Connect with us

Uae

ഇനി വ്രതശുദ്ധിയുടെ നാളുകള്‍; യു എ ഇയില്‍ ഇന്ന് വിശുദ്ധ റമസാന്‍ വ്രതാരംഭം

ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍.

Published

|

Last Updated

അബൂദബി | യു എ ഇയില്‍ വിശുദ്ധ റമസാന്‍ മാസത്തിന് ഇന്ന് (ഫെബ്രുവരി 18, ബുധനാഴ്ച) തുടക്കം. മാസപ്പിറവി നിരീക്ഷണ സമിതി ചന്ദ്രദര്‍ശനം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യു എ ഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടാണ് പ്രഖ്യാപനം നടത്തിയത്. ആത്മപരിശോധനയുടെയും ഔദാര്യത്തിന്റെയും മാസത്തേക്ക് വലിയ ആവേശത്തോടെയും തയ്യാറെടുപ്പോടെയുമാണ് വിശ്വാസികള്‍ പ്രവേശിക്കുന്നത്.

ഇസ്‌ലാമിക കലണ്ടറിലെ ഒമ്പതാമത്തെ മാസമായ റമസാന്‍, ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ക്ക് ഏറ്റവും പവിത്രമായ മാസമാണ്. പ്രവാചകന്‍ മുഹമ്മദ് നബിക്ക് (സ) വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ട മാസമാണിത്. റമസാനിലെ അവസാന പത്ത് ദിനങ്ങളിലെ അതിപ്രധാനമായ ‘ലൈലത്തുല്‍ ഖദ്ര്‍’ അഥവാ നിര്‍ണയ രാത്രിയുടെ സ്മരണകളും വ്രതശുദ്ധിയുടെ നാളുകളെ ധന്യമാക്കുന്നു.

പുണ്യമാസത്തെ സ്വീകരിക്കാന്‍ യു എ ഇയിലെ പള്ളികള്‍ സജ്ജമായിട്ടുണ്ട്. ഇന്നലെ പ്രഥമ തറാവീഹ് നിസ്‌കാരത്തിന് രാജ്യമാസകലമുള്ള പള്ളികളില്‍ ആയിരങ്ങളാണ് എത്തിയത്. വിപണികളും പൂര്‍ണ സജ്ജമാണ്. രാജ്യത്തെ പ്രവൃത്തി സമയത്തിലും ഇന്ന് മുതല്‍ മാറ്റങ്ങള്‍ നിലവില്‍ വരും.

യു എ ഇ നേതാക്കള്‍
വിശുദ്ധ മാസത്തിനെ വരവേറ്റ് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാന്‍ രാജ്യത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്കും ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്നു. ‘റമസാന്‍ ആത്മപരിശോധനയുടെയും ഔദാര്യത്തിന്റെയും സമയമാണ്. കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും ഇടയിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കാനുള്ള അവസരമാണിത്.’ അദ്ദേഹം തന്റെ സന്ദേശത്തില്‍ കുറിച്ചു.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും രാജ്യത്തിന് റമസാന്‍ ആശംസകള്‍ നേര്‍ന്നു. ‘പുണ്യങ്ങളുടെയും ദാനധര്‍മങ്ങളുടെയും ഈ കാലം കുടുംബ ബന്ധങ്ങള്‍ ശക്തമാക്കാനും ആത്മവിശുദ്ധി കൈവരിക്കാനും സഹായിക്കട്ടെ’ എന്ന് അദ്ദേഹം ആശംസിച്ചു. നന്മയും കാരുണ്യവും നിറഞ്ഞ ഒരു റമസാന്‍ മാസമാകട്ടെ ഇതെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കാന്തപുരം ഉസ്താദ്
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും റമസാന്‍ സന്ദേശം കൈമാറി. സ്വന്തം ജീവിതം നവീകരിക്കാനും സമൂഹത്തിന്റെ സമാധാനവും സ്വസ്ഥതയും ക്ഷേമവും ഉറപ്പുവരുത്താനുമുള്ള ആത്മീയ-ധാര്‍മിക ചിട്ടകളാണ് നോമ്പുകാലത്ത് പരിശീലിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ധാര്‍മികമൂല്യങ്ങള്‍ പിന്തുടര്‍ന്നെങ്കിലേ സമാധാന സാമൂഹികാന്തരീക്ഷവും സഹജീവി സ്‌നേഹവും സഹായമനസ്‌കതയും രൂപപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

 

Latest