Kerala
കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജ്; മുസ്്ലിം ലീഗില്‍ അഭിപ്രായ ഭിന്നത
നടപടിയെ ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടി വിമര്‍ശനവുമായി സാദിക്കലി തങ്ങള്‍
മലപ്പുറം | കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുസ്്‌ലിംകളുടെ താമസ കേന്ദ്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തി കുടിയൊഴിപ്പിച്ച സംഭവത്തില്‍ കേരളത്തില്‍ മുസ്്‌ലിം ലീഗില്‍ ഭിന്നത. കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജിനെ മുസ്്‌ലിം ലീഗ് അഖിലേന്ത്യാ ജന. സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ന്യായീകരിച്ചപ്പോള്‍ നടപടിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ രംഗത്തുവന്നു.
കര്‍ണാടകയില്‍ സംഭവിച്ചത് നടക്കാന്‍ പാടില്ലാത്ത കാര്യമാണെന്ന് സാദിക്കലി തങ്ങള്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഭൂമിയാണെന്നത് ശരിയാണെങ്കിലും ജനങ്ങളെ കൂടി കണക്കിലെടുത്തുള്ള നടപടിയായിരുന്നു വേണ്ടിയിരുന്നത്. വിവാദത്തിന് പിന്നാലെ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ബുള്‍ഡോസര്‍ രാജിനെ ന്യായീകരിച്ച പി കെ കുഞ്ഞാലിക്കുട്ടി യു പിയിലെ ബുള്‍ഡോസര്‍ രാജ് മോഡല്‍ അല്ല കര്‍ണാടകയില്‍ നടന്നത് എന്നാണു പറഞ്ഞത്. കൃത്യം ചെയ്തത് കോണ്‍ഗ്രസ് എന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്നവര്‍ ചീപ്പ് പരിപാടിയാണ് ചെയ്യുന്നത്. കര്‍ണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണലാണ് പിണറായി വിജയന്‍ ചെയ്യേണ്ടിയിരുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
വീട് നഷ്ടമായവരില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളുമുണ്ട്. അവര്‍ക്ക് പുനരധിവാസം നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുതിര്‍ന്ന നേതാവ് കുഞ്ഞാലിക്കുട്ടി കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജിനെ ന്യായീകരിച്ചപ്പോള്‍ ലീഗിനെ പിന്തുണക്കുന്ന ഇ കെ വിഭാഗം ബുള്‍ഡോസര്‍ കുടിയൊഴിപ്പിക്കല്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കര്‍ണാടകയിലേത് വികസനത്തിന്റെ പേരില്‍ നിര്‍ധനരായ മനുഷ്യരുടെ കിടപ്പാടം ഇല്ലാതാക്കുന്ന നടപടിയെന്ന് ഇ കെ വിഭാഗം അഭിപ്രായപ്പെട്ടു.


