Kerala
കുമ്പളയില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ മറ്റൊരു കുടുംബത്തിന് കൈമാറി; കുഞ്ഞിനെ കണ്ടെടുത്ത് പോലീസ്
സംഭവത്തില്‍ പിതാവിനെ പോലീസ് പിടികൂടി.
കാസര്‍കോട്|കുമ്പളയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മറ്റൊരു കുടുംബത്തിന് കൈമാറിയ സംഭവത്തില്‍ പിതാവിനെ പോലീസ് പിടികൂടി. കുഞ്ഞിനെ പോലീസ് കണ്ടെത്തി ശിശുക്ഷേമസമിതിക്ക് കൈമാറി. മംഗളുരുവിലെ ആശുപത്രിയില്‍ വെച്ചാണ് യുവതി പ്രസവിച്ചത്. പിന്നീട് യുവതിയുടെ വീട്ടില്‍ ആരോഗ്യപ്രവര്‍ത്തകയെത്തിയപ്പോഴാണ് കുട്ടി അവിടെയില്ലെന്ന് അറിയുന്നത്. ആരോഗ്യപ്രവര്‍ത്തക കുഞ്ഞിനെ അന്വേഷിച്ചപ്പോള്‍ ആദ്യം മരിച്ചുവെന്നായിരുന്നു മാതാവിന്റെ മറുപടി. സംശയം തോന്നിയ ആരോഗ്യപ്രവര്‍ത്തക ദിവസങ്ങള്‍ക്കുശേഷം വീണ്ടും അന്വേഷിച്ചു. അപ്പോഴേക്കും ഇവര്‍ അവിടെ നിന്ന് താമസം മാറി. ദിവസങ്ങള്‍ക്കുമുന്‍പ് യുവതി വീണ്ടും തിരിച്ചെത്തിയെന്ന് വിവരം കിട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യപ്രവര്‍ത്തക വീണ്ടും അന്വേഷിച്ചെത്തി.
യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയപ്പോള്‍ ആരോഗ്യപ്രവര്‍ത്തക കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചു. ഒരാളോട് പണം പലിശയ്ക്കായി വാങ്ങിയിരുന്നു. അവര്‍ക്ക് കുഞ്ഞിനെ നല്‍കിയെന്നുമായിരുന്നു യുവതി ആരോഗ്യപ്രവര്‍ത്തകയോട് പറഞ്ഞത്. പിന്നീട് യുവതി അതും മാറ്റിപ്പറഞ്ഞു. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തക നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമ്പള പഞ്ചായത്ത് അധികൃതരും സാമൂഹികാരോഗ്യകേന്ദ്രം അധികൃതരും പോലീസിലും ശിശുക്ഷേമസമിതിയിലും വിവരം അറിയിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ നീര്‍ച്ചാലിലെ ഒരു വീട്ടില്‍നിന്ന് കുഞ്ഞിനെ കണ്ടെത്തി. കുഞ്ഞിനെ പണത്തിനായി വിറ്റതല്ലെന്നും പോറ്റാനായി ഏല്‍പിച്ചതാണെന്നുമാണ് നീര്‍ച്ചാലിലെ സ്ത്രീ പറഞ്ഞത്. ആദ്യ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഭാര്യയും മക്കളുമുള്ള ഒരാളെ കുഞ്ഞിന്റെ മാതാവ് വിവാഹം കഴിച്ചു. ഈ ബന്ധത്തിലുണ്ടായതാണ് കുഞ്ഞെന്നാണ് ലഭിക്കുന്ന വിവരം.





