International
ഓപ്പറേഷൻ സിന്ദൂറിനിടെ ബങ്കറിലേക്ക് മാറാൻ നിർദേശം ലഭിച്ചെന്ന് വെളിപ്പെടുത്തി പാക് പ്രസിഡന്റ് സർദാരി
യുദ്ധം തുടങ്ങിയെന്നും ബങ്കറിലേക്ക് മാറണമെന്നും സൈനിക സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും രക്തസാക്ഷിത്വം വരിക്കുകയാണെങ്കിൽ അത് ഇവിടെ വെച്ചാകട്ടെ എന്ന് താൻ മറുപടി നൽകിയതായി ആസിഫ് അലി സർദാരി
ഇസ്‌ലാമാബാദ് | കഴിഞ്ഞ മേയ് മാസത്തിൽ പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ ബങ്കറിലേക്ക് മാറാനുള്ള സൈനിക സെക്രട്ടറിയുടെ നിർദേശം താൻ നിരസിച്ചതായി പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. ശനിയാഴ്ച നടന്ന ഒരു പൊതുപരിപാടിയിലാണ് സർദാരി ഇക്കാര്യം വെളിപ്പെടുത്തിയത്. യുദ്ധം തുടങ്ങിയെന്നും ബങ്കറിലേക്ക് മാറണമെന്നും സൈനിക സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും രക്തസാക്ഷിത്വം വരിക്കുകയാണെങ്കിൽ അത് ഇവിടെ വെച്ചാകട്ടെ എന്ന് താൻ മറുപടി നൽകിയതായി അദ്ദേഹം പറഞ്ഞു. നേതാക്കൾ ബങ്കറിലല്ല, യുദ്ധക്കളത്തിലാണ് മരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 26-ന് ഭീകരർ 26 വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്തതിന് പ്രതികാരമായാണ് 2025 മേയ് 7-ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. യുദ്ധത്തെക്കുറിച്ച് നാല് ദിവസം മുമ്പ് തന്നെ തനിക്ക് അറിവുണ്ടായിരുന്നുവെന്നും സർദാരി അവകാശപ്പെട്ടു.
എന്നാൽ സർദാരിയുടെ വാദങ്ങളെ തള്ളി വിരമിച്ച ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ രംഗത്തെത്തി. ആസിം മുനീർ അടക്കമുള്ള പാക് രാഷ്ട്രീയ-സൈനിക നേതൃത്വം മുഴുവൻ ഇന്ത്യ ആക്രമിച്ചപ്പോൾ ബങ്കറുകളിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് ലഫ്റ്റനന്റ് ജനറൽ കെ ജെ എസ് ധില്ലൻ പറഞ്ഞു. സൈനികർ മാത്രം പുറത്ത് പോരാടി മരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തെക്കുറിച്ച് മുൻകൂട്ടി അറിയാമായിരുന്നു എന്ന സർദാരിയുടെ വാദം കള്ളമാണെന്നും, അറിവുണ്ടായിരുന്നെങ്കിൽ ഒൻപത് ലക്ഷ്യസ്ഥാനങ്ങളിൽ മിസൈലുകൾ പതിക്കുന്നത് തടയാൻ പാകിസ്താന് കഴിയുമായിരുന്നുവെന്നും അദ്ദേഹം എ എൻ ഐ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ കരസേനയും വ്യോമസേനയും നടത്തിയ ആക്രമണത്തിൽ ഒൻപത് ഭീകര ക്യാമ്പുകൾ തകർക്കുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയായി ഇന്ത്യൻ നഗരങ്ങൾക്ക് നേരെ പാകിസ്താൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ പരാജയപ്പെട്ടു. ഒടുവിൽ കനത്ത നാശനഷ്ടങ്ങൾ സഹിക്കവയ്യാതെ പാക് കമാൻഡർമാർ വെടിനിർത്തലിന് അഭ്യർത്ഥിക്കുകയായിരുന്നു. മേയ് 10-നാണ് സംഘർഷം അവസാനിച്ചത്.


