Connect with us

National

അന്തർവാഹിനിയിൽ യാത്ര ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു

സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ ദ്രൗപതി മുർമു അന്തർവാഹിനിയിൽ യാത്ര ചെയ്യുന്ന രണ്ടാമത്തെ രാഷ്ട്രപതിയായി മാറി

Published

|

Last Updated

കാർവാർ | ഇന്ത്യൻ നാവികസേനയുടെ കരുത്തായ ഐ എൻ എസ് വാഗ്ഷീറിൽ കടൽയാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. കർണാടകയിലെ കാർവാർ നാവിക താവളത്തിൽ നിന്നാണ് കൽവാരി ക്ലാസ് അന്തർവാഹിനിയിൽ രാഷ്ട്രപതി യാത്ര നടത്തിയത്. ഇതോടെ സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ ദ്രൗപതി മുർമു അന്തർവാഹിനിയിൽ യാത്ര ചെയ്യുന്ന രണ്ടാമത്തെ രാഷ്ട്രപതിയായി മാറി. നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠിയും യാത്രയിൽ രാഷ്ട്രപതിയെ അനുഗമിച്ചു.

2006-ൽ വിശാഖപട്ടണത്ത് വെച്ച് എ പി ജെ അബ്ദുൾ കലാം അന്തർവാഹിനിയിൽ യാത്ര ചെയ്തതാണ് ഇതിന് മുൻപുള്ള ചരിത്രം. നാവികസേനയുടെ പ്രവർത്തനങ്ങളും സമുദ്ര സുരക്ഷയിൽ അന്തർവാഹിനികൾ വഹിക്കുന്ന പങ്കും രാഷ്ട്രപതി നേരിട്ട് വിലയിരുത്തി. കാർവാറിലെത്തിയ രാഷ്ട്രപതിയെ കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് സ്വീകരിച്ചു.

ഗോവ, കർണാടക, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നടത്തുന്ന നാല് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് രാഷ്ട്രപതി കാർവാറിലെത്തിയത്. നേരത്തെ റഫാൽ, സുഖോയ് യുദ്ധവിമാനങ്ങളിലും രാഷ്ട്രപതി ആകാശയാത്ര നടത്തിയിരുന്നു. ഐ എൻ എസ് വാഗ്ഷീറിലെ ജീവനക്കാരുമായി ആശയവിനിമയം നടത്തിയ രാഷ്ട്രപതി അവരുടെ സേവനത്തെ പ്രശംസിക്കുകയും ചെയ്തു.