Connect with us

Kerala

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുത്; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കേണ്ടെന്നാണ് നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം|വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സീല്‍ ചെയ്യാത്ത മുറികളും തുറക്കേണ്ടതില്ലെന്നാണ് നിര്‍ദേശം. പേരാമ്പ്ര, നെന്മാറ മണ്ഡലങ്ങളിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. ജില്ലകളിലെ മുഖ്യ വരണാധികാരികളായ ജില്ലാ കലക്ടര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ്ങ് മെഷീനുകള്‍ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്ററിലെ മെറ്റീരിയല്‍ റൂം ഇന്നലെ തുറന്നത് വിവാദമായിരുന്നു. ജെഡിടിയിലെ സ്‌ട്രോങ് റൂം തുറന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫിസര്‍ വിശദീകരിച്ചിരുന്നു. ഇവിഎമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ച സ്‌ട്രോംഗ് റൂം തുറന്നിട്ടില്ല. ഏപ്രില്‍ 20ന് രാവിലെ 11.15ന് തുറന്നത് സീല്‍ ചെയ്യാത്ത മുറിയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

നെന്മാറ നിയോജകമണ്ഡലത്തിന്റെ സ്‌ട്രോങ്ങ് റൂം തുറക്കാന്‍ തീരുമാനിച്ചതും വിവാദമായി. പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചത് എടുക്കാന്‍ വേണ്ടിയാണ് ഇവിഎമ്മുകള്‍ അടക്കം സൂക്ഷിച്ചിരിക്കുന്ന പാലക്കാട് വിക്ടോറിയ കോളജിലെ സ്‌ട്രോങ്ങ് റൂം തുറക്കാന്‍ തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥികളെ ഫോണ്‍ വിളിച്ചാണ് സ്ട്രോങ്ങ് റൂം തുറക്കുമെന്ന് കമ്മീഷന്‍ അറിയിച്ചതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എ തങ്കപ്പന്‍ പറഞ്ഞു. എന്നാല്‍ തുറക്കാന്‍ തീരുമാനിച്ചത് സ്ട്രോങ്ങ് റൂം അല്ല, മെറ്റീരിയല്‍ റൂമാണെന്നും ഫോം 17 എ എടുക്കാനാണ് മെറ്റീരിയല്‍ റൂം തുറക്കാന്‍ തീരുമാനിച്ചതെന്നും പാലക്കാട് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ റൂമും തുറക്കേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.

 

Latest