Connect with us

Kerala

സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ

അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് അതത് വരണാധികാരികൾ നടത്തും

Published

|

Last Updated

തിരുവനന്തപുരം | പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ/ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതൽ 07 വരെ തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് അതത് വരണാധികാരികൾ നടത്തും.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ 4 സ്റ്റാന്റിങ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തിൽ ധനകാര്യം, വികസനകാര്യം, പൊതുമരാമത്ത്കാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ 5  സ്റ്റാന്റിംഗ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്.

മുനിസിപ്പാലിറ്റകളിൽ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ 6 സ്റ്റാന്റിങ് കമ്മിറ്റികളും കോർപ്പറേഷനുകളിൽ ധനകാര്യം, വികസനകാര്യം, മകാര്യം, ആരോഗ്യകാര്യം, മരാമത്ത്കാര്യം നഗരാസൂത്രണകാര്യം, നികുതി അപ്പീൽകാര്യം, വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ 8 സ്റ്റാന്റിങ് കമ്മിറ്റികളുമാണുള്ളത്.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പ് നടത്തുന്നതിന് അതാത് സ്ഥാപനത്തിലെ വരണാധികാരികളെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തുകളിലെയും കോർപ്പറേഷനുകളിലെയും സ്റ്റാന്റിങ് കമ്മറ്റി അംഗങ്ങളുടെയും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പിനുള്ള വരണാധികാരിയുടെ ചുമതല എഡിഎമ്മിനാണ്.  മുനിസിപ്പാലിറ്റികളിലെ തിരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും കമ്മീഷൻ  നിശ്ചയിച്ചിട്ടുണ്ട്.

സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലാണ് നടക്കുക. യോഗ സ്ഥലം, തീയതി, സമയം എന്നിവ ഉൾപ്പെട്ട നോട്ടീസ് എല്ലാ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും യോഗതീയതിക്ക് 5 ദിവസം മുൻപ് ബന്ധപ്പെട്ട വരണാധികാരി നൽകും. നാമനിർദ്ദേശം വരണാധികാരിക്ക് സമർപ്പിക്കേണ്ട അവസാനതീയതിയും സമയവും നോട്ടീസിലുണ്ടാകും. ചെയർമാൻമാരെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ നോട്ടീസ് ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും യോഗതീയതിക്ക് 2 ദിവസം മുൻപാണ് നൽകുക.

സ്റ്റാന്റിങ് കമ്മിറ്റി അംഗ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിക്ക് സ്വയം നാമനിർദ്ദേശം സമർപ്പിക്കാം. നാമനിർദ്ദേശത്തെ മറ്റൊരു അംഗം നിർദ്ദേശിക്കേണ്ടതോ പിന്താങ്ങേണ്ടതോ ഇല്ല. നാമനിർദ്ദേശപത്രികയ്ക്ക് പ്രത്യേക ഫോറങ്ങളും  നിർണ്ണയിച്ചിട്ടില്ല.