Connect with us

National

സാമൂഹിക ഐക്യവും സാഹോദര്യവും നിലനിർത്തുന്നതിൽ കാന്തപുരത്തിന്റെ ശ്രമങ്ങൾ ശ്രദ്ധേയം: പ്രധാനമന്ത്രി

ഗ്രാൻഡ് മുഫ്തിയുമായി വളരെ മികച്ച ആശയവിനിമയം നടത്തിയെന്നും വിവിധ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവെച്ചെന്നും പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്തെ സാമൂഹിക ഐക്യവും സാഹോദര്യവും നിലനിർത്തുന്നതിനും വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എക്സ് പോസ്റ്റിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രാൻഡ് മുഫ്തിയുമായി വളരെ മികച്ച ആശയവിനിമയം നടത്തിയെന്നും വിവിധ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവെച്ചെന്നും പ്രധാനമന്ത്രി അറിയിച്ചു.

തിങ്കളാഴ്ച രാവിലെയാണ് കാന്തപുരം, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ സാമൂഹികം, വിദ്യാഭ്യാസം, വികസനം തുടങ്ങിയ വിവിധ മേഖലകളിലെ വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും ചർച്ചയായി. ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതികളുടെ പുനഃസ്ഥാപനം, അലിഗഢ് സർവകലാശാല മലപ്പുറം സെന്റർ വികസനം, വഖ്ഫ് വിഷയങ്ങളിലെ ആശങ്കകൾ തുടങ്ങിയവയും കൂടിക്കാഴ്ചയിൽ സംസാരവിഷയമായി.

ഗ്രാൻഡ് മുഫ്തിക്ക് പുറമെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ് വൈ എസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

---- facebook comment plugin here -----

Latest