൾപ്പെടയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളുടെ പുനഃസ്ഥാപനം, അലിഗഢ് സർവകലാശാല മലപ്പുറം സെന്റർ വികസനം, രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗവുമായി കേന്ദ്രസർക്കാർ അടുത്തിടപെടേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ സംസാരവിഷയമായി. അന്താരാഷ്ട്ര തലത്തിൽ സമാധാനം ഉറപ്പുവരുത്തുന്നതിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ ഗ്രാൻഡ് മുഫ്തി അഭിനന്ദിച്ചു.
ഗ്രാൻഡ് മുഫ്തിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടക്കുന്ന വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും ആഗോള തലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുംവിധം ഗ്രാൻഡ് മുഫ്തി നടത്തുന്ന സാമൂഹ്യ-സാംസ്കാരിക ഇടപെടലുകളും അടുത്തറിയുന്നുണ്ടെന്നും അവ പ്രശംസനീയമാണെന്നും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഗ്രാൻഡ് മുഫ്തിയെ കൂടാതെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ് വൈ എസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.



